ഒന്നും കാണാതെയല്ല മമ്മൂക്കയ്ക്ക് നല്‍കിയ ബര്‍ത്ത് ഡേ വിഷില്‍ ഞാന്‍ അക്കാര്യം പറഞ്ഞത്, കൊവിഡ് സമയത്ത് തന്നെ ഞാന്‍ അത് മനസിലാക്കിയിരുന്നു: പൃഥ്വിരാജ്
Entertainment
ഒന്നും കാണാതെയല്ല മമ്മൂക്കയ്ക്ക് നല്‍കിയ ബര്‍ത്ത് ഡേ വിഷില്‍ ഞാന്‍ അക്കാര്യം പറഞ്ഞത്, കൊവിഡ് സമയത്ത് തന്നെ ഞാന്‍ അത് മനസിലാക്കിയിരുന്നു: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 20th March 2024, 12:01 pm

ആടുജീവിത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫിലിം കമ്പാനിയന് നല്‍കിയ അഭിമുഖത്തില്‍ മമ്മൂട്ടിയുടെ കരിയറിലെ ഇപ്പോഴത്തെ മാറ്റത്തെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. ഞങ്ങള്‍ പോലും അധികം ചിന്തിക്കാത്ത തരത്തിലുള്ള കാര്യങ്ങളാണ് മമ്മൂട്ടി ഇപ്പോള്‍ ചെയ്യുന്നതെന്നും ലോക്ക്ഡൗണ്‍ സമയത്ത് തനിക്ക് അത് മനസിലായിരുന്നെന്നും പൃഥ്വി പറഞ്ഞു. ഭ്രമയുഗവും കാതലും മമ്മൂട്ടിയെപ്പോലെ ഒരു നടന്‍ ചെയ്തത് കണ്ട് അതിശയിച്ചുപോയെന്ന് അവതാരിക പറഞ്ഞതിനോട് മറുപടിയായിരുന്നു പൃഥ്വിരാജ്.

‘ലോക്ക്ഡൗണിന്റെ സമയത്ത് ഞങ്ങള്‍ എല്ലാവരും കൊച്ചിയില്‍ തന്നെയായിരുന്നു. ഞാന്‍ മമ്മൂക്ക, ദുല്‍ഖര്‍, ഫഹദ് എല്ലാവരും നാലഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ തന്നെയായിരുന്നു താമസം. ഇടക്ക് ഞാനും ഭാര്യയും മമ്മൂക്കയുടെ വീട്ടില്‍ ലഞ്ചിന് പോകുമായിരുന്നു. ഒന്നുരണ്ട് തവണ മമ്മൂക്കയുമായി കൂടിക്കാഴ്ച നടത്തിയപ്പോള്‍ എനിക്ക് മനസിലായി, മമ്മൂക്ക കരിയറിന്റെ പുതിയ ഫേസിലേക്ക് പോകാന്‍ തീരുമാനിച്ചുവെന്ന്.

ലോക്ക്ഡൗണില്‍ സിനിമകളൊന്നും ചെയ്യാന്‍ പറ്റാതെയിരുന്നപ്പോള്‍ പുള്ളി ചിന്തിച്ചുകാണും, ഒരുപാട് കാലമായില്ലേ ഫീല്‍ഡില്‍ നില്‍ക്കുന്നു. ഇനി കുറച്ച് പരീക്ഷണമാവാം എന്ന്. നമുക്കെല്ലാം ഇനി അടിപൊളി ട്രീറ്റായിരിക്കും മമ്മൂക്ക തരാന്‍ പോകുന്നതെന്ന് എനിക്ക് മനസിലായി.

അതുകൊണ്ടാണ് അദ്ദേഹത്തിന്റെ ബര്‍ത്ത്‌ഡേയ്ക്ക് വിഷ് ചെയ്തുകൊണ്ടുള്ള വീഡിയോയില്‍ മമ്മൂക്കയുടെ കരിയറിന്റെ പുതിയ ഫേസിലേക്ക് കടക്കാന്‍ പോവുകയാണെന്ന് ഞാന്‍ പറഞ്ഞത്. കാരണം മമ്മൂക്ക ചെയ്യാന്‍ പോകുന്നത് എനിക്ക് മനസിലാക്കാന്‍ പറ്റിയിരുന്നു.

ലോക്ക്ഡൗണിലെ ചിന്തകളും അവസ്ഥകളും എല്ലാം കണ്ട ശേഷം അദ്ദേഹം ചിന്തിച്ചത് ഇങ്ങനെയാകും, ഒരുപാട് കാലമായി ഫീല്‍ഡില്‍ നില്‍ക്കുന്നു. ഇനി കുറച്ചുകാലം കൂടെയേ കിട്ടുള്ളൂ. ഇനി ഒന്ന് അടിച്ചുപൊളിക്കാമെന്ന്. അദ്ദേഹം ഇങ്ങനെ കരിയറില്‍ തിളങ്ങുന്നത് കൊണ്ട് കഷ്ടപ്പെടുന്നത് ഞങ്ങളാണ്,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about the new phase of Mammootty’s career