സംവിധായകൻ പ്രശാന്ത് നീലിന് ജന്മദിനാശംസകൾ നേർന്ന് നടൻ പൃഥ്വിരാജ്. കെ.ജി. എഫ് എന്ന ചിത്രത്തിലൂടെ ഇന്ത്യയിലെ മുഴുവൻ പ്രേക്ഷകർക്കും റോക്കി ഭായി എന്ന ഇതിഹാസ നായകനെ സമ്മാനിച്ച് ആരാധകരെ നേടിയെടുത്ത സംവിധായകനാണദ്ദേഹം.
കെ.ജി.എഫിന് ശേഷം അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രമാണ് സലാർ. പ്രഭാസ് നായകനായെത്തുന്ന ചിത്രത്തിലെ മലയാളി സാന്നിധ്യമാണ് പൃഥ്വിരാജ്. വർധരാജ മന്നാർ എന്ന വേഷത്തിലായിരിക്കും ചിത്രത്തിൽ പൃഥ്വിരാജ് എത്തുക. പിറന്നാൾ ദിനത്തിൽ പ്രശാന്ത് നീലിന് ആശംസകളോടെ എത്തിയിരിക്കുകയാണ് സലാർ ടീം.
നിങ്ങളുടെ കഴിവിന്റെ ചെറിയൊരംശം മാത്രമാണ് ലോകം കണ്ടിട്ടുള്ളുവെന്നും വരാനിരിക്കുന്ന വർഷം അതിനെ പിന്തുടർന്ന് വരുന്നതിന്റെ ടീസറാണെന്നറിയാമെന്നും പൃഥ്വിരാജ് സോഷ്യൽ മീഡിയയിൽ കുറിച്ചു.
പൃഥ്വി രാജിനെ കൂടാതെ പ്രഭാസും പിറന്നാൾ ആശംസകൾ നേർന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സലാറിന്റെ സെറ്റിൽ നിന്നും ബ്ലാക്ക് സ്‌ക്വാഡ് മെംബേർസ് എന്ന ക്യാപ്ഷ്യനോടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
ഹോം ബാലെ ഫിലിംസിന്റെ ബാനറിൽ വിജയ് കിരഗണ്ടൂർ നിർമിക്കുന്ന ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും പ്രശാന്ത് നീൽ തന്നെയാണ് നിർവഹിക്കുന്നത്. ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവർ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കും. കെ.ജി.എഫ് 1 , കെ.ജി.എഫ്. 2 എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഭുവൻ ഗൗഡ തന്നെയാണ് സലാറിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. 2023 സെപ്റ്റംബർ 28 ന് ചിത്രം റിലീസ് ആയേക്കും.
Content Highlights: Prithviraj birthday wishes for Prashath Neel