|

ബേസില്‍ അസ്സലായി പാടുമെന്ന് പൃഥ്വിരാജ്, എട്ടിന്റെ പണി തിരിച്ചുകൊടുത്ത് ബേസില്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഗുരുവായൂരമ്പല നടയില്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ച് കഴിഞ്ഞ ദിവസം ദുബായില്‍ വെച്ച് നടന്നു. സിനിമയുടെ അണിയറപ്രവര്‍ത്തകരും, താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. ട്രെയ്‌ലര്‍ ലോഞ്ചിന് ശേഷം ബേസില്‍ ഈ സിനിമയില്‍ പുതിയ കുറേ നമ്പര്‍ കൈയില്‍ നിന്ന് ഇട്ടെന്നും പൃഥ്വി പറഞ്ഞു. താന്‍ മുമ്പ് ചെയ്ത അന്യഭാഷാ സിനിമകളിലെ നായകന്മാരായ പ്രഭാസ്, അക്ഷയ് കുമാര്‍ എന്നിവരെക്കാള്‍ മേലെ ബേസില്‍ പെര്‍ഫോം ചെയ്‌തെന്നും താരം കൂട്ടിച്ചേര്‍ത്തു.

ബേസില്‍ അസ്സലായി പാടുമെന്നും പറഞ്ഞ് മൈക്ക് കൈമാറിയ ശേഷം പൃഥ്വിരാജിന് ബേസില്‍ എട്ടിന്റെ പണി തന്നെ തിരിച്ചു കൊടുക്കുന്നതാണ് കണ്ടത്. പൃഥ്വി പല വേദികളിലും സ്വയം കളിയാക്കി പാടാറുള്ള പുതിയ മുഖം സിനിമയിലെ പാട്ട് പാടിക്കൊണ്ടായിരുന്നു ബേസില്‍ മറുപടി കൊടുത്തത്. സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

‘ഈ സിനിമയില്‍ എന്നെക്കാള്‍ മികച്ച പെര്‍ഫോമന്‍സ് ചെയ്തത് ബേസിലാണ്. പ്രഭാസ്, അക്ഷയ്കുമാര്‍ എന്നിവരുടെയൊക്കെ കൂടെ വര്‍ക്ക് ചെയ്തിട്ടുണ്ടെങ്കിലും അവരെക്കാള്‍ മുകളില്‍ ബേസിലിന്റെ പെര്‍ഫോമന്‍സ് വന്നുവെന്ന് തോന്നി. രണ്‍വീര്‍ സിങ്ങിന്റെ അടുത്തേക്ക് പോകുമ്പോള്‍ ഇവന് ഇതൊക്കെ ഉപകാരപ്പെടും.

അത് മാത്രമല്ല, ഈ സിനിമയില്‍ ബേസില്‍ കൈയില്‍ നിന്ന് കുറെ സംഭവങ്ങള്‍ ഇട്ടിട്ടുണ്ട്. എല്ലാവരും അന്തംവിട്ടുപോയി അതൊക്കെ കണ്ടിട്ട്. ആര്‍ക്കും അറിയാത്ത വേറൊരു കാര്യമുണ്ട്. ബേസില്‍ നന്നായി പാടും. ഒരുപാട് കഴിവുള്ള ഒരാളാണ് ബേസില്‍. ഇനി ബേസില്‍ പാടും,’ പൃഥ്വി പറഞ്ഞു.

പൃഥ്വിയുടെ കൈയില്‍ നിന്ന് മൈക്ക് വാങ്ങിയ ബേസില്‍ കുറച്ചുനേരം നിശബ്ദനായി നിന്ന ശേഷമാണ് പുതിയ മുഖം എന്ന പാട്ട് പാടിയത്. വേദിയിലുണ്ടായിരുന്നവരും പരിപാടി കാണാന്‍ വന്നവരും ഇത് കേട്ട് ചിരിക്കുന്നതും വീഡിയോയിലുണ്ട്.

Content Highlight: Prithviraj mocked Basil Joseph in Trailer launch of Guruvayoor Ambalanadyail movie

Latest Stories