‘ലൂസിഫറി’ന് ശേഷം പൃഥ്വിരാജും മോഹന്‍ലാലും വീണ്ടും ഒന്നിക്കുന്ന ‘ബ്രോ ഡാഡി’ ഇന്ന് രാത്രി 12 മണിക്ക് റിലീസ് ചെയ്യുകയാണ്. ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
പ്രേക്ഷകരെല്ലാം ചിത്രം കാണണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ് പൃഥ്വിരാജ്. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പൃഥ്വിയുടെ അഭ്യര്‍ത്ഥന. പലരീതിയില്‍ നോക്കുകയാണെങ്കിലും താന്‍ യാദൃശ്ചികമായി സംവിധായകനായ വ്യക്തിയാണെന്ന് പൃഥ്വിരാജ് പറഞ്ഞു. മുരളി ഗോപി കാരണമാണ് താന്‍ ആദ്യമായി സംവിധായകന്‍ ആയതെന്നും സമാനമായാണ് ‘ബ്രോ ഡാഡി’യുടെ തിരക്കഥയുമായി ശ്രീജിത്തും ബിബിനും തന്നിലേക്കെത്തിയതെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.
‘ലൂസിഫറി’ല്‍ നിന്നും ‘എമ്പൂരാനി’ല്‍ നിന്നും തികച്ചും വ്യത്യസ്തമായ പരിശ്രമമായിരുന്നു ഈ ചിത്രത്തിന് വേണ്ടിയിരുന്നത്. അങ്ങനെയൊന്ന് ചെയ്യുന്നത് വളരെ റിസ്‌കുള്ള ഒന്നാണ്. എന്നെ വിശ്വസിച്ചതില്‍ ലാലേട്ടനോടും എന്റെയൊപ്പം നിന്നതില്‍ ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു,’ പൃഥ്വിരാജ് കുറിച്ചു.
ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും അഭിനേതാക്കള്‍ക്കും നന്ദി പറഞ്ഞ പൃഥ്വിരാജ് കുടുംബസമേതമോ സുഹൃത്തുക്കളോടൊപ്പമോ ചിത്രം കാണണമെന്നും അഭ്യര്‍ത്ഥിച്ചു.
ജോണ്‍ കാറ്റാടിയായി മോഹന്‍ലാലും ഈശോ ജോണ്‍ കാറ്റാടിയായി പൃഥ്വിരാജുമെത്തുന്ന ബ്രോ ഡാഡിയില്‍ മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി തുടങ്ങി വന്‍ താരനിരയാണ് അണിനിരക്കുന്നത്.
ശ്രീജിത് എന്‍., ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അഭിനന്ദന്‍ രാമാനുജനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
കോമഡി ഫാമിലി എന്റര്‍ടൈനര്‍ ജോണറിലാണ് ബ്രോ ഡാഡി ഒരുങ്ങുന്നത്.
പൃഥ്വിരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്
പല രീതിയില്‍ നോക്കിയാലും ഞാന്‍ യാദൃശ്ചികമായി സംവിധായകനായ ഒരാളാണ്. എനിക്ക് എല്ലായ്‌പ്പോഴും സംവിധായകന്‍ ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നുവെങ്കിലും ലൂസിഫറിലേക്ക് ഞാനെത്തിയത് മുരളി ഗോപി കാരണമാണ്. മറ്റാരെക്കാളും മുമ്പെ അദ്ദേഹം എന്നെ വിശ്വസിച്ചു. സമാനമായാണ് ‘ബ്രോ ഡാഡി’യുടെ തിരക്കഥയുമായി ഞങ്ങളുടെ മ്യൂച്ചല്‍ ഫ്രണ്ടായ വിവേക് രാംദേവന്‍ വഴി ശ്രീജിത്തും ബിബിനും എന്നിലേക്കെത്തിയത്.
ഈ പ്രോജക്ടിന് വേണ്ടിയുള്ള ശരിയായ വ്യക്തി ഞാനാണെന്ന് അവര്‍ ചിന്തിച്ചത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. എന്നാല്‍ അവര്‍ അങ്ങനെ ചിന്തിച്ചതില്‍ ഞാന്‍ സന്തോഷിക്കുന്നു. ഒരു സിനിമ എന്ന നിലയില്‍ ബ്രോ ഡാഡി ലൂസിഫറില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് എനിക്ക് ഈ സിനിമ സംവിധാനം ചെയ്യണമെന്ന് തോന്നിയതും.
‘ലൂസിഫറി’ല്‍ നിന്നും ‘എമ്പൂരാനി’ല്‍ നിന്നും തികച്ചും വ്യത്യസ്തമായ പരിശ്രമമായിരുന്നു ഈ ചിത്രത്തിന് വേണ്ടിയിരുന്നത്. അങ്ങനെയൊന്ന് ചെയ്യുന്നത് വളരെ റിസ്‌കുള്ള ഒന്നാണ്. എന്നെ വിശ്വസിച്ചതില്‍ ലാലേട്ടനോടും എന്റെയൊപ്പം നിന്നതില്‍ ആന്റണി പെരുമ്പാവൂരിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.
ഈ സിനിമയിലെ ടെക്‌നീഷ്യന്‍മാര്‍, അസിസ്റ്റന്റുമാര്‍, യൂണിറ്റിലെ സുഹൃത്തുക്കള്‍, പ്രൊഡക്ഷന്‍ ടീം എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. നിങ്ങളിതിനെ പ്രതീക്ഷിച്ചതിലും അപ്പുറമുള്ളതാക്കി. ആ പരിശ്രമങ്ങളില്ലായിരുന്നെങ്കില്‍ ഈ സിനിമ ഇന്ന് കാണുന്നത് പോലെയാകില്ലായിരുന്നു.
ലൂസിഫറിലെന്നപോലെ, എന്റെ കാഴ്ചപ്പാടില്‍ വിശ്വസിച്ച, ഇത്രയും വൈദഗ്ധ്യമുള്ള അഭിനേതാക്കളെ ലഭിച്ചത് ഒരു പ്രിവിലേജായി ഞാന്‍ കണക്കാക്കുന്നു.
ബ്രോ ഡാഡി നിര്‍മ്മിച്ചത് ഞങ്ങള്‍ വളരെയധികം ആസ്വദിച്ചിരുന്നു. നിങ്ങള്‍ ഈ സിനിമ കാണുന്നത് അത്രയും രസകരമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു. ബ്രോ ഡാഡി ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ഡിസ്‌നി പ്ലസ് ഹോട് സ്റ്റാറില്‍ സ്ട്രീം ചെയ്യുകയാണ്. നിങ്ങളുടെ കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ ബ്രോ ഡാഡി കാണുക. ഒന്നുചേര്‍ന്ന് കാണുന്നത് മികച്ച അനുഭവം നിങ്ങള്‍ക്ക് തരും.
Content Highlight: prithviraj facebook post about bro daddy