ആടുജീവിതം എന്ന നോവല്‍ സിനിമാരൂപത്തില്‍ കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്. ചിത്രത്തിനായി പൃഥ്വിരാജ് നടത്തിയ ട്രാന്‍സ്ഫോര്‍മേഷന്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. 30 കിലോയോളമാണ് സിനിമക്ക് വേണ്ടി പൃഥ്വി കുറച്ചത്. ചിത്രത്തിന്റെ ഷൂട്ടിങ് പൂര്‍ത്തിയാകാന്‍ എഴ് വര്‍ഷത്തോളമെടുത്തു . ബ്ലെസിയാണ് ചിത്രത്തിന്റെ സംവിധായകന്‍.
ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞയാഴ്ച നടന്നിരുന്നു. സിനിമാ മേഖലയിലെ നിരവധിയാളുകള്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. നോവലിലെ നായകനായ നജീബും ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഓഡിയോ ലോഞ്ചിനിടെ പൃഥ്വി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
‘ഈ സിനിമയുടെ സമയത്ത് ഒരു ഡിസ്‌കഷന്‍ ഉണ്ടായിരുന്നു, എന്റെയും ഗോകുലിന്റയും ഈ ഫിസിക്കല്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ ഡോക്യുമെന്ററി ചെയ്യണെ എന്ന്. ദങ്കലില്‍ ആമിര്‍ ഖാന്‍ സാര്‍ ചെയ്ത ട്രാന്‍സ്‌ഫോര്‍മേഷന്‍ ഷൂട്ട് ചെയ്തത് പോലെ നമുക്ക് ചെയ്യണം. അത് കൂടുതല്‍ വ്യൂവര്‍ഷിപ്പ് നേടും കൂടുതല്‍ അട്രാക്ഷന്‍ ഉണ്ടാകും എന്നൊക്കെ പറഞ്ഞിരുന്നു.
അന്ന് ഞാന്‍ അതിനോടൊരു എതിരഭിപ്രായം പറഞ്ഞത്, ഞാനും ഗോകുലുമൊക്കെ ഡയറ്റ് ചെയ്ത്, ജിമ്മില്‍ പോയി ഒരു ഡയറ്റിഷ്യന്റെ സഹായത്തോടു കൂടി, ഒരു ഫിസിക്കല്‍ ഇന്‍സ്ട്രക്ടറുടെ സാന്നിധ്യത്തില്‍ നമ്മള്‍ നടത്തുന്ന ട്രാന്‍സ്‌ഫോര്‍മേഷന്‍ ഒരു മനുഷ്യന്‍ ജീവിച്ചു തീര്‍ത്ത ജീവിതത്തിന്റെ കഥയാണ്. അത് വെച്ചിട്ടാണോ നമ്മള്‍ മാര്‍ക്കറ്റ് ചെയ്യേണ്ടത് എന്ന രീതിയില്‍ ചിന്തയുണ്ടായിരുന്നു. അതുകൊണ്ട് നജീബിക്കാ, താങ്ക് യൂ ഫോര്‍ ലിവിങ് യുവര്‍ ലൈഫ്. നിങ്ങള്‍ ജീവിച്ച ജീവിതമാണ് ഇതിനെല്ലാത്തിനും കാരണം,’ പൃഥ്വി പറഞ്ഞു.
പൃഥ്വിരാജിനെക്കൂടാതെ അമല പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന താരങ്ങള്‍. ഓസ്‌കര്‍ ജേതാവ് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. റസൂല്‍ പൂക്കുട്ടി സൗണ്ട് ഡിസൈന്‍ നിര്‍വഹിക്കുന്നു. ശ്രീകര്‍ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. വിഷ്വല്‍ റൊമാന്‍സ് പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. മാര്‍ച്ച് 28ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Prithviraj explains the reason for why he refused to market his transformation video