ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.
കോഴിക്കോട്: മലബാര്‍ കലാപത്തെ അടിസ്ഥാനമാക്കി വാരിയന്‍കുന്നന്‍ സിനിമ കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ ആഷിഖ് അബു പ്രഖ്യാപിച്ചത്. നടന്‍ പൃഥ്വാരാജാണ് വരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയായി എത്തുന്നത്.
ചിത്രത്തിനെതിരെ പ്രതിഷേധവുമായി സംഘപരിവാര്‍ സംഘടനകളും പ്രവര്‍ത്തകരും രംഗത്ത് എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനെതിരെയും ആഷിഖ് അബുവിനും പൃഥ്വിക്കുമെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ബി.ജെ.പി അനുഭാവിയും സംവിധായകനുമായ രാജസേനന്‍.
ആഷിഖ് അബുവും പൃഥ്വിരാജും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളാണെന്നും വാരിയംകുന്നനിലൂടെ അവര്‍ ചരിത്രം വളച്ചൊടിക്കുമെന്നുമാണ് രാജസേനന്റെ ആരോപണം. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖ്യത്തിലായിരുന്നു രാജസേനന്റെ ആരോപണം.
‘കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തിനിടെ രാജ്യത്ത് സംഭവിച്ച നല്ല കാര്യങ്ങളെ എല്ലാം എതിര്‍ത്തവരാണ് ഈ ആഷിക്ക് അബുവും പൃഥ്വിരാജും. അവരുടെ രാഷ്ട്രീയം അതാണ്. കാരണം അവര്‍ കമ്യൂണിസ്റ്റുകാരാണ്. കമ്യൂണിസ്റ്റുകാര്‍ക്ക് ഒരിക്കലും രാജ്യം നന്നാകാന്‍ താല്‍പര്യം കാണില്ല. അവര്‍ക്ക് എന്നും ജനങ്ങള്‍ എന്നും പട്ടിണിയിലും വിദ്യാഭാസമില്ലാതെയും ബുദ്ധിവികസിക്കാതെയും ജീവിക്കുന്നതിലാണ് താല്‍പര്യം. അല്ലെങ്കില്‍ അവര്‍ക്ക് വോട്ട് കിട്ടില്ല. ബുദ്ധി വളര്‍ന്നിടത്ത് കമ്യൂണിസം നശിച്ചിട്ടുണ്ട്. അതാണ് അതിന്റെ സത്യം. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വക്താക്കളായ ആഷിക്ക് അബുവും പൃഥ്വിരാജും ആ സിനിമയുടെ ആള്‍ക്കാരായി മാറിയപ്പോള്‍ ചരിത്രം വളച്ചൊടിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. ചരിത്രം വളച്ചൊടിക്കുന്നവരാണ് കമ്യൂണിസ്റ്റുകാര്‍.’ എന്നാണ് രാജസേനന്‍ പറഞ്ഞത്.
ടിവിയില്‍ ഒക്കെ ഇവര്‍ ഇരുന്ന് സംസാരിക്കുന്നത് കണ്ടിട്ടില്ലേ, ആദ്യം നമുക്ക് തോന്നും കേരളമാണ് ഇന്ത്യയെന്ന്. കൊവിഡിന്റെ കാര്യത്തില്‍ കേരളം ഒന്നാമതാണെന്ന് പറയും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ ഫ്‌ലൈറ്റ് ഇറങ്ങിയ പ്രവാസികള്‍ കഷ്ടപ്പെടുന്നത് ഞാന്‍ കണ്ടതാണ്. ഇതൊക്കെ കൊണ്ടുതന്നെ ഈ സിനിമയും ചരിത്രം വളച്ചൊടിക്കും. അവര്‍ പറയുന്ന പ്രസ്താവനകളില്‍ തന്നെ ഇത് കാണാം. അതുകൊണ്ടുള്ള വിമര്‍ശനങ്ങളാണ് ഇവര്‍ക്കെതിരെ ഉയര്‍ന്നത്. അവര്‍ക്ക് സിനിമ എടുക്കാനുള്ള അവകാശം ഉള്ളതുപോലെ ഇതിനെ വിമര്‍ശിക്കാനുള്ള അവകാശം നമുക്കുമുണ്ടെന്നും രാജസേനന്‍ പറഞ്ഞു.
അതേസമയം ചിത്രം പ്രഖ്യാപിച്ചതിന് പിന്നാലെ പൃഥ്വിരാജിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ സൈബര്‍ ആക്രമണം നടത്തിയിരുന്നു.
ചിത്രത്തില്‍ നിന്ന് പൃഥ്വി പിന്മാറണം എന്നാവശ്യപ്പെട്ടുകൊണ്ടായിരുന്നു സൈബര്‍ ആക്രമണം നടക്കുന്നത്. പൃഥ്വിയുടെ അമ്മയെ അധിക്ഷേപിക്കുന്ന തരത്തിലടക്കം പരമര്‍ശങ്ങളാണ് സൈബര്‍ ഇടത്തില്‍ സംഘ് പ്രൊഫൈലുകളില്‍ നിന്ന് എത്തുന്നത്. അംബിക, ബി രാധാകൃഷ്ണ മേനോന്‍, അലി അക്ബര്‍ തുടങ്ങിയവരും പൃഥ്വിക്ക് എതിരെ രംഗത്ത് എത്തിയിരുന്നു.
ഇതിന് പിന്നാലെ വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയെ വില്ലനായി താന്‍ സിനിമ പിടിക്കുമെന്നും ഇതിനായി സാമ്പത്തിക സഹായം ചെയ്യണമെന്നും അലി അക്ബര്‍ ആഹ്വാനം ചെയ്തിരുന്നു.
അതേസമയം അലി അക്ബറിന്റെ സിനിമയ്ക്ക് എതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കുടുംബം വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കാന്‍ ശ്രമിക്കുന്നതാണ് സംഘപരിവാറിന്റെ നീക്കമെന്നും കുടുംബം വ്യക്തമാക്കിയിരുന്നു.
ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്, ടെലഗ്രാം, ഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.