| Wednesday, 16th October 2024, 3:39 pm

'ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടു, ചെകുത്താന്‍ വളര്‍ത്തി'; സയിദ് മസൂദിന് പിറന്നാള്‍ ആശംസകളുമായി ഖുറേഷി അബ്രാം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിന്റെ പ്രിയപ്പെട്ട നടന്‍ പൃഥ്വിരാജ് സുകുമാരന്‍ ഇന്ന് (ഒക്ടോബര്‍ 16) 42ാം ജന്മദിനം ആഘോഷിക്കുകയാണ്. താരത്തിന് ജന്മദിന ആശംസകളുമായി നിരവധി പ്രമുഖരാണ് എത്തിയിരിക്കുന്നത്. എമ്പുരാനിലെ സയിദ് മസൂദിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ടാണ് മോഹന്‍ലാല്‍ താരത്തിന് ജന്മദിന ആശംസകള്‍ നേര്‍ന്നത്.

സിനിമ പ്രേമികള്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. പൃഥ്വിരാജിന്റെ കന്നി സംവിധാന സംരംഭമായിരുന്ന ലൂസിഫറിന്റെ രണ്ടാം ഭാ?ഗമായി വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ രചന മുരളി ഗോപിയാണ്.

മോഹന്‍ലാല്‍ സ്റ്റീഫന്‍ നെടുമ്പള്ളിയായും ഖുറേഷി അബ്രാമായും എത്തിയ ലൂസിഫറില്‍ ഖുറേഷിയുടെ വലം കൈയായ സയിദ് മസൂദ് ആയാണ് പൃഥ്വിരാജ് വന്നത്. ഏതാനം നിമിഷങ്ങള്‍ മാത്രം സ്‌ക്രീനില്‍ എത്തിയ സായിദ് മസൂദ് എന്നാല്‍ വലിയ ഫാന്‍ ബേസ് നേടിയിരുന്നു. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലും സയിദ് മസൂദ് ഉണ്ടാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇപ്പോള്‍ പൃഥ്വിരാജിന്റെ ജന്മദിനത്തോടനുബന്ധിച്ച് മസൂദിനെ അവതരിപ്പിച്ചുകൊണ്ടുള്ള പോസ്റ്റര്‍ മോഹന്‍ലാല്‍ പുറത്തിറക്കി.

‘ദൈവത്താല്‍ ഉപേക്ഷിക്കപ്പെട്ടു…ചെകുത്താന്‍ വളര്‍ത്തി’ എന്നാണ് സയിദ് മസൂദിന്റെ കഥാപാത്രത്തിന് പോസ്റ്ററില്‍ നല്‍കിയിരിക്കുന്ന വിശേഷണം. പോസ്റ്റര്‍ പങ്കുവെച്ച് പൃഥ്വിരാജിന് ജന്മദിന ആശംസകള്‍ നേര്‍ന്നുകൊണ്ട് മോഹന്‍ലാല്‍ കുറിച്ചതും ഇതേ വരികളാണ്.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന നിലയില്‍ ഒരുങ്ങുകയാണ് എമ്പുരാന്‍. ഖുറേഷി അബ്രാം എന്ന അധോലോകനായകന്റെ ലോകത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ചിത്രമാകും എമ്പുരാന്‍. ലൈക്ക പ്രൊഡക്ഷന്‍സ് ആശിര്‍വാദ് സിനിമാസിനൊപ്പം എമ്പുരാന്റെ നിര്‍മാണ പങ്കാളിയാകുന്നുവെന്ന പ്രത്യേകതയുമുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ ഒരുങ്ങുന്ന ഒരു പാന്‍ ഇന്ത്യന്‍ ചിത്രമായിരിക്കും എമ്പുരാന്‍.

മോഹന്‍ലാലിന് പുറമെ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സായി കുമാര്‍, ബൈജു തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നുണ്ട്. സുജിത് വാസുദേവ് ആണ് എമ്പുരാന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ദീപക് ദേവ് സം?ഗീത സംവിധാനവും കലാസംവിധാനം മോഹന്‍ദാസും നിര്‍വഹിക്കുന്നു. സ്റ്റണ്ട് സില്‍വയാണ് സംഘട്ടനസംവിധാനം. വിദേശരാജ്യങ്ങളിലടക്കം ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്.

Content Highlight: Prithviraj as Syed Masood; Emburan’s poster on his birthday

Video Stories

We use cookies to give you the best possible experience. Learn more