| Sunday, 24th March 2024, 12:28 pm

ഷൂട്ട് തീരുന്നതുവരെ യഥാര്‍ത്ഥ നജീബിനെ കാണണ്ട എന്ന് തീരുമാനിച്ചതിന്റെ കാരണം അതാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് ആടുജീവിതം. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിച്ച നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ വരുമ്പോള്‍ അതിന് പിന്നില്‍ ബ്ലെസി എന്ന സംവിധായകന്റെയും പൃഥ്വിരാജ് എന്ന നടന്റെയും സമര്‍പ്പണമുണ്ട്. 16 വര്‍ഷത്തോളം ഈയൊരൊറ്റ സിനിമക്കായി ബ്ലെസി മാറ്റിവെച്ചു. 30 കിലോയോളം കുറച്ചാണ് പൃഥ്വി ഈ ചിത്രത്തില്‍ അഭിനയിച്ചത്.

ചിത്രത്തിന്റെ ഷൂട്ട് തീരുന്നതുവരെ യഥാര്‍ത്ഥ നജീബിനെ കാണണ്ടെന്ന് തീരുമാനിച്ചെന്നും അങ്ങനെ തീരുമാനിച്ചത് താനും ബ്ലെസിയും കൂടെയാണെന്നും പൃഥ്വി പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്. യഥാര്‍ത്ഥ നജീബിനെക്കുറിച്ച് ബെന്യാമിന്‍ എഴുതിയതില്‍ ഒരു എഴുത്തുകാരന്റെ ഭാവന ചേര്‍ത്താണ് ബ്ലെസി ഈ സിനിമയുടെ തിരക്കഥ എഴുതിയതെന്നും അതനുസരിച്ച് അഭിനയിക്കുക മാത്രമായിരുന്നു തന്റെ ഉത്തരവാദിത്തമെന്നും പൃഥ്വി പറഞ്ഞു.

‘ആക്ച്വലി അങ്ങനെയൊരു തീരുമാനമെടുത്തത് ഞാനും ബ്ലെസി ചേട്ടനും കൂടിയാണ്. കാരണം നജീബ് എന്ന വ്യക്തി അനുഭവിച്ച കാര്യങ്ങളെക്കുറിച്ച് അയാളുടെ കൂടെ നാലഞ്ച് മാസം സ്‌പെന്‍ഡ് ചെയ്താണ് ബെന്യാമിന്‍ ആ നോവല്‍ എഴുതിയത്. ആ നോവലിലേക്ക് ബ്ലെസി എന്ന സംവിധായകന്റെ ഭാവന കൂടി ചേര്‍ത്ത് ഒരു തിരക്കഥ തയാറാക്കി വെച്ചു. ആ തിരക്കഥക്കനുസരിച്ച് അഭിനയിക്കുക എന്നത് മാത്രമാണ് എന്റെ ജോലി.

യഥാര്‍ത്ഥ നജീബിനെ പോയിക്കണ്ട്, അദ്ദേഹത്തിന്റെ മാനറിസം പിക്കപ്പ് ചെയ്യുക, അല്ലെങ്കില്‍ അദ്ദേഹത്തിനെ ഇമിറ്റേറ്റ് ചെയ്യുക എന്നുള്ള പോലത്തെ ആവശ്യം ഈ പോര്‍ട്രേയില്‍ ഇല്ല എന്ന് തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഇത്. അദ്ദേഹത്തെ ഇപ്പോള്‍ കാണണ്ട, എന്റെയും ബ്ലെസി ചേട്ടന്റെയും ഒരു ഇമാജിനേഷനില്‍ ചെയ്യാമെന്ന് തീരുമാനിച്ചത് അങ്ങനെയാണ്.

ആടുജീവിതത്തിന്റെ ലാസ്റ്റ് ഡേ, ലാസ്റ്റ് ഷോട്ട് കഴിഞ്ഞ ശേഷം ഞാന്‍ ആദ്യമായി ചെയ്തത് നജീബുമായി ഒരു ദീര്‍ഘ സംഭാഷണം നടത്തുക എന്നതായിരുന്നു. അദ്ദേഹം സ്വന്തം ജീവിതത്തില്‍ അനുഭവിച്ചതിന്റെ പതിനായിരത്തിലൊന്ന് എപ്പോഴെങ്കിലും എന്റെയുള്ളില്‍ കൂടെ കടന്നു പോയിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj explains the reason for not meet the real Najeeb between Aadujeevitham shoot

We use cookies to give you the best possible experience. Learn more