| Thursday, 2nd March 2017, 9:56 pm

' ലൈംഗിക കുറ്റവാളിയായി അഭിനയിക്കും, പക്ഷെ..' : സ്ത്രീ വിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്ന നിലപാടില്‍ വിശദീകരണവുമായി പൃഥ്വിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ ഇനിമുതല്‍ സ്ത്രീ വിരുദ്ധതയുള്ള ചിത്രങ്ങളില്‍ അഭിനയിക്കുന്നില്ലെന്ന് നടന്‍ പൃഥിരാജ് പ്രഖ്യാപിച്ചിരുന്നു. യുവതാരത്തിന്റെ തീരുമാനത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകരും മാധ്യമങ്ങളും സ്വീകരിച്ചത്.

ഇപ്പോളിതാ തന്റെ അഭിപ്രായത്തെ വിശദീകരിച്ച് പൃഥി വീണ്ടും എത്തിയിരിക്കുകയാണ്. ഇന്ത്യാ ഗ്ലിറ്റ്‌സിന്റെ റെഡ് കാര്‍പ്പെറ്റ് അഭിമുഖത്തിലാണ് പൃഥി മനസ്സ് തുറന്നത്.
” ഞാന്‍ പറഞ്ഞത് എന്താണെന്ന് വിശദീകരിക്കാം. സിനിമയില്‍ ഒരു ലൈംഗിക കുറ്റവാളിയെ അവതരിപ്പിക്കാന്‍ എനിക്ക് മടിയൊന്നുമുണ്ടാവില്ല. കാരണം ഒരു നടന്‍ എന്നനിലയില്‍ എന്റെ മാധ്യമമാണ് അത്. സ്‌ക്രീനില്‍ സ്ത്രീവിരുദ്ധത പറയുകയോ കാട്ടുകയോ ചെയ്യുന്ന കഥാപാത്രത്തെ സിനിമ വാഴ്ത്തുന്നുണ്ടോ ” എന്നാണ് പൃഥിയുടെ ചോദ്യം.

” ഒരു നടനെന്ന നിലയില്‍ എന്നെ ആവേശപ്പെടുത്തുന്ന സിനിമകള്‍ ഞാന്‍ ചെയ്യും. പക്ഷേ അത്തരം കാര്യങ്ങളെ ഉദാത്തവല്‍ക്കരിക്കുന്ന സിനിമകള്‍ ഞാന്‍ ചെയ്യുകയുമില്ല. ഒരു കുറ്റവാളിയുടെ ഭാര്യയോട് മോശമായി പെരുമാറുന്ന “ആന്റണി മോസസി”നെ ഞാന്‍ അവതരിപ്പിക്കില്ല. “മുംബൈ പൊലീസ്” അങ്ങനെ ചെയ്തിട്ടില്ല. അതാണ് ഞാന്‍ ഉദ്ദേശിച്ചത്.” താരം പറയുന്നു.


Also Read: ‘ തലയെടുക്കുമെന്ന് ആക്രോശിക്കുമ്പോഴല്ല ഒരാളുടെയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിയുമ്പോഴാണ് നേതാവ് ധീരനാകുന്നത് ‘ : ആര്‍.എസ്.എസിന് സ്വരാജിന്റെ മറുപടി


പൃഥ്വിയുടെ അഭിപ്രായത്തിന് എതിര്‍വാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ഉയര്‍ന്നിരുന്നു. എല്ലാവരും നല്ലവരായാല്‍ പിന്നെ എങ്ങനെ ഒരു കഥ ചിത്രീകരിക്കുമെന്നും എല്ലാം നന്മയുള്ള കഥാപാത്രങ്ങളായാല്‍ ബോറാവില്ലേയെന്നുമൊക്കെ ചര്‍ച്ച ആരംഭിച്ചിരുന്നു. എന്നാല്‍ കഥാപാത്രങ്ങള്‍ സ്ത്രീവിരുദ്ധരായതുകൊണ്ട് സിനിമ സ്ത്രീവിരുദ്ധമാകണമെന്നില്ലെന്ന മറു അഭിപ്രായവും വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി പൃഥ്വി തന്നെ രംഗത്തെത്തിയത്.

We use cookies to give you the best possible experience. Learn more