Entertainment
മികച്ച സിനിമയാണെന്ന് ഞാൻ പറയുന്നില്ല, പക്ഷെ എന്റെ കരിയർ മാറ്റിയത് ആ ചിത്രമാണ്: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2025 Feb 14, 03:53 pm
Friday, 14th February 2025, 9:23 pm

നടന്‍, ഗായകന്‍, നിര്‍മാതാവ്, സംവിധായകന്‍ എന്നീ മേഖലകളില്‍ തന്റെ കയ്യൊപ്പ് പതിപ്പിച്ചയാളാണ് പൃഥ്വിരാജ് സുകുമാരന്‍. രഞ്ജിത് സംവിധാനം ചെയ്ത നന്ദനത്തിലൂടെ സിനിമാലോകത്തേക്ക് കടന്നുവന്ന പൃഥ്വിരാജ് കരിയറിന്റെ തുടക്കത്തില്‍ തന്നെ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. ഇന്ന് മലയാളത്തിലെ ശ്രദ്ധേയനായ സംവിധായകനും കൂടിയാണ് പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായിരുന്നു പുതിയ മുഖം എന്ന ചിത്രം. ദീപൻ സംവിധാനം ചെയ്ത ചിത്രം പൃഥ്വിയുടെ താരപരിവേഷം വലിയ രീതിയിൽ ഉയർത്തിയ ചിത്രം കൂടിയാണ്. പൃഥ്വിക്ക് പുറമേ ബാല, പ്രിയാമണി, നെടുമുടി വേണു, സായി കുമാർ തുടങ്ങിയ വമ്പൻ താരങ്ങൾ അണിനിരന്ന സിനിമയിലെ ഗാനങ്ങളും വലിയ ശ്രദ്ധ നേടിയിരുന്നു.

പുതിയ മുഖം ഒരു മികച്ച സിനിമയല്ലെന്നും എന്നാൽ തന്റെ കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയാണ് അതെന്നും പൃഥ്വിരാജ് പറയുന്നു. പുതിയ മുഖത്തിന് ശേഷമാണ് നിർമാതാവ് ഇല്ലെങ്കിൽ പോലും തനിക്കിഷ്ടമുള്ള ഒരു കഥ സിനിമയാക്കാൻ കഴിയുന്ന സാഹചര്യം ഉണ്ടായതെന്നും പിന്നീടാണ് കരിയർ പൂർണമായി തന്റെ നിയന്ത്രണത്തിലായതെന്നും പൃഥ്വി കൂട്ടിച്ചേർത്തു.

പുതിയമുഖം മികച്ച സിനിമയാണെന്ന അഭിപ്രായക്കാരനല്ല ഞാൻ. പക്ഷേ, എൻ്റെ കരിയറിൽ ഒരു പ്രധാനപ്പെട്ട സിനിമയാണ്. ആ സിനിമക്ക് ശേഷമാണ്, എനിക്കൊരു കഥ ഇഷ്ടപ്പെട്ടാൽ നിർമാതാവും മറ്റു കാര്യങ്ങളുമില്ലെങ്കിൽ പോലും ഞാൻ വിചാരിച്ചാൽ ഒരു പ്രൊജക്ടാക്കാൻ കഴിയും എന്ന അവസ്ഥ വന്നത്.

അതുകഴിഞ്ഞ് രണ്ടു മൂന്നു വർഷത്തിന് ശേഷമാണ് കരിയർ പൂർണമായും എന്റെ കൺട്രോളിലാവുന്നത്. താരപരിവേഷം കൂട്ടാനുള്ള സിനിമകളാണോ അതോ നല്ല സിനിമകളെന്ന ഗണത്തിൽ പെട്ട സിനിമകളാണോ ഞാൻ ചെയ്യേണ്ടത് എന്ന കൺഫ്യൂഷൻ ഉണ്ടാവാം. സത്യത്തിൽ എനിക്ക് രണ്ടാമത്തെ കാര്യമാണ് താത്പര്യം,’പൃഥ്വിരാജ് പറയുന്നു.

അതേസമയം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എമ്പുരാൻ എന്ന ബിഗ് ബജറ്റ് ചിത്രം റിലീസിനൊരുങ്ങുകയാണ്. 2019 ൽ സൂപ്പർഹിറ്റായി മാറിയ ലൂസിഫറിന്റെ രണ്ടാംഭാഗമായ സിനിമ മാർച്ച് 27 നാണ് റിലീസാവുന്നത്. വിവിധ ഭാഷകളിൽ നിന്നായി വമ്പൻ താരനിര ഒന്നിക്കുന്ന സിനിമ വലിയ ഹൈപ്പോടെയാണ് ഇറങ്ങാൻ പോകുന്നത്.

 

Content Highlight: Prithviraj About Puthiya Mugham Movie