| Sunday, 13th November 2022, 4:18 pm

കടുവയും കൂമനും ഒന്നിച്ചെത്തുന്നു; ഷാജി കൈലാസിന്റെ കാപ്പ റിലീസ് തീയതി പ്രഖ്യാപിച്ചു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പൃഥ്വിരാജും ആസിഫ് അലിയും ഒന്നിക്കുന്ന ഷാജി കൈലാസിന്റെ ഏറ്റവും പുതിയ ചിത്രമായ കാപ്പയുടെ റിലീസ് തീയതി അണിയറ പ്രവര്‍ത്തകര്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ക്രിസ്തുമസ് റിലീസ് ആയി ഡിസംബര്‍ 22നാണ് ചിത്രം തിയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. അപര്‍ണ ബാലമുരളിയാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്.

ജിനു വി. എബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ്, ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തീയേറ്റര്‍ ഓഫ് ഡ്രീംസും സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ഫെഫ്ക റൈറ്റേഴ്‌സ് യൂണിയന്റെ സഹകരണത്തില്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് കാപ്പ.

ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശംഖുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇന്ദുഗോപന്‍ തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിക്കുന്നത്.

തിരുവനന്തപുരത്തെ ലോക്കല്‍ ഗുണ്ടകളുടെ ജീവിതപശ്ചാത്തലത്തിലൂടെയാണ് കാപ്പയുടെ കഥ നടക്കുന്നത്.
ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു.

കടുവക്ക് ശേഷം ഷാജി കൈലാസും പൃഥ്വിരാജും ഒന്നിക്കുന്ന ചിത്രം കൂടിയാണ് കാപ്പ. ആസിഫ് അലിയുടെ പുതിയ ചിത്രമായ കൂമന്‍ തിയേറ്ററുകളില്‍ മികച്ച അഭിപ്രായമാണ് നേടിയിരിക്കുന്നത്.

മഞ്ജു വാര്യരെയായിരുന്നു ആദ്യം കാപ്പയിലേക്ക് കാസ്റ്റ് ചെയ്തിരുന്നത്. പിന്നീട് ഡേറ്റില്‍ ചില ക്ലാഷുകള്‍ വന്നതോടെ നടി പിന്മാറുകയും ദേശീയ അവാര്‍ഡ് ജേതാവായ അപര്‍ണ ബാലമുരളി റോളിലേക്ക് എത്തുകയുമായിരുന്നു.

അന്ന ബെന്‍, ദിലീഷ് പോത്തന്‍, ജഗദീഷ്, നന്ദു എന്നിവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്. ജോമോന്‍ ടി. ജോണാണ് ഛായാഗ്രഹണം. എഡിറ്റര്‍ ഷമീര്‍ മുഹമ്മദാണ്. ഡോണ്‍ വിന്‍സന്റാണ് സംഗീത സംവിധാനം.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്‍, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പി.ആര്‍.ഒ – ശബരി

Content Highlight: Prithviraj – Asif Ali starrer Kaapa release date announced

We use cookies to give you the best possible experience. Learn more