| Thursday, 21st March 2024, 9:23 am

ഇപ്പോഴാണല്ലോ ഈ പാന്‍ ഇന്ത്യന്‍ ട്രെന്‍ഡ് വന്നത്, പക്ഷേ ഞങ്ങള്‍ ആടുജീവിതം തുടങ്ങിയപ്പോള്‍ തന്നെ അതിനെപ്പറ്റി ചിന്തിച്ചിരുന്നു: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ റിലീസിന് തയാറെടുക്കുകയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്നായ ആടുജീവിതം സിനിമാരൂപത്തില്‍ എത്തുമ്പോള്‍ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെടുന്നത് പൃഥ്വി എന്ന നടന്റെയും ബ്ലെസി എന്ന സംവിധായകന്റെയും സമര്‍പ്പണമാണ്. 10 വര്‍ഷത്തോളമെടുത്ത് സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കുകയും ഏഴ് വര്‍ഷത്തോളമെടുത്ത് ഷൂട്ട് ചെയ്യുകയും ചെയ്ത സിനിമയാണ് ആടുജീവിതം. നജീബ് എന്ന കഥാപാത്രത്തിനായി 30 കിലോയോളം പൃഥ്വിരാജ് കുറച്ചതും ചര്‍ച്ചയായിരുന്നു.

ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് എസ്.എസ്. മ്യൂസികിന് നല്‍കിയ അഭിമുഖത്തില്‍ ആടുജീവിതം എന്ന സിനിമയുടെ ഡിസ്‌കഷന്‍ സമയത്ത് തന്നെ ഈ സിനിമ എല്ലാവരിലേക്കും എത്തണമെന്നും അതിന് വേണ്ടി ‘ലയണ്‍സ്‌ഗേറ്റ്’ പോലുള്ള വലിയ കമ്പനികളെ സമീപിച്ചിരുന്നെന്നും പൃഥ്വി പറഞ്ഞു. എന്തുകൊണ്ടാണ് ആടുജീവിതം എന്ന സിനിമ പാന്‍ ഇന്ത്യന്‍ ആയി റിലീസ് ചെയ്യുന്നു എന്ന ചോദ്യത്തിന് മറുപടിയായാണ് താരം ഇക്കാര്യം പറഞ്ഞത്.

‘പാന്‍ ഇന്ത്യന്‍ എന്നു പറയുന്നത് ഇപ്പോള്‍ സാധാരണമാണല്ലോ. എല്ലാ ഇന്‍ഡസ്ട്രികളും ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ നിര്‍മിക്കുന്നുണ്ട്. ആടുജീവിതം പാന്‍ ഇന്ത്യന്‍ ആക്കണമെന്ന് ഞങ്ങള്‍ ഈ സിനിമയെ ഡിസ്‌കസ് ചെയ്യുന്ന സമയത്ത് തന്നെ തീരുമാനിച്ചിരുന്നതാണ്. ഈ സിനിമ എല്ലാവരിലേക്കും എത്താനാണ് ഞങ്ങളുടെ ആഗ്രഹം. എല്ലാവരും കാണേണ്ട സിനിമയാണിത്.

അന്ന് ഈ സിനിമ എല്ലാവരിലേക്കും എത്തിക്കാണെ എന്ന ചിന്തയില്‍ വലിയ ഡിസ്ട്രിബ്യൂഷന്‍ കമ്പനികളെ സമീപിച്ചിരുന്നു. ലയണ്‍സ്‌ഗേറ്റിനെയൊക്കെ ഞങ്ങള്‍ സമീപിച്ചിരുന്നു. ഇത് അങ്ങനെയുള്ള കഥയാണ്. എല്ലവാരും ഈ കഥയറിയണം എന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. ഈ സമയത്ത് ഇറങ്ങുന്നതുകൊണ്ടല്ല ആടുജീവിതം വലിയ സിനിമയായത്. ബ്ലെസി ഈ കഥ എന്നോട് പറയുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ മനസിലെ വിഷന്‍ വലുതായിരുന്നു.

ആ വിഷന്‍ അതുപോലെ തന്നെ ഞങ്ങള്‍ ഷൂട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് മാത്രം കാര്യമില്ലല്ലോ. നമ്മള്‍ ഒരു വലിയ സിനിമ ചെയ്തു കഴിഞ്ഞാല്‍ അത് ആളുകളിലേക്കെത്തിക്കേണ്ട ഉത്തരവാദിത്തം നമുക്കുണ്ട്. പ്രോപ്പര്‍ ആയിട്ടുള്ള മാര്‍ക്കറ്റിങ്, ഡിസ്ട്രിബ്യൂഷന്‍ എല്ലാം വേണം. തമിഴ്‌നാട്ടില്‍ അതിന് വലിയൊരു നന്ദി പറയേണ്ട ആളാണ് ഉദയനിധി സ്റ്റാലിന്‍. ഓരൊറ്റ ഫോണ്‍ കോള്‍ മാത്രമേ വേണ്ടി വന്നുള്ളൂ, അദ്ദേഹം ഈ സിനിമയുടെ വിതരണം ഏറ്റെടുക്കാമെന്ന് പറഞ്ഞു. ഒരു ആര്‍ട്ടിസ്റ്റ് എന്ന നിലയില്‍ ഉദയ്ക്കും ഈ സിനിമയുടെ വാല്യു മനസിലായതുകൊണ്ടാണ് ഓക്കെ പറഞ്ഞത്,’ പൃഥ്വി പറഞ്ഞു.

Content highlight: Prithviraj explains why Aadujeevitham made as Pan Indian

We use cookies to give you the best possible experience. Learn more