അഭിനയം, സംവിധാനം, നിര്‍മാണം തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ ഒരേ സമയം പ്രവര്‍ത്തിക്കുന്ന വ്യക്തിയാണ് പൃഥ്വിരാജ്. സ്വന്തമായി സിനിമ സംവിധാനം ചെയ്യുമ്പോള്‍ തന്നെ മറ്റു സിനിമകളില്‍ അഭിനയിക്കുകയും നിര്‍മിക്കുകയും അതിന്റെ മറ്റുകാര്യങ്ങളില്‍ പങ്കാളിയാവുകയും ചെയ്യാറുണ്ട് പൃഥ്വി.
ഇത്രയേറെ കാര്യങ്ങള്‍ ഒരുമിച്ച് ചെയ്യുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിയിപ്പോള്‍. ക്ലബ്ബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞ് തന്നെ കളിയാക്കുന്നവരെ കുറിച്ച് പൃഥ്വി സംസാരിച്ചത്.
‘ എന്റെ സുഹൃത്ത്, റാണ ദഗുപതി എന്നെ എപ്പോഴും കളിയാക്കും. അവന്‍ എന്നെ ഫോണ്‍ ചെയ്തിട്ട് ആദ്യം പറയുക 100 കാര്യങ്ങള്‍ ചെയ്തുകൊണ്ടിരിക്കുകയാണെന്ന് അറിയാം 101ാമത്തെ ഒരു കാര്യം പറഞ്ഞോട്ടെ എന്നാണ്.
ഈ പുറത്തുനിന്ന് നോക്കുന്നവര്‍ക്ക് ഞാന്‍ ചെയ്യുന്നത് എല്ലാം വേറെ വേറെ കാര്യങ്ങളാണെന്ന് തോന്നുമായിരിക്കും. ഒരു സിനിമയില്‍ അഭിനയിക്കുന്നു, മറ്റൊരു സിനിമ ഡയരക്ട് ചെയ്യുന്നു വേറൊരു സിനിമ പ്രൊഡ്യൂസ് ചെയ്യുന്നു.
എന്നാല്‍ എനിക്ക് ഇതെല്ലാം എന്റെ ജീവിതത്തിന്റെ ഒരു ഭാഗമാണ്. എന്നെ സംബന്ധിച്ച് ഇതെല്ലാം നോര്‍മല്‍ ഡേ ഓഫ് വര്‍ക്കായിട്ടാണ് തോന്നുക. പിന്നെ ഏറ്റവും വലിയൊരു കാര്യമെന്താണെന്ന് വെച്ചാല്‍ എന്നെ സംബന്ധിച്ച് ഞാന്‍ ചെയ്യുന്നത് ഒരു ജോലിയല്ല ഏറ്റവും ഇഷ്ടം ഉള്ള ഒരു പാഷനാണ് എന്നതാണ്,’ പൃഥ്വി പറഞ്ഞു.
എപ്പോഴെങ്കിലും മടി പിടിച്ച് ഇരുന്നിട്ടുണ്ടോ എന്ന ചോദ്യത്തിന് ബ്രേക്ക് എടുക്കണമെങ്കില്‍ പോലും പ്ലാന്‍ ചെയ്ത് എഫേര്‍ട്ട് എടുത്താല്‍ മാത്രമേ തന്റെ കാര്യത്തില്‍ അത് സംഭവിക്കാറുള്ളൂവെന്നായിരുന്നു പൃഥ്വിയുടെ മറുപടി.
അടുത്തമാസം 20ാംതിയതി മുതല്‍ 30ാം തിയതി വരെ ഞാന്‍ സിനിമാസംബന്ധമായ കാര്യങ്ങള്‍ ചെയ്യില്ല എന്ന് പ്ലാന്‍ ചെയ്ത് എങ്ങോട്ടെങ്കിലും ഒക്കെ പോയി ഒരു എഫേര്‍ട്ട് എടുത്താലെ നടക്കൂ. അല്ലെങ്കില്‍ ഇത് ഇങ്ങനെ നടന്നുകൊണ്ടിരിക്കും. രണ്ട് ദിവസത്തേക്ക് ഷൂട്ടില്ലെങ്കില്‍ ഒരു മൂന്ന് നരേഷന്‍സ് കാണും. സിനിമളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചെയ്യും. പൊതുവെ അങ്ങനെയാണ്.
ആരാണ് പൃഥ്വിയുടെ ഡയറി എന്ന ചോദ്യത്തിന് അത് ഞാന്‍ തന്നെയാണെന്നായിരുന്നു പൃഥ്വിയുടെ മറുപടി. ചെയ്യണം എന്ന് തോന്നിയ ഏതെങ്കിലും കഥാപാത്രമുണ്ടോ എന്ന ചോദ്യത്തിന് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ചെയ്ത ഷേര്‍ഷാ എന്ന കഥാപാത്രം ചെയ്യണമെന്ന് തോന്നിയിരുന്നു എന്നായിരുന്നു പൃഥ്വിയുടെ മറുപടി. ആര്‍മി ഇന്‍ഫാക്‌ച്വേഷന്‍ ഉള്ളതുകൊണ്ടായിരിക്കാം അതെന്നും പൃഥ്വി പറഞ്ഞു.
ഒപ്പം ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറുമായുള്ള സൗഹൃദത്തെ കുറിച്ചും പൃഥ്വി അഭിമുഖത്തില്‍ സംസാരിച്ചു. കരണ്‍ എന്റെ സുഹൃത്താണ്. ഞാനല്ല സൗത്തില്‍ നിന്ന് ഏതൊരാളും ‘കരണ്‍ എനിക്ക് ഒരു സിനിമയെ കുറിച്ച് സംസാരിക്കാനുണ്ട്’എന്ന് പറഞ്ഞാല്‍ അദ്ദേഹം അദ്ദേഹത്തിന്റെ ഓഫീസിലേക്കോ വീട്ടിലേക്കോ അവരെ ക്ഷണിക്കും.
ആത്മാര്‍ത്ഥതയോടെ അദ്ദേഹം അത് ചെയ്യും. അദ്ദേഹം ചെയ്തുകൊടുക്കേണ്ട കാര്യമാണെങ്കില്‍ ചെയ്തിരിക്കും. യഥാര്‍ത്ഥത്തില്‍ കരണ്‍ അദ്ദേഹത്തിന്റെ സിനിമകള്‍ ചെയ്യുന്നത് കുറവാണ്. അദ്ദേഹം ചെയ്യുന്നത് മുഴുവന്‍ മറ്റുള്ളവരുടെ സിനിമകള്‍ക്കുള്ള കുറേ സഹായങ്ങളാണ്. അങ്ങനെ ഒരാളുള്ളത് നല്ലതാണ്, പൃഥ്വി പറഞ്ഞു.
Content Highlight: Prithviraj About Rana Dagupati and Karan Johar