| Thursday, 22nd August 2024, 9:03 am

ആ സിനിമയിറങ്ങി 15 വര്‍ഷമായി എന്ന് കേള്‍ക്കുമ്പോള്‍ വയസായതുപോലെയാണ് തോന്നുന്നത്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച നടനാണ് പൃഥ്വിരാജ് സുകുമാരന്‍. 22 വര്‍ഷത്തെ കരിയറില്‍ 100ലധികം ചിത്രങ്ങളില്‍ പൃഥ്വി ഭാഗമായിട്ടുണ്ട്. ഈ വര്‍ഷം പുറത്തിറങ്ങിയ ആടുജീവിതത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡും പൃഥ്വി നേടിയിരുന്നു. പൃഥ്വിയുടെ കരിയറിലെ മൂന്നാമത്തെ സംസ്ഥാന അവാര്‍ഡാണിത്. ഒരു തവണ മികച്ച വില്ലനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ സംസ്ഥാന അവാര്‍ഡും പൃഥ്വി നേടിയിട്ടുണ്ട്.

തമിഴില്‍ പൃഥ്വി ചെയ്ത മികച്ച സിനിമകളിലൊന്നാണ് 2007ല്‍ പുറത്തിറങ്ങിയ മൊഴി. രാധാ മോഹന്‍ സംവിധാനം ചെയ്ത സിനിമയില്‍ പ്രകാശ് രാജ്, ജ്യോതിക, സ്വര്‍ണമാല്യ എന്നിവരായിരുന്നു പ്രധാന താരങ്ങള്‍. റോം കോം ഴോണറില്‍ പെടുന്ന ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു പൃഥ്വി കാഴ്ചവെച്ചത്. മൊഴിയെപ്പറ്റി സംസാരിക്കുകയാണ് പൃഥ്വി.

മൊഴി റിലീസ് ചെയ്ത് 15 വര്‍ഷമായി എന്ന് കേള്‍ക്കുമ്പോള്‍ വയസായതുപോലെയാണ് തനിക്ക് തോന്നുന്നതെന്ന് പൃഥ്വി പറഞ്ഞു. ആ സിനിമ തന്നെ സംബന്ധിച്ചിടത്തോളം വളരെ സ്‌പെഷ്യലാണെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു. സംവിധായകന്‍ രാധാമോഹന്‍, പ്രകാശ് രാജ്, ജ്യോതിക, സൂര്യ എന്നിവരുമായുള്ള ബന്ധം ആ സിനിമയില്‍ നിന്നാണ് തനിക്ക് ലഭിച്ചതെന്നും പൃഥ്വി കൂട്ടിച്ചേര്‍ത്തു.

ഇന്നും തന്നോട് മൊഴിയെക്കുറിച്ച് സംസാരിക്കുമ്പോള്‍ ആ സ്‌ക്രിപ്റ്റ് ഒരു റഫറന്‍സ് മെറ്റീരിയലാണെന്ന് താന്‍ പറയുമെന്ന് പൃഥ്വി കൂട്ടിച്ചേര്‍ത്തു. വളരെ കുറച്ച് കഥാപാത്രങ്ങളെവെച്ച് വലിയൊരു വിഷയം കോമഡിയുടെ ബാക്ക്ഗ്രൗണ്ടില്‍ അവതരിപ്പിക്കാമെന്ന് ആ സിനിമ തെളിയിച്ചുവെന്നും പൃഥ്വി പറഞ്ഞു. ഇന്ത്യാഗ്ലിറ്റ്‌സ് തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം പറഞ്ഞത്.

‘മൊഴി റിലീസ് ചെയ്ത് 15 വര്‍ഷമായി എന്ന് പറയുമ്പോള്‍ വയസായതുപോലെയാണ് എനിക്ക് തോന്നുന്നത്. എന്നെ സംബന്ധിച്ച് മൊഴി വളരെ സ്‌പെഷ്യലായിട്ടുള്ള സിനിമയാണ്. ഒരുപാട് ബന്ധങ്ങള്‍ എനിക്ക് മൊഴിയിലൂടെ ലഭിച്ചു. സംവിധായകന്‍ രാധാ മോഹന്‍, പ്രകാശ് രാജ്, ജ്യോതിക, സൂര്യ എന്നിവരുമായുള്ള ബന്ധം തുടങ്ങുന്നത് മൊഴിയിലൂടെയാണ്.

ഇന്നും എന്നോട് മൊഴിയെപ്പറ്റി സംസാരിക്കുമ്പോള്‍ അതിന്റെ സ്‌ക്രിപ്റ്റ് ഒരു റഫറന്‍സ് മെറ്റീരിയലാണെന്ന് ഞാന്‍ പറയും. കാരണം, വളരെ കുറച്ച് കഥാപാത്രങ്ങളെ വെച്ച് ഇവൊക്കേറ്റീവായ ഒരു വിഷയം ഹ്യൂമറിന്റെ ബാക്ക്ഗ്രൗണ്ടില്‍ അവതരിപ്പിക്കുക എന്നത് വലിയൊരു ടാസ്‌കാണ്. അതുകൊണ്ട് മൊഴി എന്ന സിനിമ എനിക്ക് തന്നതിന് രാധാമോഹന്‍, പ്രകാശ് രാജ് എന്നിവരോട് വലിയ നന്ദിയുണ്ട്,’ പൃഥ്വിരാജ് പറഞ്ഞു

Content Highlight: Prithviraj Sukumaran about Mozhi movie

We use cookies to give you the best possible experience. Learn more