അന്യഭാഷയില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന അഭിനേതാക്കള്‍ നേരിടുന്ന ഒരു പ്രധാന വെല്ലുവിളിയാണ് അഭിമുഖങ്ങളിലും പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി, മോഹന്‍ലാല്‍ റിലേറ്റഡ് ചോദ്യങ്ങള്‍. പൃഥ്വിരാജ് നായകനായ കടുവയില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്ന വിവേക് ഒബ്രോയ്ക്കാണ് ഇത്തവണ ഈ വെല്ലുവിളി നേരിടേണ്ടി വന്നത്. ക്ലബ്ബ് എഫ്.എം ദുബായിക്ക് നല്‍കിയ അഭിമുഖത്തിലാണ് പോ മോനേ ദിനേശാ ആരുടെ ഡയലോഗാണെന്നും സേതുരാമയ്യര്‍ സി.ബി.ഐ ആരുടെ കഥാപാത്രമാണെന്നുമുള്ള ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വിവേക് കുഴങ്ങിയത്.
വിവേകിനൊപ്പം പൃഥ്വിരാജും സംയുക്ത മേനോനും ഈ അഭിമുഖത്തില്‍ പങ്കെടുക്കുന്നുണ്ടായിരുന്നു. പുട്ടിനുള്ള ബെസ്റ്റ് കോമ്പിനേഷന്‍ ഏതാണ് എന്നതായിരുന്നു ആദ്യത്തെ ചോദ്യം. പുട്ട് എന്താണെന്ന് വിവേകിന് അറിയില്ലായിരുന്നു.
എന്നാല്‍ കേരളത്തിലെ തനിക്കേറ്റവും ഇഷ്ടപ്പെട്ട ഫുഡ് കോമ്പിനേഷന്‍ കപ്പയും കാന്താരിമുളകുമാണെന്നായിരുന്നു വിവേക് പറഞ്ഞത്. ഞങ്ങളെക്കാള്‍ വലിയ മലയാളിയാണ് നിങ്ങള്‍ എന്നായിരുന്നു ഇതിനോടുള്ള പൃഥ്വിരാജിന്റെ പ്രതികരണം. കടലക്കറി, സാമ്പാര്‍, ചട്‌നി എന്നിങ്ങനെ ഓപ്ഷന്‍സ് കൊടുത്തപ്പോള്‍ കടലക്കറിയാണ് വിവേക് തെരഞ്ഞെടുത്തത്.
പോ മോനേ ദിനേശാ ആരുടെ ഡയലോഗാണെന്നായിരുന്നു അടുത്ത ചോദ്യം. ഇത് തനിക്ക് അറിയില്ലെന്നും എന്നാല്‍ തൊടും എന്ന് പറയുന്നത് ആരാണെന്ന് തനിക്ക് അറിയാമെന്നുമായിരുന്നു വിവേകിന്റെ ഉത്തരം( ലൂസിഫറില്‍ വിവേക് അവതരിപ്പിച്ച ബോബി പറയുന്ന ഡയലോഗാണ് തൊടും).
ചോദിച്ച ചോദ്യത്തിന്റെ ഉത്തരം പറയാന്‍ ബുദ്ധിമുട്ടിയ വിവേകിന് തോള്‍ ചെരിച്ച് ടോണ്‍ മാറ്റി പോ മോനേ ദിനേശാ ആരാണ് പറഞ്ഞത് എന്ന് ആക്ഷന്‍ സഹിതം പൃഥ്വിരാജ് ക്ലൂ കൊടുത്തു. ഇത് കണ്ടതോടെ ലാലേട്ടന്‍ എന്ന് വിവേക് മറുപടി പറയുകയായിരുന്നു.
സേതുരാമയ്യര്‍ എന്ന പ്രശസ്ത കഥാപാത്രത്തെ അവതരിപ്പിച്ചതാര് എന്നായിരുന്നു അടുത്ത ചോദ്യം. ഇതിന് മമ്മൂട്ടി, മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിങ്ങനെ മൂന്ന് ഓപ്ഷനുമുണ്ടായിരുന്നു. ആദ്യം ഒന്ന് തപ്പിതടഞ്ഞെങ്കിലും നിങ്ങള്‍ സുരേഷ് ഗോപി സാറിനെ പറ്റിയോ മമ്മൂട്ടി സാറിനെ പറ്റിയോ ചോദിച്ചാല്‍ ഞാന്‍ മമ്മൂട്ടി എന്ന് ഉത്തരം പറയുമെന്നും വിവേക് പറഞ്ഞു.
Content Highlight: prithviraj gave clue for confused vivek obroi about the question regarding mohanlal