കൊച്ചി: രാജ്യാന്തര ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ സോണി പിക്ച്ചേഴ്സ് മലയാളത്തിലെ പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി മലയാള സിനിമ നിര്‍മ്മിക്കാന്‍ കൈകോര്‍ക്കുന്നു. നടന് പൃഥ്വിരാജിന്റെയും ഭാര്യ സുപ്രിയയുടെയും നിര്‍മ്മാണക്കമ്പനിയാണ് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്.
സോണി പിക്ച്ചേഴ്സ് ഇന്ത്യയുടെ എം.ഡി വിവേക് കൃഷ്നാനിയുമായി പൃഥ്വിരാജ് കഴിഞ്ഞ ദിവസം കൂടിക്കാഴ്ച്ച നടത്തിയിരുന്നു. വിനോദത്തിനൊപ്പം പതിവു രീതിയില്‍ നിന്ന് വ്യത്യസ്തമായ സിനിമകള്‍ ചെയ്യാന്‍ പറ്റിയ ഇന്‍ഡസ്ട്രിയാണ് മലയാളം എന്ന് അദ്ദേഹത്തോട് പറഞ്ഞതായി പൃഥ്വിരാജ് പറയുന്നു. നല്ലൊരു തിരക്കഥയുണ്ടെങ്കില്‍ ആലോചിക്കാം എന്ന് വിവേക് മറുപടി പറയുകയും ചെയ്തു.
തന്റെ കയ്യില്‍ അങ്ങനെ ഒരു തിരക്കഥ ഉണ്ടായിരുന്നതായും മുംബൈയിലെത്തി സിനിമയെക്കുറിച്ച് വിവരിച്ച് രണ്ട് കമ്പനികളും തമ്മില്‍ പാര്‍ട്ണര്‍ഷിപ്പില്‍ ഒപ്പുവച്ചെന്നും പൃഥ്വി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സ്പൈഡര്മാന്, 2012, ജുമാന്‍ജി തുടങ്ങിയ വലിയ ചിത്രങ്ങള്‍ ചെയ്തവരാണവര്‍. അടുത്തിടെ പാട്മാനും നിര്‍മ്മിച്ചു. ഈ ഒത്തു ചേരല്‍ മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ വലിയ മാറ്റമുണ്ടാക്കും. – പൃഥ്വിരാജ് കുറിച്ചു.
ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് തന്റെ പുതിയ പ്രൊഡക്ഷന്‍ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് താരം അനൗണ്‍സ് ചെയ്തത്. ഭാര്യ സുപ്രിയ മേനോനും സംരഭത്തില്‍ പങ്കാളിയാണ്. സന്തോഷ് ശിവന്, തമിഴ് നടന് ആര്യ, നിര്‍മ്മാതാവ് ഷാജി നടേശന് എന്നിവര്‍ക്കൊപ്പം തുടങ്ങിയ ആഗസ്ത് സിനിമാസ് ഉപേക്ഷിച്ചാണ് പൃഥ്വി സ്വന്തം നിര്‍മ്മാണ കമ്പനി തുടങ്ങിയത്.