| Saturday, 20th January 2018, 6:00 pm

ആമിയില്‍ നിന്ന് പൃഥിരാജും വിദ്യാബാലനും ആര്‍.എസ്.എസിനെ ഭയന്ന് പിന്മാറിയതല്ല: ടൊവീനോ തോമസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കമല്‍ സംവിധാനം ചെയ്യുന്ന ആമി സിനിമയില്‍ നിന്ന് പൃഥിരാജും ബോളിവുഡ് നടി വിദ്യാബാലനും പിന്‍മാറിയത് ആര്‍.എസ്.എഎസിനെ ഭയന്നാണെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ മറുപടിയുമായി നടന്‍ ടൊവീനോ തോമസ്.

വിദ്യാബാലന്‍, പൃഥ്വിരാജ് ഇവരൊക്കെ ആര്‍.എസ്.എസിനെ പേടിച്ച് പിന്മാറിയതാണെന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. ഞാന്‍ നല്ല ബന്ധം പുലര്‍ത്തുന്ന ഒരാളാണ് പൃഥ്വിരാജ്. ആരെങ്കിലും പറഞ്ഞുപേടിപ്പിച്ചതിന്റെ പേരില്‍ പിന്മാറുന്ന ഒരു ഭീരുവല്ല പൃഥ്വിരാജ് എന്ന് അദ്ദേഹത്തിനെ അടുത്തറിയുന്നവര്‍ക്കറിയാം. ടൊവീനോ പറഞ്ഞു.

ദേശാഭിമാനി വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ടൊവീനോ പൃഥിരാജിനെ പിന്തുണച്ച് രംഗത്തെത്തിയത്.

കമല്‍ സാര്‍ എന്നെ ഈ പ്രൊജക്ടിന് വിളിച്ചപ്പോള്‍ ഞാനാദ്യം വിളിച്ചതും “ചെയ്തോട്ടേ” എന്ന് ചോദിച്ചതും പൃഥ്വിരാജിനോടാണ്. ഞാന്‍ ചോദിച്ചപ്പോള്‍ “പ്ലീസ് പ്ലീസ് പ്ലീസ് ഡൂ ഇറ്റ്” എന്നാണ് അദ്ദേഹം പറഞ്ഞതെന്നും ടൊവീനോ പറയുന്നു.

വളരെ തിരക്കുപിടിച്ച ഷെഡ്യൂളിലാണ് അദ്ദേഹം. ഞാന്‍ സിനിമയിലെത്തിയിട്ട് അഞ്ചുവര്‍ഷം മാത്രമേ ആയിട്ടുള്ളൂ. 2015ല്‍ മൊയ്തീന്‍ കഴിഞ്ഞതിനുശേഷം മാത്രം സിനിമയില്‍ തിരക്കുള്ള നടനായ ആളുമാണ്. ആ എനിക്ക് ഇപ്പോഴത്തെ ഈ തിരക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ പറ്റുന്നില്ല. ഡേറ്റിന്റെയും മറ്റും കാര്യത്തില്‍ ഞാന്‍ ശരിക്കും ബുദ്ധിമുട്ടുകയാണ്. എനിക്കിത്ര തിരക്കുണ്ടെങ്കില്‍ പൃഥ്വിരാജിന് എത്ര തിരക്കുണ്ടാകും എന്ന് നമുക്കൂഹിക്കാവുന്നതേയുള്ളൂ.

പുറത്തുള്ളവര്‍ക്കതെത്ര അറിയുമെന്നെനിക്കറിയില്ല. പക്ഷേ, എനിക്കത് കൃത്യമായി മനസ്സിലാകും. അടിസ്ഥാനരഹിതമായ കാര്യങ്ങള്‍ ആര്‍ക്കും പറയാം. അത്തരക്കാര്‍ അത് പറഞ്ഞും എഴുതിയും കൊണ്ടേയിരിക്കും. നമുക്കെന്തുചെയ്യാന്‍ പറ്റുമെന്നും ടൊവീനോ ചോദിക്കുന്നു.

അതുകൊണ്ട് ചിലപ്പോള്‍ അവര്‍ക്ക് മനസ്സുഖം കിട്ടുമായിരിക്കും. അതുകൊണ്ട് അവരെയും ഞാന്‍ മോശക്കാരായി കാണുന്നില്ല. അത്തരം ഗോസിപ്പുകള്‍ വായിക്കാന്‍ ഇവിടെയാളുകളുള്ളതുകൊണ്ടാണല്ലോ അവര്‍ എഴുതുന്നത്.

ചിലരുടെ സംസ്‌കാരം അവര്‍ കാണിക്കുന്നു. മറ്റു ചിലരുണ്ട്  “ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം” എന്നു പറയുന്നതുപോലെ. ടൊവീനോ പറയുന്നു.

We use cookies to give you the best possible experience. Learn more