കൊച്ചി: വിവാദങ്ങള്‍ക്കൊടുവില്‍ കടുവാക്കുന്നേല്‍ കുറവച്ചനായി പൃഥ്വിരാജ് തന്നെ എത്തും. കടുവ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.
ജൂലൈയില്‍ തീരുമാനിച്ചിരുന്ന ചിത്രീകരണം കൊവിഡിനെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് മടങ്ങി വരുന്ന ചിത്രം കൂടിയാണ് കടുവ.
നേരത്തെ സുരേഷ് ഗോപിയുടെ 250ാമത് ചിത്രമായി പ്രഖ്യാപിച്ച സിനിമ ‘കടുവ’യുടെ കഥയും കഥാപാത്രത്തെയും പകര്‍ത്തിയതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു.
തുടര്‍ന്ന് കടുവയുടെ തിരക്കഥ ഒരുക്കിയ സംവിധായകന്‍ ജിനു എബ്രഹാം കോടതിയെ സമീപിച്ചു. കേസില്‍ കോടതി ഇടക്കാല സ്റ്റേ അനുവദിക്കുകയും എറണാകുളം ജില്ലാ കോടതി സ്റ്റേ കോടതി സ്ഥിരപ്പെടുത്തുകയും ചെയ്തു.
കഥാപാത്രത്തിന്റെ പേരടക്കം കടുവയുടെ തിരക്കഥയുടെ എല്ലാ സീനുകളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായി ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകളും കോടതിയില്‍ ഹാജരാക്കി. ഇത് പരിഗണിച്ചാണ് സുരേഷ്‌ഗോപി ചിത്രത്തിന് കോടതി വിലക്കേര്‍പ്പെടുത്തിയത്.
കഥാപാത്രത്തിന്റെ പേരും തിരക്കഥയും ഉപയോഗിക്കുന്നത് പകര്‍പ്പവകാശ ലംഘനമാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.മുളകുപാടം ഫിലിംസിന്റെ ബാനറില്‍ ടോമിച്ചന്‍ മുളകുപാടം നിര്‍മ്മിക്കുന്ന സുരേഷ് ഗോപി ചിത്രം മാത്യൂസ് തോമസായിരുന്നു സംവിധാനം ചെയ്യാനിരുന്നത്.
ഈ വര്‍ഷം ജൂലൈ 15ന് ഷൂട്ടിംഗ് തുടങ്ങാനിരുന്ന കടുവ കൊവിഡ് പ്രതിസന്ധിയേത്തുടര്‍ന്ന് മാറ്റിവക്കുകയായിരുന്നെന്നും സുരേഷ്‌ഗോപി ചിത്രത്തിന്റെ സംവിധായകനായ മാത്യുസ് തോമസ് തന്റെ മുന്‍ ചിത്രങ്ങളില്‍ സംവിധാന സഹായി ആയിരുന്നു എന്നും കടുവയുടെ തിരക്കഥകൃത്ത് ജിനു ഡൂള്‍ന്യൂസിനോട് നേരത്തെ പറഞ്ഞിരുന്നു.
മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, പൃഥ്വിരാജ് സുകുമാരന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് കടുവ നിര്‍മ്മിക്കുന്നത്.
കഴിഞ്ഞ വര്‍ഷം പൃഥ്വിരാജിന്റെ ജന്‍മദിനത്തോടനുബന്ധിച്ചായിരുന്നു കടുവയുടെ പ്രഖ്യാപനവും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസും നടന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Prithviraj as ‘Kaduvakkunnel Kuravachchan’; Kaduva Filming in December, new poster out