കൊച്ചി: മാനേജര്‍മാരുടെയും പേഴ്‌സണല്‍ സ്റ്റാഫുകളുടേയും എണ്ണം നോക്കിയാണ് സ്റ്റാറുകളെ തീരുമാക്കുന്നത് എങ്കില്‍ താനൊരു സൂപ്പര്‍സ്റ്റാറല്ല എന്ന് പൃഥ്വിരാജ്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വിരാജ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.
ആള്‍ക്കൂട്ടമില്ലാതെ താന്‍ എപ്പോഴും ഒറ്റയ്ക്കിരിക്കാന്‍ ആഗ്രഹിക്കുന്ന ആളാണെന്നും ആകെ രണ്ട് പേരാണ് തന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളതെന്നും പൃഥ്വിരാജ് പറഞ്ഞു. കുരുതി സിനിമയുമായി ബന്ധപ്പെട്ട് അനുപമ ചോപ്രയുടെ ചോദ്യത്തിന് ഉത്തരമായാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്.
തന്റെ രണ്ടാമത്തെ മാത്രം സിനിമ ചെയ്യുന്ന മനു വാര്യര്‍ക്കൊപ്പം ഇത്രയും തീക്ഷ്ണമായ വിഷയം കൈകാര്യം ചെയ്യുന്ന സിനിമയെടുക്കാന്‍ കാരണമെന്താണ് എന്ന അനുപമ ചോപ്രയുടെ ചോദ്യത്തിന് സിനിമയുടെ സിനോപ്‌സിസ് വായിച്ചപ്പോള്‍ തന്നെ ഈ സിനിമ എന്തായാലും ചെയ്യപ്പെടേണ്ടതാണ് എന്ന് തോന്നി എന്നാണ് പൃഥ്വിരാജ് പറഞ്ഞത്. കുരുതിയുടെ നിര്‍മാണവും പൃഥ്വിരാജ് തന്നെയാണ് ചെയ്തത്.
താന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കാനാണ് തനിക്ക് കൂടുതല്‍ എളുപ്പം തോന്നിയിട്ടുള്ളതെന്നും കാരണം പടത്തിന്റെ നിലവാരം ഉറപ്പാക്കുന്നതിന്റെ നിയന്ത്രണം തന്റെ കൈകളിലാണ് എന്നും താരം പറഞ്ഞു.
‘കാര്യങ്ങള്‍ തെറ്റിപ്പോയാല്‍ എനിക്ക് തിരുത്താന്‍ സാധിക്കും. എത്ര പണം ചെലവാക്കണം, എങ്ങനെ മുന്നോട്ടുപോകണം എന്ന കാര്യങ്ങളിലെല്ലാം എനിക്കും സുപ്രിയക്കും തീരുമാനങ്ങളെടുക്കാന്‍ കഴിയും.
ഞങ്ങളുടെ ബാനറില്‍ നിന്നും നിലവാരം കുറഞ്ഞ ഒരു സിനിമ പോലുമുണ്ടാകരുതെന്ന് ഞങ്ങള്‍ക്ക് നിര്‍ബന്ധമുണ്ട്. പിന്നെ ആ സിനിമ വിജയിക്കുമോ ഇല്ലയോ എന്നുള്ളത് ഞങ്ങളുടെ നിയന്ത്രണത്തിലുള്ള വിഷയമല്ല, പക്ഷെ പ്രൊഡക്ഷന്റെ നിലവാരം ഞങ്ങളുടെ നിയന്ത്രണത്തിലാണ്. അതുറപ്പക്കാന്‍ ശ്രമിക്കും.
അതുകൊണ്ട് തന്നെ ഞാന്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളില്‍ അഭിനയിക്കുന്നതാണ് എനിക്ക് എളുപ്പം. കാരണം വരുന്ന സിനിമക്ക് ഒരു മിനിമം നിലവാരമുണ്ടാകുമെന്ന് എനിക്ക് ഉറപ്പുവരുത്താനാകും.
നിര്‍മാണം എന്നത് എനിക്ക് ഒരു അധികസമ്മര്‍ദമോ തലവേദനയോ അല്ല, സത്യത്തില്‍ എന്റെ സമ്മര്‍ദമില്ലാതാകുന്നത് നിര്‍മിക്കാന്‍ അവസരം കിട്ടുമ്പോഴാണ്,’ പൃഥ്വിരാജ് പറയുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് നിര്‍മിച്ച കുരുതി എന്ന ചിത്രം കുറച്ച് ദിവസങ്ങള്‍ക്ക് മുന്നേ പുറത്തിറങ്ങിയിരുന്നു. ചിത്രത്തില്‍ ലായിഖ് എന്ന പ്രധാന കഥാപാത്രത്തെയായിരുന്നു പൃഥ്വിരാജ് അവതരിപ്പിച്ചിരുന്നത്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Prithviraj about superstar status