| Thursday, 7th July 2022, 5:40 pm

ആക്ഷന്‍, സ്വാഗ്, ഡയലോഗ്; മാസിന്റെ പി.എസ് ബ്രാന്റ്; ഒപ്പം ഒരു സൂപ്പര്‍ കോമ്പോയും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു ഇടവേളക്ക് ശേഷം വന്ന ഷാജി കൈലാസ് ചിത്രം കടുവ മികച്ച പ്രതികരണങ്ങളുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജ്, വിവേക് ഒബ്രോയ് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം പാലായിലെ പ്ലാന്ററായ കടുവക്കുന്നേല്‍ കുര്യച്ചന്റെ കഥയാണ് പറയുന്നത്. പാലായില്‍ അയാളെ അറിയാത്ത ജനങ്ങളില്ല.

കുര്യച്ചനും ഐ.ജി ജോസഫ് ചാണ്ടിയും തമ്മിലുള്ള കോണ്‍ഫ്‌ളിക്റ്റിലൂടെയാണ് കടുവ മുന്നേറുന്നത്. ഇരുവരും തമ്മിലുള്ള വ്യക്തിപരമായ പ്രശ്‌നം വലിയ അനന്തരഫലങ്ങളിലേക്കാണ് വഴിതുറന്നുവിടുന്നത്. മാസ് സിനിമകളുടെ അടിസ്ഥാന ഘടകമായ ഹീറോയും വില്ലനും തമ്മില്‍ കോണ്‍ഫ്‌ളിക്റ്റ് ഉണ്ടാകുന്നതും മുന്നേറുന്നതുമായ പാറ്റേണ്‍ പ്രേക്ഷകര്‍ക്ക് സംത്യപ്തി നല്‍കുന്ന നിലയില്‍ തന്നെ ചിത്രീകരിച്ചിട്ടുണ്ട്.

ഒരു കുട്ടിയുടെ മെഡിക്കല്‍ കണ്ടീഷനെ ശാപമായി പറയുന്ന രംഗമൊഴിച്ചു നിര്‍ത്തിയാല്‍ ഈ പരസ്പര വൈരവും പോരാട്ടവും പ്രതികാരവുമെല്ലാം നന്നായി തന്നെ ചിത്രത്തില്‍ തന്നെ വര്‍ക്കായിട്ടുണ്ട്. കുര്യച്ചനായി യഥാര്‍ത്ഥത്തില്‍ പൃഥ്വിരാജിന്റെ അഴിഞ്ഞാട്ടം തന്നെയാണ് നടന്നത്.

ഇടവേളക്ക് ശേഷം കിട്ടിയ മാസ് കഥാപാത്രത്തെ ആസ്വദിച്ച് തന്നെ പൃഥ്വിരാജ് അവതരിപ്പിച്ചിട്ടുണ്ട്. കുര്യച്ചന്റെ മാസും സ്വാഗും പൃഥ്വിരാജ് ഗംഭീരമായി കൈകാര്യം ചെയ്തു. ഡയലോഗ് ഡെലിവറിയില്‍ കഥാപാത്രത്തിന് വേണ്ട എടുപ്പ് കൃത്യമായ അളവില്‍ തന്നെയാണ് താരം നല്‍കിയിരിക്കുന്നത്.

ചിത്രം അടിമുടി ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണ്. സംഘട്ടന രംഗങ്ങളും മികച്ച രീതിയില്‍ തന്നെ പൃഥ്വിരാജ് ചെയ്തുവെച്ചിട്ടുണ്ട്. ഇതോടെ നിലവിലെ യൂത്തന്മാരില്‍ ഏറ്റവും നന്നായി മാസ് കഥാപാത്രങ്ങള്‍ ചെയ്യുന്ന നടന്മാരില്‍ മുന്‍നിരയിലാണ് താന്‍ എന്നത് താരം ഊട്ടിയുറപ്പിക്കുകയാണ്. പൃഥ്വിരാജ് സുകുമാരനെന്ന മാസ് ബ്രാന്റ് കൂടിയാണ് കടുവയിലൂടെ സ്ഥാനം ഉറപ്പിക്കുന്നത്.

ഇതിനൊപ്പം തന്നെ ശ്രദ്ധിക്കപ്പെടുന്ന കഥാപാത്രമാണ് വിവേക് ഒബ്രേയ്‌യുടെ ജോസഫ് ചാണ്ടി. ഈ കഥാപാത്രമായി മികച്ച പ്രകടനം തന്നെയാണ് വിവേക് കാഴ്ച വെച്ചത്. ലൂസിഫറിന് ശേഷം വിവേക് അഭിനയിക്കുന്ന രണ്ടാമത്തെ മലയാളം ചലച്ചിത്രമാണ് കടുവ. ലൂസിഫറില്‍ കാം ആന്‍ഡ് ക്വയറ്റ് ആയിട്ടുള്ള വില്ലനാണെങ്കില്‍ സങ്കടവും ദേഷ്യവും പകയുമെല്ലാം പ്രതിഫലിപ്പിക്കുന്ന ധാരാളം അഭിനയസാധ്യതയുള്ള കഥാപാത്രമാണ് കടുവയിലേത്.

ജോസഫ് ചാണ്ടി അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങള്‍ പ്രേക്ഷകരിലേക്ക് കണക്റ്റ് ചെയ്യിക്കാന്‍ വിവേകിനായിട്ടുണ്ട്. ചുരുക്കത്തില്‍ കുര്യച്ചനും ജോസഫ് ചാണ്ടിയും തമ്മിലുള്ള യുദ്ധം പ്രേക്ഷകരേയും എന്‍ജോയ് ചെയ്യിക്കുന്നുണ്ട്.

Content Highlight: prithviraj is asserting that he is one of the best actors playing mass characters among the current youth

We use cookies to give you the best possible experience. Learn more