സംവിധായകനാകാനുള്ള ധൈര്യം തന്നത് പൃഥ്വിരാജ്; കലാഭവന്‍ ഷാജോണ്‍
Daily News
സംവിധായകനാകാനുള്ള ധൈര്യം തന്നത് പൃഥ്വിരാജ്; കലാഭവന്‍ ഷാജോണ്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 23rd September 2016, 3:35 pm

രണ്ട് മാസം മുന്‍പ് പൃഥ്വിരാജിന്റെ ഊഴം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തിരക്കഥയുമായി പൃഥ്വിരാജിനെ കണ്ടു. ചിത്രത്തില്‍ പൃഥ്വി നായകനായാല്‍ സന്തോഷമെന്നും പറഞ്ഞു


നടനില്‍ നിന്നും സംവിധാനത്തിലേക്ക് ചുവടുമാറ്റത്തിലാണ് കലാഭവന്‍ ഷാജോണ്‍. സംവിധാനം എന്ന വലിയ ഉത്തരവാദിത്തം ഏറ്റെടുക്കാനുള്ള ധൈര്യം തനിക്ക് തന്നത് പൃഥ്വിരാജാണെന്ന് കലാഭവന്‍ ഷാജോണ്‍ പറയുന്നു.

പൃഥ്വിരാജ് ചിത്രത്തിലൂടെയാണ് ഷാജോണ്‍ സംവിധായകനാകുന്നത്. ഒരു കുടുംബചിത്രമാണ് താന്‍ ഒരുക്കുന്നത്. എന്നാല്‍ ഒരു ത്രില്ലറുമാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിനിമ സംവിധാനം ചെയ്യുന്നതിനെ കുറിച്ച് ആലോചിച്ചിരുന്നു.

രണ്ട് മാസം മുന്‍പ് പൃഥ്വിരാജിന്റെ ഊഴം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ തിരക്കഥയുമായി പൃഥ്വിരാജിനെ കണ്ടു. ചിത്രത്തില്‍ പൃഥ്വി നായകനായാല്‍ സന്തോഷമെന്നും പറഞ്ഞു.

തുടര്‍ന്ന് പൃഥ്വി നല്‍കിയ ആത്മവിശ്വാസത്തില്‍ നിന്നാണ് സംവിധായകനാകാനുള്ള ധൈര്യം തനിക്ക് ലഭിച്ചതെന്നും ഷാജോണ്‍ പറയുന്നു. അടുത്ത വര്‍ഷം ചിത്രം റിലീസ് ചെയ്യാനാകുമെന്നാണ് പ്രതീക്ഷ. ആര്‍.എസ് വിമലിന്റെ കര്‍ണന്‍ എന്ന ചിത്രത്തിന് ശേഷമാകും പൃഥ്വിരാജിന്റെ ഡേറ്റ് കിട്ടുക. അതിന് ശേഷം കാസ്റ്റിങ്ങും മറ്റുകാര്യങ്ങളും പൂര്‍ത്തിയാക്കുമെന്നും ഷാജോണ്‍ പറയുന്നു.

തമിഴില്‍ ശങ്കര്‍ സംവിധാനം ചെയ്യുന്ന രജനീകാന്ത് ചിത്രമായ 2.0 വില്‍ അഭിനയിക്കുകയാണ് ഷാജോണ്‍. ബോളിവുഡ് താരം അക്ഷയ്കുമാറിനും രജനീകാന്തിനുമൊപ്പമുള്ള കോമ്പിനേഷന്‍ സീനുകളും ചി്ത്രത്തില്‍ ഉണ്ടെന്നും ഷാജോണ്‍ പറയുന്നു.