നടന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നിങ്ങനെ കൈവെച്ച മേഖലകളിലെല്ലാം തന്റെ കൈയൊപ്പ് പതിപ്പിച്ച താരമാണ് പൃഥ്വിരാജ് സുകുമാരന്‍ . കരിയറിന്റെ തുടക്കകാലത്ത് നേരിട്ട സൈബര്‍ ബുള്ളിയിങ്ങിനെ നേരിട്ട് ഇന്‍ഡസ്ട്രിയിലെ മുന്‍നിര നടന്മാരില്‍ ഒരാളായി മാറാന്‍ പൃഥ്വിക്ക് സാധിച്ചു. മലയാളം കൂടാതെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചു. ഏഴ് വര്‍ഷത്തോളം നീണ്ടു നിന്ന ആടുജീവിതമാണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തിന് വേണ്ടി പൃഥ്വി നടത്തിയ ട്രാന്‍സ്‌ഫോര്‍മേഷന്‍ വലിയ ചര്‍ച്ചയായിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് സിനിമാവികടന് നല്‍കിയ അഭിമുഖത്തില്‍ സൗത്ത് ഇന്ത്യന്‍ താരം പ്രകാശ് രാജുമായുള്ള സൗഹൃദത്തെക്കുറിച്ച് സംസാരിച്ചു. പാരിജാതം എന്ന സിനിമയില്‍ വെച്ചാണ് പ്രകാശ് രാജുമായി സൗഹൃദം ആരംഭിക്കുന്നതെന്നും, ഇപ്പോഴും അത് തുടരുന്നുണ്ടെന്നും പൃഥ്വി പറഞ്ഞു.
താന്‍ ആദ്യമായി നിര്‍മിച്ച നയന്‍ എന്ന സിനിമയില്‍ പ്രകാശ് രാജും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചെന്നും അതിന് ചെക്ക് നല്‍കിയപ്പോള്‍ അദ്ദേഹം അത് കീറിക്കളയുകയായിരുന്നുവെന്നും പൃഥ്വി പറഞ്ഞു.
‘2007ല്‍ പാരിജാതം എന്ന തമിഴ് സിനിമയുടെ സമയത്താണ് പ്രകാശ് രാജിനെ പരിചയപ്പെടുന്നത്. ഭാഗ്യരാജായിരുന്നു ആ സിനിമയുടെ സംവിധായകന്‍. അതിന്റെ സെറ്റില്‍ വെച്ചാണ് എന്നോട് മൊഴി എന്ന സിനിമയുടെ കഥ പ്രകാശ് രാജ് പറയുന്നത്. ഇതിലെ വേഷം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ അത് ചെയ്യുകയായിരുന്നു.
ആ സിനിമയിലെ ഞങ്ങളുടെ കെമിസ്ട്രിക്ക് കാരണം, ഓഫ് സ്‌ക്രീനില്‍ അദ്ദേഹം എന്നെ ട്രീറ്റ് ചെയ്ത രീതിയാണ്. അദ്ദേഹത്തിന്റെ വീട്ടിലേക്ക് വിളിക്കുകയും ഭക്ഷണം ഉണ്ടാക്കി തരികയുമൊക്കെ ചെയ്തിരുന്നു. അങ്ങനെയൊക്കെ ചെയ്യുന്ന ഒരു സീനിയര്‍ ആക്ടറുമായുള്ള കെമിസ്ട്രി മൊഴിയില്‍ ഒരുപാട് ഗുണം ചെയ്തു. അതിന് ശേഷവും ഞങ്ങള്‍ ഒരുമിച്ചഭിനയിച്ചു.
വര്‍ഷങ്ങള്‍ക്ക് ശേഷം ഞാന്‍ ഒരു നിര്‍മാതാവായപ്പോള്‍ എന്റെ ആദ്യ സിനിമയില്‍ അദ്ദേഹത്തിന് ഒരു വേഷം നല്‍കിയിരുന്നു. നയന്‍ എന്ന സിനിമയില്‍ ഇമ്പോര്‍ട്ടന്റായിട്ടുള്ള വേഷമായിരുന്നു അദ്ദേഹത്തിന്. അതില്‍ അഭിനയിച്ചതിന് അദ്ദേഹത്തിന് ചെക്ക് നല്‍കിയപ്പോള്‍ അത് കീറിക്കളഞ്ഞു. ഇങ്ങനെയാണോ എന്നെപ്പറ്റി വിചാരിച്ച് വെച്ചിരിക്കുന്നത് എന്ന് ചോദിച്ച് ദേഷ്യപ്പെട്ടു. അങ്ങനെയൊരു ബന്ധമാണ് ഞങ്ങള്‍ തമ്മില്‍,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj about the friendship with Prakash Raj