മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ഫാന്റസി ചിത്രമായ ബറോസില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയതായി റിപ്പോര്‍ട്ട്. മനോരമ ഓണ്‍ലൈനാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
‘ബറോസ്’ എന്ന സിനിമയില്‍ പ്രധാന കഥാപാത്രമായിട്ടായിരുന്നു പൃഥ്വിരാജ് എത്തിയിരുന്നത്. സിനിമയുടെ ആദ്യ ഷെഡ്യൂളില്‍ പൃഥ്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചില രംഗങ്ങള്‍ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
എന്നാല്‍ ഡേറ്റ് പ്രശ്‌നങ്ങള്‍ മൂലം ചിത്രത്തില്‍ നിന്നും പൃഥ്വി പിന്മാറിയെന്നാണ് ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. നിലവില്‍ ഷാജി കൈലാസ് ചിത്രം ‘കടുവ’യില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് പൃഥ്വി. അതിനു ശേഷം ബ്ലെസിയുടെ ‘ആടുജീവിത’ത്തിന്റെ അടുത്ത ഷെഡ്യൂളിലേക്ക് പൃഥ്വി കടക്കും. ശാരീരികമായ മാറ്റങ്ങള്‍ വേണ്ടി വരുന്ന കഥാപാത്രമായതിനാല്‍ ആടുജീവിതത്തിനായി സമയം കൂടുതല്‍ മാറ്റിവെക്കേണ്ടി വരുമെന്നും ഇക്കാരണങ്ങളാലാണ് ‘ബറോസില്‍’ നിന്നും പിന്മാറുന്നതെന്നുമാണ് റിപ്പോര്‍ട്ട്.
അതേസമയം ചിത്രത്തില്‍ നിന്നും പിന്മാറിയ കാര്യം പൃഥ്വിരാജോ മോഹന്‍ലാലോ ഔദ്യോഗികമായി അറിയിച്ചിട്ടില്ല.
കൊവിഡ് പശ്ചാത്തലത്തില്‍ ബറോസിന്റെ ചിത്രീകരണം ഈ വര്‍ഷം പകുതിയോടെ നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. രണ്ടാം ലോക്ഡൗണിന് മുന്‍പായിരുന്നു ബറോസിന്റെ ഷൂട്ടിങ് കൊച്ചിയില്‍ ആരംഭിച്ചത്. ഷൂട്ടിങ് തുടങ്ങി ആഴ്ചകള്‍ പിന്നിട്ടപ്പോഴാണ് കൊവിഡും ലോക്ക്ഡൗണും എത്തിയത്. അതോടെ ചിത്രീകരണം നിര്‍ത്തിവെച്ചിരുന്നു. അതിന് ശേഷം ഡിസംബര്‍ 26ന് വീണ്ടും ഷൂട്ട് പുനരാരംഭിച്ചിട്ടുണ്ട്.
മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുക്കിയ ജിജോ നവോദയ ആണ് ബറോസിന്റെ തിരക്കഥാകൃത്തും ക്രിയേറ്റിവ് ഡയറക്ടറും. സന്തോഷ് ശിവന്‍ ഛായാഗ്രഹണവും സന്തോഷ് രാമന്‍ പ്രൊഡക്ഷന്‍ ഡിസൈനും നിര്‍വഹിക്കുന്നു. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.
സ്പാനിഷ് അഭിനേത്രി പാസ് വേഗ, സ്പാനിഷ് നടന്‍ റാഫേല്‍ അമര്‍ഗോ എന്നിവര്‍ പ്രധാന കഥാപാത്രമായി സിനിമയിലുണ്ടാകും. ബറോസ് എന്ന ഭൂതമായി നായക കഥാപാത്രമാകുന്നത് മോഹന്‍ലാല്‍ ആണ്. വാസ്‌കോ ഡ ഗാമയുടെ റോളിലാണ് റഫേല്‍ അമര്‍ഗോ അഭിനയിക്കുന്നത്. വാസ്‌കോ ഡ ഗാമയുടെ ഭാര്യയുടെ റോളിലാണ് പാസ് വേഗ. ദ ഹ്യൂമന്‍ കോണ്‍ട്രാക്ട്, റാംബോ, സെക്സ് ആന്‍ഡ് ലൂസിയ എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് പാസ് വേഗ. ഗോവയിലാണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