കൊച്ചി: അഫ്ഗാന്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് വന്നിരിക്കുകയാണ് മലയാളി സൂപ്പര്‍ താരങ്ങളായ പൃഥ്വിരാജും ടൊവിനോ തോമസും. അഫ്ഗാനിസ്ഥാന്റെ നിലവിലെ സാഹചര്യം വ്യക്തമാക്കുന്ന അഫ്ഗാന്‍ സംവിധായിക സഹ്റ കരീമിയുടെ കത്ത് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചാണ് പൃഥ്വിരാജും ടൊവിനോയും അഫ്ഗാന്‍ ജനതയ്ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം വ്യക്തമാക്കിയത്.
ലോകത്തെമ്പാടുമുള്ള സിനിമാപ്രവര്‍ത്തകരോടും സിനിമാപ്രേമികളോടും ഷെയര്‍ ചെയത് സഹായിക്കാനാവശ്യപ്പട്ട സഹ്റയുടെ പോസ്റ്റാണ് ഇരുവരും ഷെയര്‍ ചെയ്തിട്ടുള്ളത്. നിരവധിപേരാണ് പൃഥ്വിരാജിന്റേയും ടൊവിനോയുടേയും പോസ്റ്റിന്റെ കീഴെ അനുകൂല കമന്റുകളുമായി എത്തിയിട്ടുള്ളത്. താലിബാന്‍ അനുകൂല കമന്റുകളും പോസ്റ്റിന് താഴെ വന്നിട്ടുണ്ട്.
‘എന്റെ രാജ്യത്ത് ഒരു ചലച്ചിത്രകാരിയെന്ന നിലയില്‍ ഞാന്‍ കഠിനാധ്വാനം ചെയ്തതെല്ലാം വീഴാനുള്ള സാധ്യതയുണ്ട്. താലിബാന്‍ ഏറ്റെടുത്താല്‍ അവര്‍ എല്ലാ കലയും നിരോധിക്കും. ഞാനും മറ്റ് സിനിമാക്കാരും അവരുടെ ഹിറ്റ്‌ലിസ്റ്റില്‍ അടുത്തതായിരിക്കാം.
അവര്‍ സ്ത്രീകളുടെ അവകാശങ്ങള്‍ വലിച്ചെറിയും, ഞങ്ങളുടെ വീടുകളുടെയും ശബ്ദങ്ങളുടെയും നിഴലിലേക്ക് ഞങ്ങള്‍ തള്ളപ്പെടും, ഞങ്ങളുടെ ആവിഷ്‌കാരം നിശബ്ദതയിലേക്ക് അടിച്ചമര്‍ത്തപ്പെടും.
താലിബാന്‍ അധികാരത്തിലിരുന്നപ്പോള്‍ സ്‌കൂളില്‍ പോകുന്ന പെണ്‍കുട്ടികളുടെ എണ്ണം പൂജ്യം ആയിരുന്നു. അതിനുശേഷം 9 ദശലക്ഷത്തിലധികം അഫ്ഗാന്‍ പെണ്‍കുട്ടികള്‍ സ്‌കൂളിലെത്തി. താലിബാന്‍ കീഴടക്കിയ മൂന്നാമത്തെ വലിയ നഗരമായ ഹെറാത്ത്, അതിന്റെ സര്‍വകലാശാലയില്‍ 50% സ്ത്രീകളായിരുന്നു.
ഇത് ലോകത്തിന് അറിയാത്ത അവിശ്വസനീയമായ നേട്ടങ്ങളാണ്. ഈ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍, താലിബാന്‍ നിരവധി സ്‌കൂളുകള്‍ നശിപ്പിക്കുകയും 2 ദശലക്ഷം പെണ്‍കുട്ടികള്‍ വീണ്ടും സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തു.
