[] മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന്‍ രാജിവെച്ചു. കോണ്‍ഗ്രസുമായുള്ള സഖ്യം വേര്‍പിരിഞ്ഞ ശേഷം എന്‍.സി.പി സംസ്ഥാന സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് ചവാന്‍ രാജി സമര്‍പ്പിച്ചത്.
നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നാണ് 15 വര്‍ഷം നീണ്ട കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യം വഴിപിരിഞ്ഞത്. കോണ്‍ഗ്രസിന്റെ സീറ്റ് വാഗ്ദാനം അംഗീകരിക്കാനാവില്ലെന്നും തെരഞ്ഞെടുപ്പില്‍ ഒറ്റക്ക് മത്സരിക്കുമെന്നും എന്‍.സി.പി അറിയിച്ചിരുന്നു.
മതേതര ശക്തികള്‍ക്കൊപ്പമാണ് പാര്‍ട്ടി നിലകൊള്ളുന്നതെന്ന് വ്യക്തമാക്കിയ എന്‍.സി.പി മഹാരാഷ്ട്ര സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചതോടെയാണ് സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം രൂപം കൊണ്ടത്. എന്‍.സി.പി നേതാവായ അജിത് പവാര്‍ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി പദം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
സീറ്റ് വിഭജനം സംബന്ധിച്ച് കോണ്‍ഗ്രസും എന്‍.സി.പിയും തമ്മില്‍ ദിവസങ്ങളായി തുടരുന്ന ചര്‍ച്ചകള്‍ പരാജയമായതിനെ തുടര്‍ന്നാണ് ഇരുപാര്‍ട്ടികളും തമ്മിലുള്ള സഖ്യം പൊളിഞ്ഞത്. കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാള്‍ 30 സീറ്റ് അധികമാണ് എന്‍.സി.പി ആവശ്യപ്പെട്ടതെന്നും ഒരിക്കലും സാധ്യമാവാത്ത ആവശ്യങ്ങളാണ് പാര്‍ട്ടി ഉന്നയിക്കുന്നതെന്നും മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു.
എന്‍.സി.പിയുമായുള്ള സഖ്യം അവസാനിച്ചതിനെ തുടര്‍ന്ന് ഭൂരിപക്ഷം നഷ്ടപെട്ട മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേനയും ബി.ജെ.പിയും രംഗത്ത് വന്നിരുന്നു. അടുത്ത മാസം 15നാണ് മഹാരാഷ്ട്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്.
നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റ് തര്‍ക്കവുമായി ബന്ധപ്പെട്ട് 25 വര്‍ഷം നീണ്ട ബി.ജെ.പി-ശിവസേന സഖ്യവും വേര്‍പിരിഞ്ഞിരുന്നു. ഇതോടെ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാണ് മഹാരാഷ്ട്രയില്‍ സാധ്യതയേറുന്നത്.