| Saturday, 9th July 2022, 1:41 pm

ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ ഓവര്‍ ക്വാളിഫൈഡാണ് സുപ്രിയ; പഴയ കരിയര്‍ സുപ്രിയ തീര്‍ച്ചയായും മിസ്സ് ചെയ്യുന്നുണ്ട്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാജി കൈലാസിന്റെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ കടുവ തിയേറ്ററുകള്‍ നിറഞ്ഞ സദസുകളില്‍ പ്രദര്‍ശനം തുടരുകയാണ്. പൃഥ്വിരാജിന്റെ തന്നെ നിര്‍മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ചിത്രം നിര്‍മിച്ചിരിക്കുന്നത് സുപ്രിയ മേനോനാണ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ഉടമ കൂടിയാണ് സുപ്രിയ.

നേരത്തെ മാധ്യമപ്രവര്‍ത്തകയായ കരിയര്‍ തുടങ്ങിയ സുപ്രിയ ഇപ്പോള്‍ ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തുന്നതിലേക്ക് ഒതുങ്ങിയതിനെ കുറിച്ചും സുപ്രിയ ഇഷ്ടപ്പെടുന്ന അവരുടെ കരിയറിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ പൃഥ്വിരാജ്. മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് സംസാരിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ ഓഫര്‍ ക്വാളിഫൈഡാണ് സുപ്രിയയെന്നും ഏതെങ്കിലുമൊരു ഘട്ടത്തില്‍ പഴയ കരിയറിലേക്ക് സുപ്രിയ തിരിച്ചുപോകുമെന്നുമാണ് പൃഥ്വിരാജ് അഭിമുഖത്തില്‍ പറയുന്നത്.

സുപ്രിയ ഇപ്പോള്‍ പ്രൊഡക്ഷന്‍ സൈഡില്‍ കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. സിനിമയില്‍ കാര്യക്ഷമമായി അവര്‍ ഇടപെടുന്നുമുണ്ട്. ഒരു ആക്ടര്‍ എന്ന നിലയ്ക്ക് പ്രൊഫഷണല്‍ ലൈഫില്‍ താങ്കള്‍ക്ക് എത്രത്തോളം ഹെല്‍പ് ഫുളാണ് സുപ്രിയ എന്ന ചോദ്യത്തിനായിരുന്നു പൃഥ്വിയുടെ മറുപടി.

‘തീര്‍ച്ചയായും അത് ഹെല്‍പ് ഫുള്‍ ആണ്. ഒരു പ്രൊഡക്ഷന്‍ കമ്പനി നടത്തുമ്പോള്‍ ആളുകള്‍ കാണുന്ന ജോലിയാണ് ഗ്ലാമറസ് ആയിട്ടുള്ള ജോലികള്‍. അതായത് ഏത് സിനിമ ചെയ്യണമെന്ന് തീരുമാനിക്കുക, പ്രൊജക്ട് സെറ്റപ്പ് ചെയ്യാന്‍ വേണ്ടി മീറ്റിങ്ങുകള്‍ ഇരിക്കുക, കാസ്റ്റിങ് മീറ്റിങ്ങുകള്‍ നടത്തുക, ലൊക്കേഷന്‍ കണ്ടെത്തുക അതൊക്കെയാണ് ചെയ്യാന്‍ രസമുള്ള ജോലികള്‍. അതൊക്കെയാണ് ഞാന്‍ ചെയ്യുന്നത്.

അത് പക്ഷേ കുറച്ചേയുള്ളൂ. ഭൂരിഭാഗവും ചെയ്യാന്‍ ഒട്ടും രസമില്ലാത്ത ക്ലറിക്കല്‍ സ്വഭാവമുള്ള ജോലികളാണ്. കമ്പനി ബുക്ക്‌സ് മെയിന്റൈന്‍ ചെയ്യുക, കൃത്യമായ ജി.എസ്.ടി ഫയല് ചെയ്യുക, ടി.ഡി.എസ് ഫയലിങ് തുടങ്ങിയ കാര്യങ്ങള്‍ മുഴുവന്‍ നോക്കുന്നത് സുപ്രിയയും എന്റെ ഓഫീസും കൂടിയാണ്.

സുപ്രിയ ശരിക്കും അതിനേക്കാള്‍ വളരെ ഓവര്‍ ക്വാളിഫൈഡാണ്. അവര്‍ ശരിക്കും നിങ്ങളെപ്പോലെ ഒരു ജേണലിസ്റ്റാണ്. ഈ ജോലി ചെയ്യേണ്ട ആളല്ല. ഞാന്‍ എപ്പോഴും പറയും കമ്പനി ഒന്ന് സ്മൂത്ത്‌ലി റണ്‍ ആയി ഒരു മെഷിനറി സെറ്റ് ആയി കഴിഞ്ഞാല്‍ സുപ്രിയ ഇതില്‍ നിന്ന് മാറണമെന്ന്. മാനജര്‍മാരെപ്പോലെ ആരെയെങ്കിലും നിയമിച്ചിട്ട് സുപ്രിയയ്ക്ക് ഇഷ്ടമുള്ളത് എന്തെങ്കിലും ചെയ്യണം. ക്രിയേറ്റീവ് ആയിട്ടോ അല്ലെങ്കില്‍ സ്വതന്ത്രമായി ഒരു ബാനര്‍ തുടങ്ങിയിട്ടോ അല്ലെങ്കില്‍ ഇന്‍ഡിപെന്റന്റ് ആയി ന്യൂസ് റിപ്പോര്‍ട്ടിങ് ചാനല്‍ തുടങ്ങിയിട്ടോ എന്തെങ്കിലുമായിട്ട്. കാരണം ഇപ്പോള്‍ ചെയ്യുന്ന ജോലിയേക്കാള്‍ ഓവര്‍ ക്വാളിഫൈഡാണ് സുപ്രിയ. പക്ഷേ സുപ്രിയ അത് ചെയ്യുന്നതുകൊണ്ടാണ് മറ്റ് കാര്യങ്ങള്‍ ശ്രദ്ധിക്കാതെ എനിക്ക് ഇത്തരം കാര്യങ്ങളില്‍ കൂടി ഇടപെടാന്‍ പറ്റുന്നത്, പൃഥ്വി പറഞ്ഞു.

സുപ്രിയ ഇപ്പോഴും മിസ്സ് ചെയ്യുന്നത് അവരുടെ മുന്‍പത്തെ ലൈഫാണെന്നും പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു. ഓണ്‍ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോര്‍ട്ടിങ് ഇപ്പോഴും സുപ്രിയ മിസ്സ് ചെയ്യുന്നുണ്ട്. അവര്‍ ബി.ബി.സിയില്‍ ഒരു ബിസിനസ് ജേണലിസ്റ്റായിരുന്നു. അതിന് മുന്‍പ് ഓണ്‍ ദി ഗ്രൗണ്ട് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്ന ജേണലിസ്റ്റാണ്. അത് സുപ്രിയ തീര്‍ച്ചയായും മിസ് ചെയ്യുന്നുണ്ട്, പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about Wife Supriya and her career as a journalist

We use cookies to give you the best possible experience. Learn more