|

'ട്രെയിലര്‍ വെറും സാമ്പിള്‍' ; ദീപക് ദേവ് ചെയ്തതിന്റെ 10 ശതമാനം പോലും അതിലില്ല: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

എമ്പുരാന്‍ സിനിമയെ കുറിച്ചും സംഗീത സംവിധായകന്‍ ദീപക് ദേവിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് സംവിധായകന്‍ പൃഥ്വിരാജ്.

ദീപക് ദേവിനെ മലയാള സിനിമ വേണ്ടവിധം ഉപയോഗിച്ചിട്ടില്ലെന്നും യഥാര്‍ത്ഥ ജീനിയസാണ് അദ്ദേഹമെന്നും പൃഥ്വിരാജ് പറഞ്ഞു.

എമ്പുരാനില്‍ ദീപക് ദേവ് ചെയ്തതിന്റെ 10 ശതമാനം പോലും ട്രെയിലറില്‍ വന്നിട്ടില്ലെന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പൃഥ്വിരാജ് പറയുന്നു.

‘ ഈ രാജ്യത്തെ ഏറ്റവും മികച്ച സംഗീതജ്ഞരില്‍ ഒരാളാണ് ദീപക് ദേവ്. എന്നാല്‍ മുഖ്യധാര വാണിജ്യ സിനിമകള്‍ അദ്ദേഹത്തെ വേണ്ടരീതിയില്‍ ഉപയോഗിച്ചിട്ടില്ലെന്നാണ് ഞാന്‍ കരുതുന്നത്.

ഞാന്‍ ആദ്യമായി ഒരു സിനിമ നിര്‍മിച്ചപ്പോള്‍ (ഉറുമി) അതിന് സംഗീതം നല്‍കാന്‍ ഏല്‍പ്പിച്ചത് ദീപക്കിനെ ആയിരുന്നു. ഞാന്‍ സംവിധാനം ചെയ്ത മൂന്ന് സിനിമകള്‍ക്കും സംഗീതം നല്‍കിയത് ദീപക്കാണ്.

ദീപക്കില്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം അദ്ദേഹം ഒരു ശുദ്ധ സംഗീതജ്ഞനാണ് എന്നതാണ്. അദ്ദേഹം ഇരുന്ന് കീബോര്‍ഡ് വായിച്ച് മ്യൂസിക് കമ്പോസ് ചെയ്യുന്ന ആളാണ്. ശുദ്ധസംഗീതമാണ് അത്.

അതുപോലെ തന്നെ ജീനിയസായ സൗണ്ട് പ്രോഗ്രാമറാണ്. അദ്ദേഹത്തിന്റെ സൗണ്ട് പ്രോഗ്രാമിങ്ങും ഓര്‍ക്കസ്‌ട്രേഷനുമെല്ലാം അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്നവയാണെന്നതില്‍ സംശയമില്ല.

ദീപക്കും ഞാനുമായി നിരവധി വര്‍ഷത്തെ സൗഹൃദമുണ്ട്. എമ്പുരാനായി വീണ്ടും ഒരുമിക്കുമ്പോള്‍ അദ്ദേഹത്തിലുള്ളതെല്ലാം പുറത്തുകൊണ്ടുവരാനും വലിയ സ്വപ്‌നങ്ങള്‍ കാണാനും ഞങ്ങള്‍ തീരുമാനിച്ചു.

ആദ്യത്തെ മീറ്റിങ് മുതല്‍ ഈ സിനിമയ്ക്ക് വേണ്ടി അന്തരാഷ്ട്ര നിലവാരത്തിലുള്ള സംഗീതം തന്നെ വേണമെന്ന് ഞങ്ങള്‍ തീരുമാനിച്ചിരുന്നു. അദ്ദേഹം അത്തരത്തിലുള്ള സംഗീതവും സ്‌കോറും ഉണ്ടാക്കി.

അതുപോലെ മികച്ച പ്രോഗ്രാം ടീമിനെ നമുക്ക് ലഭിച്ചു. ലണ്ടനിലെ മാസിഡോണിയന്‍ ഓര്‍ക്കസ്ട്ര നമുക്ക് വേണ്ടി മ്യൂസിക് സ്‌കോര്‍ ചെയ്തു. അതൊക്കെ വലിയൊരു എക്‌സ്പീരിയന്‍സ് ആയിരുന്നു.

എമ്പുരാനിലെ സൗണ്ടിനെ ഇന്‍ര്‍നാഷല്‍ ലെവലില്‍ എത്തിക്കാന്‍ അത് സഹായിച്ചിട്ടുണ്ട്.

സിനിമയെ കുറിച്ച് എനിക്കറിയില്ല. അത് നിങ്ങളാണ് പറയേണ്ടത്. നിങ്ങള്‍ ദീപക് ചെയ്തതിന്‌റെ 10 ശതമാനം പോലും ഇതുവരെ കണ്ടിട്ടില്ല.

അതിശയകരായ സ്‌കോറാണ് അദ്ദേഹം എമ്പുരാനായി ചെയ്തത്. ഇതുവരെ സിനിമയിലെ ഒരു പാട്ടും പുറത്തുവിട്ടിട്ടില്ല. ഗംഭീരപാട്ടുകളാണ് അദ്ദേഹം എമ്പുരാന് വേണ്ടി ഒരുക്കിയത്,’ പൃഥ്വി പറഞ്ഞു.

Content Highlight: Prithviraj about Music Director Deepak Dev and Empuraan

Latest Stories

Video Stories