താലിബാന്‍ പുരുഷന്മാരെ കൂട്ടക്കൊല ചെയ്യുകയാണ്, പെണ്‍കുട്ടികളെ അവരുടെ വധുക്കളാക്കി വില്‍ക്കുകയാണ്. പലായനം ചെയ്ത ആയിരക്കണക്കിന് കുടുംബങ്ങള്‍ വൃത്തിഹീനമായ ക്യാമ്പുകളില്‍ കഴിയുകയാണ്. ഇവിടെ പാല്‍ പോലും ലഭിക്കാനില്ലാതെ പിഞ്ചുകുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന അവസ്ഥയിലാണ്.
ഏറെ നാളുകളായി ലോകം ഇതിനോടെല്ലാം കടുത്ത നിശബ്ദതയാണ് പാലിക്കുന്നതെന്ന് അറിയാമെങ്കിലും അഫ്ഗാന്‍ ജനതയെ ഇത്തരത്തില്‍ ഉപേക്ഷിക്കുന്നത് തെറ്റാണ്. അഫ്ഗാന് പുറത്തുള്ള ലോകം തങ്ങള്‍ക്കൊപ്പം നില്‍ക്കണമെന്നും ഇവിടെ എന്താണ് സംഭവിക്കുന്നതെന്ന് പുറംലോകത്തെ അറിയിക്കാനായി സഹായിക്കണം
ദയവായി ഇക്കാര്യങ്ങള്‍ നിങ്ങളുടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുക, നിങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഞങ്ങളെക്കുറിച്ച് എഴുതുക.
ലോകം ഞങ്ങളോട് മുഖം തിരിക്കരുത്. അഫ്ഗാന്‍ സ്ത്രീകള്‍, കുട്ടികള്‍, കലാകാരന്മാര്‍, ചലച്ചിത്ര പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നിങ്ങളുടെ പിന്തുണയും ശബ്ദവും ആവശ്യമാണ്. ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ട ഏറ്റവും വലിയ സഹായം ഇതാണ്.
ഈ ലോകം അഫ്ഗാനിസ്ഥാനികളെ ഉപേക്ഷിക്കാതിരിക്കാന്‍ ദയവായി ഞങ്ങളെ സഹായിക്കൂ. കാബൂള്‍ താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ് ഞങ്ങളെ സഹായിക്കൂ. ഞങ്ങള്‍ക്ക് കുറച്ച് സമയമേയുള്ളൂ, ഒരുപക്ഷേ ദിവസങ്ങള്‍,’ എന്നുള്ള സഹ്റ കരീമിയുടെ കത്താണ് ഇരുവരും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചത്.
ഒരുപാട് പേരാണ് ഇതിനോടകം തന്നെ ഈ കത്ത് ഷെയര്‍ ചെയത്, താലിബാനെതിരായ അഫ്ഗാന്‍ ജനതയുടെ പോരാട്ടങ്ങള്‍ക്ക് തങ്ങളുടെ ഐക്യദാര്‍ഢ്യം അറിയിച്ചിട്ടുള്ളത്.
ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും സിത്താരയും മുന്‍പുതന്നെ അഫ്ഗാന് പിന്തുണയുമായി എത്തിയിരുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇരുവരും താലിബാനെതിരെ വിമര്‍ശനവുമായി എത്തിയത്.
മുന്‍ എം.എല്‍.എ വി.ടി. ബല്‍റാമും താലിബാനെതിരെ പരസ്യവിമര്‍ശനം ഉന്നയിച്ചിരുന്നു. വിസ്മയമല്ല നിരാശയാണ് തോന്നുന്നതെന്നും ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിലും പ്രാകൃത ഗോത്ര നീതിയിലേക്കുള്ള തിരിച്ചുപോക്കിനെ നിസ്സഹായരായി കണ്ടുനില്‍ക്കേണ്ടി വരുന്ന അഫ്ഗാനിസ്ഥാനിലെ ജനതയ്‌ക്കൊപ്പമാണ് താനെന്നും വി.ടി. ബല്‍റാം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറഞ്ഞു.