ആടുജീവിതത്തിന്റെ ട്രെയിലറില്‍ കാണുന്ന പാമ്പുകൾ ഒറിജിനലാണെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ്. പാമ്പുകളുടെ സീനിൽ ഒറിജിനൽ പാമ്പിനെയാണ് ഉപയോഗിച്ചതെന്നും പൃഥ്വിരാജ് പറഞ്ഞു. നാലോ അഞ്ചോ ഒറിജിനൽ പാമ്പുകളും അത് വി.എഫ്.എക്സ് ചെയ്ത് ഇരട്ടിപ്പിച്ച് കാണിക്കുകയായിരുന്നെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു. ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവൻ ആനിമൽ ട്രെയിനറിനെ കണ്ടെത്തുകയും പാമ്പിനെ കൊണ്ടുവരികയും ചെയ്തതെന്നും പൃഥ്വിരാജ് ക്ലബ്ബ് എഫ്.എമ്മിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
‘ട്രെയിലറില്‍ നിങ്ങള്‍ കാണുന്ന പാമ്പ് ഒറിജിനലാണ്. പാമ്പുകളുടെ സീനിൽ ഒറിജിനൽ പാമ്പിനെയാണ് ഉപയോഗിച്ചത്. നാലോ അഞ്ചോ ഒറിജിനൽ പാമ്പുകളും അത് വി.എഫ്.എക്സ് ചെയ്ത് ഇരട്ടിപ്പിച്ച് ചെയ്തതാണ്. ക്ലോസപ്പ്സ് ഷോട്ടിലൊക്കെ റിയൽ പാമ്പാണ്. നമ്മുടെ ആർട്ട് ഡയറക്ടർ പ്രശാന്ത് മാധവാണ് ആനിമൽ ട്രെയിനറിനെ കണ്ടെത്തുകയും പാമ്പിനെ കൊണ്ടുവരികയും ചെയ്തത്. സൈഡ് വൈന്‍ഡര്‍ എന്നോ മറ്റോ ആണ് ആ പാമ്പിന്റെ പേര്. പുള്ളിക്കാരന്‍ നാലോ അഞ്ചോ പാമ്പുകളെ കൊണ്ടുവന്നു,’ പൃഥ്വിരാജ് പറഞ്ഞു.
യഥാർത്ഥ കഥയെ ആസ്പദമാക്കി ബ്ലെസ്സി സംവിധാനം ചെയ്യുന്ന സിനിമയാണ് ആടുജീവിതം. ചിത്രത്തില്‍ പൃഥ്വിരാജാണ് നായകന്‍. അമലാ പോള്‍, ജിമ്മി ജീന്‍ ലൂയിസ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍. ചിത്രം മാർച്ച് 28നാണ് തിയേറ്ററിൽ എത്തുന്നത്. മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രംകൂടിയാണിത്.
എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന്റെ സംഗീതം. ശ്രീകര്‍ പ്രസാദ് എഡിറ്റിങ്ങും, സുനില്‍ കെ.എസ് ഛായാഗ്രഹണവും നിര്‍വഹിക്കുന്നു. മലയാള സിനിമയിലെതന്നെ ഏറ്റവും വലിയ ചിത്രങ്ങളില്‍ ഒന്നായി ഒരുങ്ങുന്ന ആടുജീവിതം മികവുറ്റ നിര്‍മാണ നിലവാരം, സൗന്ദര്യാത്മക ഘടകങ്ങള്‍, മികച്ച കഥാഖ്യാനശൈലി, പ്രകടനങ്ങള്‍ തുടങ്ങിയ ഘടകങ്ങളാല്‍ വേറിട്ടു നില്‍ക്കുന്നു. ചിത്രം കേരളത്തിലെ സുഖസൗകര്യങ്ങളില്‍നിന്ന് ഭാഗ്യം തേടി വിദേശത്തേക്ക് കുടിയേറിയ നജീബ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിന്റെയും സഹനത്തിന്റെയും കഥയാണ്.
Content Highlight: Prithviraj about VFX used in aadujeevitham