| Friday, 10th May 2024, 6:52 pm

വിപിന്‍ എന്നോട് പറഞ്ഞ ആദ്യത്തെ കഥ ഗുരുവായൂരമ്പല നടയിലിന്റെയല്ല, അത് നടക്കാന്‍ പോകുന്നതേയുള്ളൂ: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഈ വര്‍ഷം പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിലൊന്നാണ് ഗുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന സിനിമയ്ല്‍ പൃഥ്വിരാജും ബേസില്‍ ജോസഫുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഒരു കല്യാണവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഭവ വികാസങ്ങളും കോമഡിയുടെ പശ്ചാത്തലത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണിത്.

ചിത്രത്തിലേക്ക് താന്‍ എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. മൂന്ന് വര്‍ഷം മുമ്പ് ഈ സിനിമയുടെ കഥ കേട്ടിരുന്നുവെന്നും എന്നാല്‍ ആടുജീവിത്തിന്റെ തിരക്ക് കാരണം അന്ന് നടന്നില്ലെന്നും പൃഥ്വി പറഞ്ഞു. പിന്നീട് ആടുജീവിതം ചെയ്ത് കഴിഞ്ഞ ശേഷം കുളു മണാലിയില്‍ ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിന്റെ സമയത്ത് വിപിന്‍ ഈ കഥ വന്ന് പറയുകയായിരുന്നെന്നും പൃഥ്വി പറഞ്ഞു.

എന്നാല്‍ വിപിന്‍ തന്നോട് ആദ്യം പറഞ്ഞ കഥ ഇതായിരുന്നില്ലെന്നും ആ സിനിമ ഇനി നടക്കാന്‍ പോകുന്നേയുള്ളൂവെന്നും പൃഥ്വി പറഞ്ഞു. ഗുരുവായൂരമ്പല നടയിലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഹിറ്റ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ ഈ സിനിമയുടെ കഥ കേള്‍ക്കുന്നത് മൂന്ന് വര്‍ഷം മുമ്പാണ്. അന്ന് വിപിന്‍ ദാസ് ഈ പ്രൊജക്ടിന്റെ ഭാഗമല്ലായിരുന്നു. അന്ന് ദീപുവാണ് ഈ കഥ എന്നോട് പറയുന്നത്. ആ സമയത്ത് ആടുജീവിതത്തിന്റെ തിരക്കിലായിരുന്നു. പിന്നീട് ചെയ്യാമെന്ന് ഞാന്‍ ദീപുവിനോട് പറഞ്ഞിരുന്നു.

ആടുജീവിതത്തിന്റെ തിരക്ക് കഴിഞ്ഞപ്പോള്‍ ഇ ഫോര്‍ എന്റര്‍ടൈന്മെന്റ്‌സിലെ സാരഥി സാര്‍ എന്നെ വിളിച്ച് ഇതേ കഥ എന്നോട് പറഞ്ഞു. ഇത് രാജുവിന് ചെയ്യാമോ എന്നാണ് അപ്പോള്‍ ചോദിച്ചത്. ഞാന്‍ ഓക്കെ പറഞ്ഞു. ജയ ജയഹേ ഹിറ്റായി നിന്ന സമയമായതുകൊണ്ട് ഈ പ്രോജക്ട് വിപിനെക്കൊണ്ട് ചെയ്യിച്ചാലോ എന്നും സാരഥി സാര്‍ ചോദിച്ചു. ഞാന്‍ അത് സമ്മതിച്ചു. പക്ഷേ ഒന്നുകൂടെ ഈ കഥ കേള്‍ക്കണമെന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ അതും സമ്മതിച്ചു.

അങ്ങനെ ഒരു ഹിന്ദി സിനിമയുടെ ഷൂട്ടിന് കുളു മണാലിയില്‍ നിന്ന സമയത്ത് വിപിന്‍ എന്നോട് ഈ കഥ പറഞ്ഞു. വിപിന്‍ എന്നോട് പറഞ്ഞ ആദ്യത്തെ കഥ ഇതല്ല, അത് വേറെ സിനിമയായിട്ട് ചെയ്യാന്‍ ഇരിക്കുകയാണ്. ഇപ്പോഴുള്ള തിരക്ക് കഴിഞ്ഞാല്‍ അതിലേക്ക് കടക്കും,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj explains how he become the part of Guruvayoor Ambala Nadayil

We use cookies to give you the best possible experience. Learn more