മലയാള സിനിമകളുടെ തെരഞ്ഞെടുപ്പുകളില്‍ വിമര്‍ശനം കേള്‍ക്കാറുണ്ടെങ്കിലും മലയാളത്തിലെ പല താരങ്ങളുടേയും അന്യഭാഷ തെരഞ്ഞെടുപ്പുകള്‍ക്ക് വലിയ പ്രശംസ ലഭിക്കാറുണ്ട്. അതുപോലെ അന്യഭാഷ സിനിമാ തെരഞ്ഞെടുപ്പുകളുടേയും ആ കഥാപാത്രങ്ങളുടെ പേരിലും പ്രശംസ ഏറ്റുവാങ്ങാറുള്ള താരമാണ് പൃഥ്വിരാജ്. അടുത്തിടെ പ്രഭാസ് ചിത്രം സലാറിലെ കഥാപാത്രത്തിന്റെ പേരിലും താരം പ്രശംസ ഏറ്റുവാങ്ങിയിരുന്നു.
അന്യഭാഷ ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിനെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. മലയാള സിനിമകളാണ് താന്‍ എപ്പോഴും ചെയ്യാറുള്ളതെന്നും വല്ലപ്പോഴുമാണ് അന്യഭാഷ ചിത്രങ്ങള്‍ ചെയ്യുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു. അത്രയും മികച്ച കഥാപാത്രങ്ങള്‍ വന്നാലേ താന്‍ അന്യഭാഷയില്‍ ചിത്രങ്ങള്‍ ചെയ്യൂ എന്നും പൃഥ്വിരാജ് ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
”ഞാന്‍ ഒരു മലയാള നടനാണെന്ന് എനിക്കറിയാം. അതായിരിക്കും എപ്പോഴും എന്റെ ഹോം ഇന്‍ഡസ്ട്രി. മലയാള സിനിമയാണ് ഞാന്‍ ചെയ്യുന്നത്. ബാക്കിയെല്ലാം വല്ലപ്പോഴും ചെയ്യുന്നതാണ്. അതുകൊണ്ട് തന്നെ അങ്ങനെ ചെയ്യുന്ന അന്യഭാഷ ചിത്രങ്ങള്‍ അത്ര മികച്ചതായിരിക്കണം. നടനെന്ന നിലയില്‍ എന്നെ എക്‌സൈറ്റ് ചെയ്യിക്കണം. എല്ലായ്‌പ്പോഴും എനിക്ക് കിട്ടുന്ന തരത്തിലുള്ള ഒരു അവസരമാവരുത് അത്. അതുകൊണ്ടാണ് എന്റെ അന്യഭാഷ സിനിമയുടെ തെരഞ്ഞെടുപ്പുകള്‍ അത്രയും മികച്ചതും വ്യത്യസ്തവുമായി ആളുകള്‍ക്ക് തോന്നുന്നത്. അതല്ലാതെ അതില്‍ വേറെ പ്രോസസ് ഒന്നുമില്ല.
2014ല്‍ ഞാന്‍ ചെയ്ത സിനിമയാണ് കാവ്യതലൈവന്‍. ആ സിനിമയിലെ പ്രകടനത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എനിക്ക് ലഭിച്ചു. അതിന് ശേഷം ഞാന്‍ ഒരു തമിഴ് സിനിമയും ചെയ്തിട്ടില്ല. അതിനര്‍ത്ഥം ഞാന്‍ പിന്നീട് തമിഴില്‍ നിന്നുമുള്ള ഒരു തിരക്കഥയും കേട്ടിട്ടില്ല എന്നല്ല.
ഒരുപാട് കഥകള്‍ കേട്ടിരുന്നു. മലയാള സിനിമക്ക് ഒരു ഒഴിവ് നല്‍കി അവിടെ പോയി ആ സിനിമകള്‍ ചെയ്യാനും മാത്രം എക്‌സൈറ്റ്‌മെന്റ് എനിക്ക് അതില്‍ നിന്നൊന്നും കിട്ടിയില്ല. ഹിന്ദി സിനിമ ആയാലും അങ്ങനെ തന്നെയാണ്. അവിടെ നിന്നും സ്‌ക്രിപ്റ്റ് ഒന്നും കേട്ടിട്ടില്ല എന്നല്ല. ഇപ്പോള്‍ പുറത്ത് വരുന്ന സിനിമകളുടെ എണ്ണമെടുത്താല്‍ എല്ലാ ആക്ടേഴ്‌സിനും ഒരുപാട് സിനിമകള്‍ വരുന്നുണ്ട്. അത്ര മികച്ചതാണെന്ന് തോന്നിയാലേ ഞാന്‍ പുറത്ത് നിന്നുമൊരു കഥാപാത്രം ചെയ്യുകയുള്ളൂ. ഇതൊക്കെ കൊണ്ടായിരിക്കാം എന്റെ അന്യഭാഷ ചിത്രങ്ങള്‍ മികച്ചതാണെന്ന് പറയുന്നത്.’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj is talking about the selection of other language films