ബറോസിൽ നിന്ന് ഒരിക്കലും ഞാൻ പിന്മാറില്ലായിരുന്നു, പക്ഷെ അന്ന് പിന്മാറാൻ കാരണമുണ്ട്: പൃഥ്വിരാജ്
Entertainment
ബറോസിൽ നിന്ന് ഒരിക്കലും ഞാൻ പിന്മാറില്ലായിരുന്നു, പക്ഷെ അന്ന് പിന്മാറാൻ കാരണമുണ്ട്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th November 2024, 4:04 pm

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. കഴിഞ്ഞ ദിവസമിറങ്ങിയ ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്.

ബറോസിൽ നടൻ പൃഥ്വിരാജും ഭാഗമാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു എന്നാൽ മറ്റ് സിനിമ തിരക്കുകൾ കാരണം പൃഥ്വി സിനിമയിൽ നിന്ന് പിന്മാറുകയായിരുന്നു. ബറോസിൽ നിന്ന് പിന്മാറിയതിൽ തനിക്ക് കുറ്റബോധമുണ്ടെന്നും കുറച്ച് ദിവസം താൻ ചിത്രത്തിന്റെ സെറ്റിൽ ഉണ്ടായിരുന്നുവെന്നും പൃഥ്വി പറയുന്നു. എങ്ങനെയൊരു ത്രീ.ഡി സിനിമ എടുക്കാമെന്നാണ് ആ ലൊക്കേഷനിൽ വെച്ച് താൻ മനസിലാക്കാൻ ശ്രമിച്ചതെന്നും പൃഥ്വി പറഞ്ഞു. ക്ലബ്ബ് എഫ്. എമ്മിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ബറോസിൽ നിന്ന് പിന്മാറേണ്ടി വന്നതിൽ എനിക്ക് കുറ്റബോധമുണ്ട്. ബറോസിന്റെ ഷൂട്ട്‌ അന്ന് നടക്കാതെ പോയി പിന്നീട് ഷൂട്ട്‌ നടന്നപ്പോൾ ഞാൻ ആടുജീവിതത്തിനായി വീണ്ടും പോവേണ്ട ഒരു സമയമായിരുന്നു അത്. അല്ലെങ്കിൽ ഞാൻ ഒരിക്കലും ആ സിനിമയിൽ നിന്ന് പിന്മാറില്ലായിരുന്നു.

ഒരുപാട് കാര്യങ്ങൾ പഠിക്കാനുള്ള അവസരമായിരുന്നു ആ സിനിമ. ഒരാഴ്ച ഞാൻ ബറോസിന്റെ സെറ്റിൽ നിന്നപ്പോൾ  എപ്പോഴും ശ്രദ്ധിച്ചത് എനിക്ക് സ്വന്തമായി ഒരു ത്രീ.ഡി ഫിലിം എടുക്കണമെങ്കിൽ എന്തൊക്കെ ചെയ്യണമെന്നായിരുന്നു.

മലയാളം പോലൊരു ചെറിയ ഇന്‍ഡസ്ട്രിയില്‍ ഒരുങ്ങുന്ന സിനിമയായതുകൊണ്ട് പ്രൊഡക്ഷനില്‍ അവര്‍ യാതൊരു പിശുക്കും കാണിച്ചിട്ടില്ല. ഇന്‍ഡസ്ട്രിയില്‍ കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും മികച്ച ത്രീ.ഡി. ക്യാമറയാണ് ബാറോസില്‍ ഉപയോഗിച്ചിട്ടുള്ളത്. ക്യാമറക്ക് പിന്നിലും മികച്ച ടെക്‌നീഷ്യന്മാരുണ്ട്.

സന്തോഷ് ശിവന്‍ സാര്‍, ജിജോ സാര്‍ അങ്ങനെയുള്ളവര്‍ ആ സിനിമയുടെ എല്ലാ കാര്യത്തിലും ഭാഗമായി നില്‍ക്കുന്നുണ്ട്. ആ പടത്തില്‍ എനിക്ക് ഷൂട്ടുണ്ടായിരുന്ന ദിവസങ്ങളില്‍ ത്രീ.ഡിയുടെ സെറ്റിലായിരുന്നു കൂടുതല്‍ സമയവും ഞാന്‍ നിന്നിരുന്നത്,’ പൃഥ്വിരാജ് പറഞ്ഞു.

 

Content Highlight: Prithviraj About why he back off in barozz Movie