തന്റെ കരിയറില്‍ ഇതുവരെ എടുക്കാത്ത എഫര്‍ട്ട് ഒരു സിനിമക്കായി എടുത്തിരിക്കുകയാണ് പൃഥ്വിരാജ്. ആടുജീവിതം എന്ന സിനിമക്കായി തന്റെ ശരീരഭാരം 31 കിലോയോളം കുറച്ചത് വാര്‍ത്തയായിരുന്നു. 2008ല്‍ കമ്മിറ്റ് ചെയ്ത സിനിമ ഷൂട്ട് തുടങ്ങിയത് 2018ലാണ്. പത്തുവര്‍ഷത്തോളം സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ത്തിയാക്കാന്‍ എടുത്തിട്ടുണ്ട്. മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട നോവലുകളിലൊന്ന് സിനിമാരൂപത്തില്‍ എത്തുമ്പോള്‍ നജീബായി പൃഥ്വിയുടെ പെര്‍ഫോമന്‍സ് കാണാന്‍ കാത്തിരിക്കുകയാണ് സിനിമാ ലോകം.
ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് റെഡ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ ആടുജീവിതത്തിന്റെ കോസ്റ്റ്യൂം ഡിസൈനര്‍ സ്‌റ്റെഫി സവ്യര്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് പൃഥ്വിരാജ് സംസാരിച്ചു. ഒരു സിനിമയുടെ കോസ്റ്റ്യൂം ഡിപ്പാര്‍ട്ട്‌മെന്റിനെ മാത്രം എടുത്ത് പറഞ്ഞാല്‍ അത് അത്ര നന്നായിട്ടില്ലെന്ന അര്‍ത്ഥമുണ്ടെന്നും, സ്റ്റെഫി ഈ സിനിമക്കായി ചെയ്ത വര്‍ക്ക് സിനിമയോട് ചേര്‍ന്ന് നില്‍ക്കുന്ന ഒന്നാണെന്നും അത് സിനിമ കാണുമ്പോള്‍ മനസിലാകുമെന്നും പൃഥ്വി പറഞ്ഞു.
‘ഒരു സിനിമ കണ്ടിട്ട് ഗംഭീര കോസ്റ്റ്യൂം ഡിസൈന്‍ ആയിരുന്നു എന്ന് പറഞ്ഞാല്‍ അത് അത്ര നന്നായിട്ടില്ല എന്നാണ് അര്‍ത്ഥം. സിനിമയുടെ ഒരു ക്രാഫ്റ്റും പ്രത്യേകം എടുത്ത് നില്‍ക്കരുത്, എല്ലാം കൂടി ഒരു പീസ് പോലെ തോന്നിക്കണം. ആടുജീവിതത്തെ സംബന്ധിച്ച് എക്‌സ്ട്രീംലി ഡീറ്റെയില്‍ഡാണ് സ്‌റ്റെഫിയുടെ വര്‍ക്ക്.
ഇതിന്റെ കഥ നടക്കുന്നത് 1990കളുടെ തുടക്കത്തിലാണ്. അപ്പോള്‍ അന്നത്തെ കാലത്തെ ആളുകള്‍ ധരിക്കുന്ന വസ്ത്രങ്ങളെക്കുറിച്ച് നന്നായി റിസര്‍ച്ച് നടത്തിയിട്ടുണ്ട്. അന്നുണ്ടായിരുന്ന ഫാബ്രിക്കുകള്‍, അതിന്റെ ടെക്‌സ്ചര്‍ ക്രിയേറ്റ് ചെയ്യുക എന്നതൊക്കെ ഒരു ടെക്‌നീഷ്യന്‍ ചെയ്യേണ്ട കാര്യങ്ങളാണ്. സ്‌റ്റെഫി അതില്‍ മികച്ചുനില്‍ക്കുന്ന ഒരാളാണ്. കേരളത്തിലെ സീനുകളില്‍ അന്നത്തെ കാലത്തെ ഷര്‍ട്ട്, പാന്റ്, അമല ധരിക്കുന്ന ബ്ലൗസ് കാര്യങ്ങളില്‍ ആ ഡീറ്റെയിലിങ് ഉണ്ട്.
മരുഭൂമിയിലെ സീനുകളില്‍ നോക്കിയാല്‍ നജീബ് ധരിക്കുന്നത് വര്‍ഷങ്ങളായി അലക്കുകയൊന്നും ചെയ്യാതെ വെച്ചിരിക്കുന്ന ഒരു ബദൂവിയന്‍ ഗൗണാണ്. അതിനകത്തും സ്‌റ്റെഫിയുടെ വര്‍ക്ക് ഉണ്ട്. ഇതിന് മുമ്പ് ആ മസറയില്‍ വന്നുപോയ ആളുകള്‍ ധരിച്ച വസ്ത്രമാണ് അയാള്‍ക്ക് കിട്ടിയത്. ഇതിന് മുമ്പ് ആ വസ്ത്രം ധരിച്ചവരുടെ കഥ ആ പീസ് ഓഫ് ഗാര്‍മെന്റില്‍ ഉണ്ടാവണം. അത് ഇതില്‍ പ്രതിഫലിപ്പിക്കേണ്ട ചുമതല ആ ടെക്‌നീഷ്യനുണ്ട്. അതുപോലെ ഒരുപാട് ടാലന്റഡ് ആയിട്ടുള്ള ആളുകള്‍ ഈ ക്രൂവിലുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു.
Content Highlight: Prithviraj about the costume designing of Aadujeevitham movie