പൂജ കഴിഞ്ഞ് ആദ്യത്തെ ഷോട്ടില്‍ അഭിനയിച്ചത് താനാണെന്ന് സിജു സണ്ണി, വെറുതെയല്ല ഷൂട്ട് നീണ്ടുപോയതെന്ന് പൃഥ്വി
Entertainment
പൂജ കഴിഞ്ഞ് ആദ്യത്തെ ഷോട്ടില്‍ അഭിനയിച്ചത് താനാണെന്ന് സിജു സണ്ണി, വെറുതെയല്ല ഷൂട്ട് നീണ്ടുപോയതെന്ന് പൃഥ്വി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2024 Jun 06, 07:49 am
Thursday, 6th June 2024, 1:19 pm

റിലീസ് ചെയ്ത് നാലാം വാരത്തിലേക്ക് കടക്കുമ്പോഴും മികച്ച രീതിയില്‍ മുന്നേറുകയാണ് പൃഥ്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയില്‍. ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത് ചിത്രത്തില്‍ പൃഥ്വിക്കൊപ്പം ബേസില്‍ ജോസഫും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇതുവരെ 80 കോടിയോളം ചിത്രം കളക്ട് ചെയ്തുകഴിഞ്ഞു. ചിത്രത്തിന്റെ ആദ്യ ദിവസത്തെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് പൃഥ്വിരാജും സിജു സണ്ണിയും.

സിനിമയുടെ പൂജ കഴിഞ്ഞ് ആദ്യം എടുത്ത ഷോട്ട് താനും സാഫ് ബോയും കൂടി കല്യാണക്കുറി അടിക്കുന്ന സീനാണെന്ന് സിജു പറഞ്ഞു. വെറുതെയല്ല സിനിമയുടെ ഷൂട്ട് ഇത്രയും നീണ്ടുപോയതെന്ന് പൃഥ്വി അതിന് തമാശരൂപത്തില്‍ മറുപടി നല്‍കി. അത്രയും വലിയ ക്രൗഡിന്റെ മുന്നില്‍ ആദ്യമായി അഭിനയിച്ച സമയത്ത് ഇല വിറക്കുന്നതുപോലെ വിറച്ചുവെന്നും സിജു സണ്ണി പറഞ്ഞു. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സ്‌കൈലാര്‍ക്ക് എന്റര്‍ടൈന്മെന്റ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്.

‘സിനിമയുടെ പൂജ കഴിഞ്ഞ് ആദ്യം ഷൂട്ട് ചെയ്ത സീനില്‍ അഭിനയിച്ചത് ഞാനും സാഫുമായിരുന്നു. ബേസിലിന്റെ കല്യാണക്കുറി അടിക്കുന്ന സീനായിരുന്നു ആദ്യം എടുത്തത്,’ സിജു സണ്ണി പറഞ്ഞു. ‘വെറുതേയല്ല സിനിമയുടെ ഷൂട്ട് ഇത്രയും മാസം നീണ്ടുപോയത്. നല്ല ഐശ്വര്യം തന്നെ രണ്ടുപേര്‍ക്കും,’ പൃഥി പറഞ്ഞു (ചിരിക്കുന്നു).

‘അത്രയും ക്രൗഡും, പ്രൊഡ്യൂസറുമൊക്കെ മോണിറ്ററിന്റെ മുന്നിലിരുന്ന ഷോട്ട് നോക്കുന്ന സമയത്ത് ഞാനും സാഫും ഇല വിറക്കുന്നത് പോലെ വിറക്കുകയായിരുന്നു. ആദ്യമായിട്ടാണ് ഇത്രയും വലിയ ക്രൗഡിന്റെ മുന്നില്‍ അഭിനയിക്കുന്നത്. പിന്നെ ആദ്യത്തെ സീനിലൊക്കെ നല്ലവണ്ണം ഇളകി അഭിനയിച്ചപ്പോള്‍ വിപിനേട്ടന്‍ പറഞ്ഞു, ഇത്രക്ക് ഇളക്കം വേണ്ട, സാധാരണ പറയുന്നത് പോലെ പറഞ്ഞാല്‍ മതിയെന്ന്. അങ്ങനെ രണ്ടുമൂന്ന് ദിവസം വിപിനേട്ടന്‍ ഞങ്ങളെ സെറ്റാക്കി, ‘ സിജു സണ്ണി പറഞ്ഞു.

Content Highlight: Prithviraj and Siju sunny about the first shot of Guruvayoor Ambalanadayil