| Wednesday, 27th March 2024, 9:04 am

ഞാന്‍ വിളിച്ചാല്‍ പ്രഭാസ് ആടുജീവിതത്തിന്റെ പ്രസ് മീറ്റില്‍ വരുമായിരുന്നു, പക്ഷേ വിളിക്കാത്തതിന് കാരണം അതാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍. കരിയറിന്റെ തുടക്കകാലത്ത് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെ അതിജീവിച്ച് ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു.

കഴിഞ്ഞ വര്‍ഷം റിലീസായ പ്രഭാസ് ചിത്രം സലാറിലും പൃഥ്വി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രം പാന്‍ ഇന്ത്യന്‍ ശ്രദ്ധ നേടിക്കൊടുത്തു. ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ആടുജീവിതമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിമി ഫോക്കസിന് നല്‍കിയ അഭിമുഖത്തില്‍ പ്രഭാസുമായി തനിക്ക് വളരെ വലിയ സൗഹൃദമാണെന്നും, ആ സൗഹൃദം കാരണമാണ് പ്രഭാസിനെ ആടുജീവിതത്തില്‍ വിളിക്കാത്തതെന്നും പൃഥ്വി പറഞ്ഞു. നമ്മളോട് നോ പറയില്ല എന്ന് ഉറപ്പുള്ളവരോട് ഒരു കാര്യവും ചോദിക്കരുത് എന്നാണ് തന്റെ ജീവിതത്തില്‍ താന്‍ ഫോളോ ചെയ്യുന്ന കാര്യമെന്ന് പൃഥ്വി പറഞ്ഞു. പ്രഭാസിനെ എന്തുകൊണ്ട് ആടുജീവിതത്തില്‍ വിളിച്ചില്ല എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

‘എന്തിനാണ് ഞാന്‍ ഇതിന്റെ പ്രസ്മീറ്റില്‍ പ്രഭാസിനെ വിളിക്കേണ്ടത്? അത് അയാള്‍ക്ക് കൂടുതല്‍ എഫര്‍ട്ട് കൊടുക്കുകയല്ലേ ചെയ്യുന്നത്. പ്രസ് മീറ്റില്‍ പങ്കെടുക്കുമോ എന്ന് ഞാന്‍ ചോദിച്ചാല്‍ പ്രഭാസിന് ഒരിക്കലും നോ പറയാനാകില്ല. അതുകൊണ്ട് ഒരിക്കലും ഞാന്‍ അദ്ദേഹത്തോട് ഇങ്ങനെയുള്ള കാര്യങ്ങള്‍ ചോദിക്കില്ല.

എന്റെ ജീവിതത്തില്‍ ഞാന്‍ ഫോളോ ചെയ്യുന്ന ഒരു കാര്യമാണ് അത്. നമ്മളോട് നോ പറയില്ല എന്ന് ഉറപ്പുള്ള ഒരാളോട് ഒരിക്കലും ഒന്നും ചോദിക്കരുത്.
ആ ഒരു കാരണം കൊണ്ടു കൂടിയാണ് ഞാന്‍ പ്രഭാസിനെ വിളിക്കാത്തത്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ജനങ്ങളിലേക്കെത്തിക്കാന്‍ ഇവിടത്തെ മീഡിയകള്‍ക്ക് സാധിക്കുമെന്നും ഞാന്‍ കരുതുന്നു,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj explains why he did not call Prabhas for Aadujeevitham press meet

We use cookies to give you the best possible experience. Learn more