| Friday, 6th May 2022, 3:54 pm

ലോലഹൃദയനാണെങ്കിലും എഴുതുന്നത് തീയാണ്; യുവ എഴുത്തുകാരിലെ ഏറ്റവും പവര്‍ഫുള്‍ റൈറ്ററാണ് ഷാരിസെന്ന് പൃഥ്വി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഷാരിസ് മുഹമ്മദിന്റെ തിരക്കഥയില്‍ ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ചിത്രമാണ് ജന ഗണ മന. തിയേറ്റര്‍ റിലീസായി ഇറങ്ങിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിയുടേയും സുരാജിന്റേയും മറ്റ് താരങ്ങളുടേയും അഭിനയം മാറ്റി നിര്‍ത്തിയാല്‍ ചിത്രത്തിന്റെ ഏറ്റവും വലിയ ശക്തിയെന്ന് പറയുന്നത് ഷാരിസിന്റെ തിരക്കഥ തന്നെയാണ്.

ഷാരിസിന്റെ എഴുത്തിനെ കുറിച്ച് നടന്‍ പൃഥ്വിരാജ് പറയുന്ന ചില കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാകുന്നത്. സിനിമയിലെ യുവ എഴുത്തുകാരില്‍ വെച്ച് ഏറ്റവും പവര്‍ഫുള്‍ റൈറ്ററായി തനിക്ക് തോന്നിയ വ്യക്തിയാണ് ഷാരിസ് മുഹമ്മദെന്നാണ് പൃഥ്വി പറയുന്നത്. മൂന്ന് കഥകള്‍ ഷാരിസ് ഇതുവരെ തന്നോട് പറഞ്ഞിട്ടുണ്ടെന്നും ആ മൂന്ന് കഥകളും തനിക്ക് ഇഷ്ടപ്പെട്ടിട്ടുണ്ടെന്നും പൃഥ്വി പറയുന്നു.

‘ഞാന്‍ ഷാരിസില്‍ നിന്നും മൂന്ന് കഥകള്‍ കേട്ടിട്ടുണ്ട്. മൂന്നും എനിക്ക് ഇഷ്ടപ്പെട്ട കഥകളാണ്. ഒരുപാട് എഴുത്തുകാരെ മീറ്റ് ചെയ്യുന്ന ഒരാളാണ് ഞാന്‍. സിനിമയിലെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് എന്ന് പറയുന്നത് മുരളി ഗോപിയാണ്. മുരളിയെ ഇപ്പോള്‍ സീനിയര്‍ റൈറ്ററായിട്ടാണ് ആളുകള്‍ കാണുന്നത്.

യുവ എഴുത്തുകാരില്‍ എനിക്ക് ഏറ്റവും പവര്‍ഫുള്‍ റൈറ്റിങ് ആയി തോന്നിയത് ഷാരിസിന്റേതാണ്. ഇന്ത്യയിലെ വലിയൊരു പ്രൊഡക്ഷന്‍ ഹൗസ് രജനിസാറിനെ വെച്ചൊരു സിനിമ ചെയ്യാമോ എന്ന് എന്നോട് ചോദിച്ചിരുന്നു. അന്ന് ഞാന്‍ രജനിസാറിന് പറ്റുന്ന കഥയുണ്ടോ എന്ന് ചോദിച്ച ചുരുക്കം ചില റൈറ്റേഴ്‌സില്‍ ഒരാള്‍ ഷാരിസാണ്.

ഷാരിസ് എന്നോട് ഒരു കഥ പറഞ്ഞു. ആ കഥ എനിക്ക് ഇഷ്ടപ്പെടുകയും ചെയ്തു. പക്ഷേ അത് രജനിസാറിന് പറ്റിയ ഒരു കഥയല്ല. ആ കഥ എന്നെങ്കിലും സിനിമയാകും. അതിനിടെ ഡിജോയും ഷാരിസും വന്ന് എന്റെ അടുത്ത് വേറെ ഒരു കഥ പറഞ്ഞു. അതും എനിക്ക് ഇഷ്ടപ്പെട്ടു. ആ സിനിമ ഞങ്ങള്‍ ചെയ്യുന്നുണ്ട്.

ഷാരിസിന്റെ എഴുത്ത് ഭയങ്കര ഇംപ്രസീവായി തോന്നിയിട്ടുണ്ട്. ഇയാള്‍ ഇനിയും ഒരുപാട് സിനിമകള്‍ എഴുതട്ടെയെന്നാണ് ആഗ്രഹിക്കുന്നത്. ലോലഹൃദയനൊക്കെ ആണെങ്കിലും എഴുതുന്നത് തീയാണ്(ചിരി), പൃഥ്വി പറഞ്ഞു.

ഒരു റൈറ്റര്‍ക്കാണെങ്കിലും ഡയരക്ടര്‍ക്കാണെങ്കിലും ആക്ടര്‍ക്കാണെങ്കിലും എന്തെങ്കിലും ഒരു കാര്യം സമൂഹത്തോട് പറയാനുണ്ടെങ്കില്‍ അതിന് വേണ്ടി ഒരു സിനിമ എടുത്താല്‍ അതൊരു മോശം സിനിമ ആകുമെന്നും പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു

മഹത്തായ സന്ദേശം തരുന്ന ഒരു ബോറന്‍ സിനിമ ഒരു ബോറന്‍ സിനിമ തന്നെയാണ്. പ്രത്യേകിച്ച് സന്ദേശം ഒന്നും തരാത്ത ഒരു ഉഗ്രന്‍ പടം ഉഗ്രന്‍ പടവുമായിരിക്കും.

ജന ഗണ മനയില്‍ പ്രസക്തമായ കുറേ ചോദ്യങ്ങള്‍ ചോദിക്കുന്നു എന്നതുകൊണ്ടല്ല ഞങ്ങള്‍ ഈ സിനിമ ചെയ്തത്. പൂര്‍ണമായും എന്റര്‍ടൈനിങ് കൂടിയാണ്. അതായത് കമേഴ്ഷ്യല്‍ സിനിമയുടെ ഭാഷയില്‍ ഓഡിയന്‍സിനെ ഭയങ്കരമായി എന്റര്‍ടൈന്‍ ചെയ്യുന്ന സിനിമയാണെന്നുള്ളതുകൊണ്ട് കൂടിയാണ് ജന ഗണ മന ചെയ്തത്. പവര്‍ഫുള്‍ വൊക്കാബുലറിയില്‍ ഇവോക്കേറ്റീവ് ആയിട്ടുള്ള നരേറ്റീവീല്‍ അത് എഴുതുന്നു എന്നതാണ് കഴിവ്, പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about Sharis Mohammed and Jana Gana Mana Movie

We use cookies to give you the best possible experience. Learn more