| Thursday, 23rd March 2017, 10:09 pm

സ്ത്രീവിരുദ്ധത സിനിമകളുടെ ഭാഗമാകില്ലെന്നല്ല അതിനെ വാഴ്ത്തിപ്പാടുന്നതിനെയാണ് എതിര്‍ക്കുന്നത്; നിലപാട് വ്യക്തമാക്കി പൃഥിരാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ദുബായ്: സ്ത്രീവിരുദ്ധസിനിമകളില്‍ ഭാഗമാകില്ലെന്ന പ്രഖ്യാപനത്തില്‍ ഉറച്ച് പൃഥ്വിരാജ്. സ്ത്രീവിരുദ്ധത സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്നല്ല താന്‍ പറഞ്ഞതെന്നും, സ്ത്രീവിരുദ്ധതയെ വാഴ്ത്തിപ്പാടുന്നതിനെയാണ് താന്‍ എതിര്‍ക്കുന്നതെന്നും പൃഥ്വിരാജ് വ്യക്തമാക്കി. പൃഥ്വിരാജ് വില്ലനായെത്തുന്ന ബോളിവുഡ് ചിത്രം നാംഷബാനയുടെ പ്രചരണത്തിനായി ദുബായിലെത്തിയതായിരുന്നു പൃഥ്വിരാജ്.

“സ്ത്രീവിരുദ്ധത സിനിമയുടെ ഭാഗമാകുന്നതില്‍ യാതൊരു പ്രശ്നവുമില്ല. അത് വാഴ്ത്തപ്പെടുന്നതിലാണ് പ്രശ്നം. ഒരു കഥാപാത്രമോ സിനിമയോ സ്ത്രീവിരുദ്ധതയെ വാഴ്ത്തിപാടുന്നുവെങ്കില്‍ അത് കുഴപ്പമാണ്. ഒരു സ്ത്രീയെ അപമാനിക്കുന്ന നിലയില്‍ പെരുമാറുകയെന്നത് ഒരു നായകന്റെ അവകാശമാണ് എന്ന ധാരണയെയാണ് എതിര്‍ക്കുന്നത്. അതിനോട് യോജിച്ച് പോകാന്‍ തനിക്ക് ബുദ്ധിമുട്ടുണ്ട്.” പൃഥ്വിരാജ് പറഞ്ഞു.

എല്ലാവരോടും ഇങ്ങനെയാകണമെന്ന് താന്‍ പറയുന്നില്ല, താന്‍ തന്റെ മാത്രം അഭിപ്രായമാണ്. അതിന്റെ ശരിതെറ്റുകള്‍ തനിക്ക് മാത്രമാണെന്നും പൃഥ്വിരാജ് ദുബായിയില്‍ വ്യക്തമാക്കി.

തന്റെ സിനിമാജീവിതത്തില്‍ ഇനിയൊരിക്കലും സ്ത്രീ വിരുദ്ധതയ്ക്ക് സ്ഥാനമില്ലെന്ന പ്രതിജ്ഞയുമായി നടന്‍ പൃഥ്വിരാജ് രംഗത്തെത്തിയത് വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരുന്നു. ഇതിന് മുന്‍പ് തന്റെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്ക് നടന്‍ പൊതുസമൂഹത്തോട് മാപ്പ് അപേക്ഷിച്ചിരുന്നു.


Also Read: യോഗി ആദിത്യനാഥിന്റെ മന്ത്രിസഭയില്‍ 44 ല്‍ 20 പേരും ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവര്‍


മലയാള സിനിമാ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നടന്‍ തന്റെ ചിത്രങ്ങളിലെ സ്ത്രീ വിരുദ്ധതയ്ക്കെതിരെ മാപ്പ് പറയുന്നത് എന്നതിനാല്‍ തന്നെ വിഷയം വ്യാപകമായി ചര്‍ച്ചയായിരുന്നു. കൊച്ചിയില്‍ പ്രമുഖ നടി ആക്രമണത്തിന് ഇരയായ സംഭവമായിരുന്നു പൃഥ്വിയുടെ ഈ നിലപാടിന് പിന്നില്‍.

We use cookies to give you the best possible experience. Learn more