|

കാഞ്ചനമാലയെ കാണാന്‍ പോയില്ല, അതിനു കാരണമുണ്ട്: പൃഥ്വിരാജ് വിശദീകരിക്കുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

pritcirajമൊയ്തീന്‍-കാഞ്ചനമാല പ്രണയകഥ പറഞ്ഞ ആര്‍.എസ് വിമല്‍ ചിത്രം ” എന്നു നിന്റെ മൊയ്തീന്‍” കഴിഞ്ഞവര്‍ഷം വന്‍ വിജയം നേടിയ പൃഥ്വിരാജ് ചിത്രങ്ങളിലൊന്നായിരുന്നു. ഈ ചിത്രത്തിന്റെ വിജയത്തിനുശേഷം ഒട്ടേറെപ്പേര്‍ യഥാര്‍ത്ഥ കഥയിലെ കാഞ്ചനമാലയെ നേരിട്ടു കാണാന്‍ പോയിരുന്നു.

ചിത്രത്തില്‍ കാഞ്ചനമാലയെ അവതരിപ്പിച്ച പാര്‍വ്വതിയും അവരെ നേരിട്ടുകാണാനെത്തിയിരുന്നു. എന്നാല്‍ നായകനായ പൃഥ്വിരാജ് മാത്രം അവരെ സന്ദര്‍ശിച്ചില്ല. അതെന്താണെന്ന് താരത്തോട് പലരും ചോദിക്കുകയും ചെയ്തിരുന്നു.

ഈ ചോദ്യത്തിന് മറുപടിയുമായി വന്നിരിക്കുകയാണ് പൃഥ്വിരാജിപ്പോള്‍. ” ആ സിനിമയുടെ പിറവിക്കു പിന്നിലെ ഒരുപാട് കാര്യങ്ങളും ആള്‍ക്കാരെയും വ്യക്തിപരമായി എനിക്ക് അറിയേണ്ടി വന്നിട്ടുണ്ട്. കാഞ്ചനേടിത്തിയോടുള്ള ബഹുമാനവും സ്‌നേഹവും ഒരു വശത്തും മൊയ്തീന്റെ ബന്ധുക്കളോടുള്ള സ്‌നേഹവും മറുവശത്തുമുണ്ട്. ആര്‍ക്കും വിഷമം തോന്നാതിരിക്കാന്‍ എന്തു ചെയ്യണം. അതുമാത്രമാണ് ഞാന്‍ ചെയ്തത്” എന്നാണ് പൃഥ്വിരാജ് വിശദീകരണം നല്‍കിയത്. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

തനിക്ക് സൂപ്പര്‍സ്റ്റാര്‍ ആകേണ്ടെന്നും അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നുണ്ട്. അത്തരമൊരു ആലങ്കാരികപ്പട്ടവും വേണ്ടെന്നാണ് പൃഥ്വിവിന്റെ അഭിപ്രായം.