|

കടുവാക്കുന്നേല്‍ കുറുവാച്ചന്‍ വരവറിയിച്ചു: പൃഥ്വിരാജ് ചിത്രം കടുവയുടെ റിലീസ് തീയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളുകള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തുന്ന ചിത്രത്തില്‍ വിവേക് ഒബ്‌റോയാണ് വില്ലനായ ഡി.ഐ.ജിയായി എത്തുന്നത്. ചിത്രത്തിന്റെ ടീസര്‍ നേരത്തെ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ ചിത്രം റിലീസ് ചെയ്യുന്ന തീയതി പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ജൂണ്‍ 30 നാണ് ചിത്രം തീയറ്ററുകളില്‍ റിലീസ് ചെയ്യുക.
റിലീസ് തീയതി ഉള്‍പ്പെട്ട പോസ്റ്റര്‍ പൃഥ്വിരാജിന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പുറത്ത് വിട്ടിരിക്കുന്നത്.

ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം.

നിരവധി പ്രതിസന്ധികള്‍ മറികടന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്.

ഹൈക്കോടതി സ്റ്റേ ഉള്‍പ്പെടെ നിരവധി തടസങ്ങളാണ് ചിത്രീകരണത്തിനിടയില്‍ നേരിടേണ്ടി വന്നത്. ചിത്രം തനിക്ക് മാനസിക വിഷമം ഉണ്ടാക്കുമെന്ന് ചൂണ്ടിക്കാണിച്ച് ‘കുരുവിനാല്‍കുന്നില്‍ കുറുവച്ചന്‍’ നല്‍കിയ ഹര്‍ജിയില്‍ ചിത്രീകരണം ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇദ്ദേഹത്തിന്റെ ജീവിതത്തില്‍ നടന്ന സംഭവങ്ങളെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ എഴുതിയിരിക്കുന്നത്.

പിന്നീട് കടുവയുടെ ഷൂട്ടിംഗ് സെറ്റില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍ക്ക് മോശം ഭക്ഷണം നല്‍കിയെന്ന പരാതിയും ഉയര്‍ന്നിരുന്നു.

സുജിത് വാസുദേവാണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍.
സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Content Highlights : Prithviraj movie Kaduva Release Date Announced