പല സിനിമകളും സീക്വലും പ്രീക്വലും അനൗണ്‍സ് ചെയ്യുന്നത് കൊമേഴ്‌സ്യല്‍ വാല്യു കൂട്ടാനാണ്, ഓര്‍ഗാനിക്കായി സംഭവിക്കുന്ന സിനിമകള്‍ കുറവാണ്: പൃഥ്വിരാജ്
Entertainment
പല സിനിമകളും സീക്വലും പ്രീക്വലും അനൗണ്‍സ് ചെയ്യുന്നത് കൊമേഴ്‌സ്യല്‍ വാല്യു കൂട്ടാനാണ്, ഓര്‍ഗാനിക്കായി സംഭവിക്കുന്ന സിനിമകള്‍ കുറവാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 8:19 pm

2004ല്‍ റിലീസായ നന്ദനത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 20 വര്‍ഷത്തെ കരിയറിനിടെ മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി മാറാന്‍ പൃഥ്വിക്ക് കഴിഞ്ഞു. നടന്‍ എന്ന നിലയില്‍ മാത്രമല്ല, നിര്‍മാതാവ്, സംവിധായകന്‍, ഗായകന്‍ എന്നീ നിലകളില്‍ തന്റെ കഴിവ് പൃഥ്വി തെളിയിച്ചിട്ടുണ്ട്. തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലെ വമ്പന്‍ പ്രൊജക്ടുകളുടെ ഭാഗമാവാനും താരത്തിന് സാധിച്ചു.

ഇപ്പോള്‍ പല സിനിമകളും പിന്തുടരുന്ന രണ്ടാം ഭാഗം എന്ന ട്രെന്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. ആദ്യ ഭാഗം പ്രതീക്ഷിച്ച വിജയമാകുമോ എന്ന് സംശയമുള്ള സിനിമാക്കാര്‍ പലപ്പോഴും രണ്ടാം ഭാഗത്തിനെക്കുറിച്ചും ചിന്തിക്കുമെന്നും അതുവഴി ആദ്യഭാഗത്തിന് കുറച്ചുകൂടി സാമ്പത്തികവിജയം നേടാനാകുമെന്നും പൃഥ്വി പറഞ്ഞു.

കച്ചവടപരായി നോക്കുമ്പോള്‍ രണ്ടാം ഭാഗത്തിനെക്കുറിച്ച് അനൗണ്‍സ് ചെയ്താല്‍ ആദ്യഭാഗത്തിന് കൊമേഴ്‌സ്യല്‍ വാല്യു കൂടുമെന്നും പൃഥ്വി പറഞ്ഞു. ചില സിനിമകള്‍ മാത്രമേ ഓര്‍ഗാനിക്കായി സീക്വലിനെക്കുറിച്ച് ചിന്തിക്കാറുള്ളുവെന്നും താരം പറഞ്ഞു. താന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് ഭാഗമുണ്ടാകുമെന്ന് ആദ്യമേ തീരുമാനിച്ചിരുന്നുവെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. യെസ് എഡിറ്റോറിയലിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘ഈയടുത്തായി കണ്ടുവരുന്ന ഒരു ട്രെന്‍ഡാണ് പല സിനിമകള്‍ക്കും സീക്വലും പ്രീക്വലും അനൗണ്‍സ് ചെയ്യുന്നത്. ഇതില്‍ ഭൂരിഭാഗം സിനിമകളും കൊമേഴ്‌സ്യല്‍ സാധ്യത മാത്രം മുന്നില്‍ കണ്ടുകൊണ്ടാണ് അങ്ങനെ ചെയ്യുന്നത്. കാരണം, ഒരു സെക്കന്‍ഡ് പാര്‍ട്ട് ഉണ്ടെന്ന് അറിയിക്കുമ്പോള്‍ സ്വാഭാവികമായും ആദ്യഭാഗത്തിന്റെ ബിസിനസിനെ അത് വലിയ രീതിയില്‍ സഹായിക്കും.

വളരെ കുറച്ച് സിനിമകള്‍ക്ക് മാത്രമേ ഓര്‍ഗാനിക്കായി സീക്വല്‍ സംഭവിക്കുന്നുള്ളൂ. ഉദാഹരണത്തിന്, ഞാന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ മൂന്ന് പാര്‍ട്ടില്‍ ചെയ്യേണ്ടി വരുമെന്ന് ആദ്യമേ അതിന്റെ തിരക്കഥാകൃത്തിനും എനിക്കും അറിയാമായിരുന്നു. സത്യം പറഞ്ഞാല്‍ 12 പാര്‍ട്ടുള്ള വെബ് സീരീസായാണ് ലൂസിഫര്‍ എടുക്കാന്‍ പ്ലാന്‍ ചെയ്തത്. അതുപോലെ ഓര്‍ഗാനിക്കായി സീക്വല്‍ അല്ലെങ്കില്‍ പ്രീക്വലുണ്ടാകുന്ന സിനിമകള്‍ കുറവാണ്,’ പൃഥ്വിരാജ് പറഞ്ഞു.

Content Highlight: Prithviraj about the trend of sequel in Indian movies