| Thursday, 22nd December 2022, 10:42 pm

അന്ന് ഏറ്റവും പ്രായം കുറഞ്ഞ, എന്നാല്‍ ഏറ്റവും എക്‌സ്പീരിയന്‍സ് ഉള്ള നടന്‍ ഞാനാണ്; അഭിനയിക്കുന്ന സിനിമകളില്‍ പോലും അന്തിമ തീരുമാനമെടുക്കുമ്പോള്‍ എന്നോട് ചോദിക്കും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാ ജീവിതത്തിലെ രണ്ട് ഘട്ടങ്ങളെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. മലയാള സിനിമയിലേക്ക് മാറ്റങ്ങള്‍ വന്ന സമയത്ത് അഭിനയിച്ചുകൊണ്ടിരുന്ന നടന്മാരുടെ തലമുറയില്‍ പെട്ട ആളാണ് താനെന്ന് പൃഥ്വിരാജ് പറയുന്നു. പണ്ട് കഥ ഇഷ്ടപ്പെട്ടില്ലെങ്കില്‍ പോലും വലിയ സംവിധായകനോ നിര്‍മാതാവോ ആണെങ്കില്‍ ആ സിനിമ ചെയ്യേണ്ടി വരുമെന്നും എന്നാല്‍ ഇന്ന് പുതുമുഖ താരത്തിന് പോലും എത്ര വലിയ സംവിധായകനാണെങ്കിലും സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ലെങ്കില്‍ വേണ്ടെന്ന് വെക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘മലയാള സിനിമയുടെ ഒരു ഘട്ടത്തില്‍, ഒരു പ്രത്യേക രീതിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന സമയത്ത് അവസാനമായി സിനിമയിലെത്തിയ നടന്‍ ഞാനാണെന്ന് തോന്നുന്നു. അന്ന് ഒരു ഷോട്ടെടുത്ത് ഓക്കെ പറഞ്ഞ് കഴിഞ്ഞാല്‍ പിന്നെ നമുക്ക് ആ സീന്‍ കാണാന്‍ കഴിയുക എഡിറ്റിങ് ഒക്കെ കഴിഞ്ഞ് ഡബ്ബ് ചെയ്യുമ്പോഴായിരിക്കും. ഇന്നത്തെ പോലെ ടേക്ക് കഴിഞ്ഞയുടന്‍ കണ്ടിട്ട് ഒന്നുകൂടി ചെയ്യണം എന്ന് പറയാനുള്ള സ്വാതന്ത്ര്യം അന്നില്ല. അങ്ങനെ ഒരുപാട് കാര്യങ്ങളുണ്ട്. ആ ജനറേഷനില്‍ അവസാനം വന്ന ആളാണ് ഞാന്‍. ഈ സമയം സിനിമയില്‍ മാറ്റം വന്നപ്പോള്‍, അതിന്റെ തുടക്കത്തിലും അഭിനയിക്കുന്നവരില്‍ ഒരാളാണ് ഞാന്‍.

ഞാന്‍ സിനമയിലേക്ക് വന്ന കാലത്ത്, എന്നെ പോലെയുള്ള പുതിയ നടന്മാര്‍ക്ക് പുതിയ സിനിമകള്‍ വരുമ്പോള്‍ കഥക്കോ തിരക്കഥക്കോ അല്ല മുന്‍ഗണന. ആരാണ് സംവിധായകന്‍ ആരാണ് നിര്‍മാതാവ് എന്നുള്ളതിനാണ്. വലിയ സംവിധായകനോ വലിയ നിര്‍മാണക്കമ്പനിയോ ആണെങ്കില്‍ നമ്മുടെ ഗുരുക്കന്മാര്‍ നമ്മളോട് പറയുന്നത് അത് നോക്കണ്ട ആ സംവിധായകന്റെ സിനിമ ചെയ്യൂ, അല്ലെങ്കില്‍ ആ പ്രൊഡക്ഷന്‍ കമ്പനിയുടെ സിനിമ ചെയ്യൂ എന്നാണ്.

കാരണം അവര്‍ നമ്മളെ വെച്ചൊരു സിനിമ ചെയ്യുകയാണെങ്കില്‍ അതൊരു വലിയ കാര്യമാണ്. നമ്മള്‍ അംഗീകരിക്കപ്പെട്ട നടനായി എന്നൊരു ധാരണ ഇന്‍ഡസ്ട്രിയില്‍ വരും. ഇന്ന് അങ്ങനെയല്ല. എത്ര വലിയ സംവിധായകനോ നിര്‍മാണ കമ്പനിയോ ആണെങ്കിലും ഒരു പുതുമുഖ നടന് പോലും സ്‌ക്രിപ്റ്റ് ഇഷ്ടപ്പെട്ടില്ല എന്ന് പറയുന്നതില്‍ ഒരു തെറ്റുമില്ല. അതുകൊണ്ടുതന്നെ എന്റെ കരിയറിന്റെ രണ്ടാം പകുതി എന്റ കയ്യില്‍ തന്നെയായിരുന്നു.

എനിക്കൊരു 30 വയസായപ്പോഴേക്കും ഞാന്‍ കടന്നുചെല്ലുന്ന പല സിനമ സെറ്റുകളിലെയും ഏറ്റവും പ്രായം കുറഞ്ഞ, എന്നാല്‍ ഏറ്റവും എക്‌സ്പീരിയന്‍സ് ഉള്ള ആള്‍ ഞാനായിരുന്നു. അത് ഞാന്‍ എന്‍ജോയ് ചെയ്തിരുന്നു.

ഇപ്പോള്‍ ഞാന്‍ പ്രൊഡ്യൂസ് ചെയ്യുന്ന, സംവിധാനം ചെയ്യുന്ന, വിതരണം ചെയ്യുന്ന സിനിമകളിലും, ഞാന്‍ അഭിനയിക്കുന്ന സിനിമകളില്‍ പോലും ഒരു ഡിസിഷന്‍ മേക്കിങ്ങിന്റെ പോയിന്റ് വരുമ്പോള്‍ ഫൈനല്‍ ഒപ്പീനിയന്‍ എന്നോടാണ് ചോദിക്കുന്നത്. ആ ഉത്തരവാദിത്തം ഞാന്‍ എന്‍ജോയ് ചെയ്യുന്ന ആളാണ്. അതിലെനിക്ക് തെറ്റുകളും സംഭവിച്ചിട്ടുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj is talking about two phases in his film career

We use cookies to give you the best possible experience. Learn more