ശ്യാമപ്രസാദിന്റെ സഹായിയായി സിനിമയിലേക്കെത്തിയ ആളാണ് നിര്‍മല്‍ സഹദേവ്. പൃഥ്വിരാജ്, റഹ്‌മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി 2018ല്‍ ഒരുക്കിയ രണം ഡിട്രോയിറ്റ് ക്രോസിങ്ങിലൂടെ സ്വതന്ത്രസംവിധായകനായി.
മലയാളികള്‍ക്ക് തീരെ പരിചിതമല്ലാത്ത ചുറ്റുപാടില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത കഥ പറഞ്ഞ രണം മികച്ചൊരു ദൃശ്യാനുഭവമായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ ചിത്രത്തിന് സാധിച്ചില്ല.
അമേരിക്കയിലെ പ്രേതനഗരമെന്നറിയപ്പെടുന്ന ഡിട്രോയിറ്റിലെ മയക്കുമരുന്ന് സംഘത്തിന്റെ കഥ പറഞ്ഞ രണത്തില്‍ ആദി എന്ന കഥാപാത്രത്തെയാണ് പൃഥ്വി അവതരിപ്പിച്ചത്. നായകനൊത്ത വില്ലനായ ദാമോദര്‍ രത്‌നം എന്ന കഥാപാത്രമായി റഹ്‌മാനും പ്രേക്ഷകരെ ഞെട്ടിച്ചു. ജേക്‌സ് ബിജോയ് ഒരുക്കിയ പാട്ടുകളും ഇന്നും പലരുടെയും പ്ലേലിസ്റ്റ് ഭരിക്കുന്നവയാണ്. ബോക്‌സ് ഓഫീസില്‍ പരാജയമായെങ്കിലും ഇന്ന് ചിത്രത്തിന് വലിയൊരു ഫാന്‍ ബേസുണ്ട്.
ഒരു താത്പര്യത്തിൽ വായിച്ച് നോക്കിയ കഥയാണ് രണത്തിന്റെതെന്നും അതിന്റെ സെറ്റിങ്ങാണ് തന്നെ ആകർഷിച്ചതെന്നും പൃഥ്വി പറയുന്നു. മലയാളത്തിൽ അധികം പറയാത്ത ഒരു കഥയാണ് രണത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.
‘രണം എന്ന സിനിമയെ കുറിച്ച് ആദ്യം നിർമൽ സംസാരിച്ചപ്പോൾ ഒരു പേര് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഒരു അക്കാദമിക്ക് ഇൻട്രസ്റ്റിൽ ഞാൻ വായിച്ച് നോക്കിയ ഒരു സ്ക്രിപ്റ്റാണ്. നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത കഥയോ, നമ്മളെ ഞെട്ടിക്കുന്ന ട്വിസ്റ്റോ ഒന്നുമുള്ള സിനിമയല്ല രണം.
പക്ഷെ അതിന്റെ സെറ്റിങ് എനിക്ക് ഭയങ്കര ഇഷ്ടപ്പെട്ടിരുന്നു. അതെനിക്ക് വളരെ പുതിയതായി തോന്നി. ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത, ഇതുവരെ പറഞ്ഞിട്ടില്ലാത്ത രീതിയിൽ പറയുന്ന ഒരു സിനിമയായിരുന്നു രണം.
ഇതൊരു ആക്ഷൻ ഫ്ലിക്കാണ് എന്നൊരു ധാരണ പൊതുജനങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആക്ഷൻ ആ സിനിമയിൽ ഇല്ലായെന്നല്ല ഞാൻ പറയുന്നത്. പക്ഷെ വളരെ റിയലിസ്റ്റിക് ആയിട്ടുള്ള ചെറിയ ആക്ഷൻ സീനുകളാണ് അതിലുള്ളത്. വളരെ റോ ആയിട്ട് ഷൂട്ട് ചെയ്ത ആക്ഷൻ സീനുകളാണ് അവ,’പൃഥ്വിരാജ് പറയുന്നു.
Content Highlight: Prithviraj About Ranam Movie