| Friday, 7th July 2023, 8:22 am

തെലുങ്ക് ഹീറോയും ഹിന്ദി ഹീറോയിനും മലയാളം വില്ലനും വന്നാല്‍ പാന്‍ ഇന്ത്യനാവില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പാന്‍ ഇന്ത്യന്‍ സിനിമയെ പറ്റിയുള്ള തന്റെ കാഴ്ചപ്പാടുകളെ പറ്റി സംസാരിക്കുകയാണ് പൃഥ്വിരാജ്. ബജറ്റ് വലുതായതുകൊണ്ടോ പല ഭാഷയില്‍ നിന്നുമുള്ള താരങ്ങള്‍ ഉള്ളതുകൊണ്ടോ പാന്‍ ഇന്ത്യന്‍ സിനിമ ആവില്ലെന്നും കണ്ടന്റാണ് പ്രധാനമെന്നും പൃഥ്വിരാജ് പറഞ്ഞു. പാന്‍ ഇന്ത്യന്‍ സിനിമയല്ല ഏത് സിനിമയാണെങ്കിലും ആളുകള്‍ക്ക് തിയേറ്ററില്‍ പോയി കാണാനുള്ള തോന്നലുണ്ടാകണമെന്നും ബിഹൈന്‍ഡ്‌വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറഞ്ഞു.

‘ബജറ്റ് വലുതായതുകൊണ്ടോ ഒരുപാട് ആക്ഷന്‍ സീനുകള്‍ ഉള്ളതുകൊണ്ടോ പാന്‍ ഇന്ത്യന്‍ സിനിമ ആവില്ല. തെലുങ്ക് ഹീറോയും ഹിന്ദിയില്‍ നിന്നുമുള്ള ഹീറോയിനും മലയാളത്തില്‍ നിന്നുമുള്ള വില്ലനും തമിഴില്‍ നിന്നുമൊരു സപ്പോര്‍ട്ടിങ് ആക്ടറും വന്നാല്‍ പാന്‍ ഇന്ത്യനാവില്ല. പാന്‍ ഇന്ത്യന്‍ സിനിമ എന്ന് പറയുമ്പോള്‍ അതിലെ കണ്ടന്റ് എല്ലായിടത്തും എത്തുന്നതാവണം.

കെ.ജി.എഫ് ആദ്യഭാഗം വന്നപ്പോള്‍ കന്നഡ നടനായതുകൊണ്ട് ഞങ്ങള്‍ക്ക് യഷിനെ അറിയാം. വേറെ ആര്‍ക്കാണ് അറിയാവുന്നത്. ബാഹുബലിക്ക് മുമ്പ് കേരളത്തില്‍ അധികമാര്‍ക്കും പ്രഭാസിനെ അറിയില്ല. അതുകൊണ്ട് സ്റ്റാര്‍ കാസ്റ്റിനും ബജറ്റിനുമല്ല, കണ്ടന്റിനാണ് ഒന്നാം സ്ഥാനം. പിന്നെ ഇത് തിയേറ്ററില്‍ തന്നെ പോയി കാണണമെന്ന് ആളുകള്‍ക്ക് തോന്നണം. അത് പാന്‍ ഇന്ത്യന്‍ സിനിമക്ക് മാത്രമല്ല, ഏത് സിനിമക്കും ബാധകമാണ്,’ പൃഥ്വിരാജ് പറഞ്ഞു.

അതേസമയം പ്രഭാസിനൊപ്പം പൃഥ്വിരാജ് ആദ്യമായി ഒന്നിക്കുന്ന സലാറാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ച. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസര്‍ തരംഗമായിരുന്നു. സലാറിനെ പറ്റിയും പൃഥ്വിരാജ് അഭിമുഖത്തില്‍ സംസാരിച്ചിരുന്നു.

‘സലാറിന്റെ കഥ കേട്ടപ്പോള്‍ സൂപ്പറായിരുന്നു, നല്ല സ്‌ക്രിപ്റ്റായിരുന്നു. സ്‌ക്രിപ്റ്റ് കേട്ട് കഴിഞ്ഞതിന് ശേഷം ഞാന്‍ ആദ്യം വിളിച്ചത് പ്രഭാസിനെയാണ്. സലാറിലെ റോളില്‍ കാണാന്‍ വേണ്ടി കാത്തിരിക്കുകയാണെന്ന് ഞാന്‍ പ്രഭാസിനോട് പറഞ്ഞു. ഡേറ്റെല്ലാം ഓക്കെയായതുകൊണ്ട് ആ സിനിമയില്‍ എനിക്കും അഭിനയിക്കാന്‍ പറ്റി. ഡയറക്ടറിനേയും പ്രൊഡ്യൂസറിനേയുമെല്ലാം എനിക്ക് നന്നായി അറിയാം. ഞങ്ങള്‍ മുന്‍പും ഒരുമിച്ച് സിനിമ ചെയ്തിട്ടുള്ളതാണ്,’ പൃഥ്വിരാജ് പറഞ്ഞു.

ചിത്രത്തില്‍ പൃഥ്വിരാജ് വില്ലന്‍ വേഷത്തിലായിരിക്കും എത്തുക എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. വരദരാജ മന്നാര്‍ എന്ന കഥാപാത്രത്തെയാണ് സലാറില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ശ്രുതി ഹാസന്‍ ആണ് നായിക. ജഗപതി ബാബു, ഈശ്വരി റാവു എന്നിവരാണ് മറ്റ് താരങ്ങള്‍. ഭുവന്‍ ഗൗഡ ഛായാഗ്രഹണവും രവി ബസ്രുര്‍ സംഗീത സംവിധാനവും നിര്‍വഹിക്കും.

Content Highlight: prithviraj about pan indian movies and salaar

Latest Stories

We use cookies to give you the best possible experience. Learn more