ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി അടുത്ത സിനിമയുടെ ഷൂട്ടിങ് തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഞാന്‍; സിനിമയുടെ പ്രൊമോഷനെക്കുറിച്ച് രസകരമായ കമന്റുമായി പൃഥ്വി
Entertainment news
ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി അടുത്ത സിനിമയുടെ ഷൂട്ടിങ് തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഞാന്‍; സിനിമയുടെ പ്രൊമോഷനെക്കുറിച്ച് രസകരമായ കമന്റുമായി പൃഥ്വി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 3rd July 2022, 9:51 pm

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന മാസ് എന്റര്‍ടെയ്‌നര്‍ ചിത്രമാണ് കടുവ. ഷാജി കൈലാസ് ഒരിടവേളക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രം ജൂലൈ ഏഴിനാണ് തിയേറ്ററുകളില്‍ റിലീസ് ചെയ്യുന്നത്.

സംയുക്ത മേനോന്‍ നായികയാകുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്രോയാണ് വില്ലനായെത്തുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന് ശേഷം വിവേക് അഭിനയിക്കുന്ന മലയാള ചിത്രം എന്ന പ്രത്യേകതയും കടുവക്കുണ്ട്.

കടുവയുടെ പ്രൊമോഷന്റെ തിരക്കിലാണ് പൃഥ്വിരാജടക്കമുള്ള താരങ്ങള്‍. സിനിമയുടെ പ്രൊമോഷന്‍ തന്നെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് രസകരമായി സംസാരിക്കുകയാണ് പൃഥ്വിരാജ്. പ്രൊമോഷന്റെ തന്നെ ഭാഗമായി ക്ലബ് എഫ്.എം യു.എ.ഇക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.

”തുറന്ന് പറയുകയാണെങ്കില്‍ ഞാന്‍ ഷൂട്ടിങ് കാരണം ക്ഷീണിക്കാത്ത ആളാണ്. രാവിലെ മുതല്‍ രാത്രി വരെ ഷൂട്ട് ചെയ്താലും ഞാന്‍ പെര്‍ഫക്ട്‌ലി ഫൈന്‍ ആയിരിക്കും.

ഷൂട്ടിങ് കഴിഞ്ഞ് പാക്കപ്പ് കഴിഞ്ഞ് തിരിച്ച് വണ്ടിയില്‍ കയറിയിരിക്കുമ്പോഴാണ് ക്ഷീണം ഞാനറിയുക. അല്ലാതെ ഷൂട്ടിങ് സമയത്ത് എനിക്ക് ക്ഷീണം അറിയാറില്ല.

പക്ഷെ പ്രൊമോഷന്‍സ്… അയ്യോ. പ്രൊമോഷന്‍സ് ശരിക്കും നമ്മളെ ക്ഷീണിപ്പിക്കും.

പ്രൊമോഷന്‍ പരിപാടികളില്‍ രാവിലെ മുതല്‍ രാത്രി വരെ വീണ്ടും വീണ്ടും ഒരേ കാര്യങ്ങള്‍ തന്നെയാണ് പറഞ്ഞ് കൊണ്ടിരിക്കുന്നത്. പക്ഷെ ഇപ്പൊ ഈ ഇന്റര്‍വ്യൂ കാണുന്ന, ഈ ഇന്റര്‍വ്യൂ മാത്രം കാണുന്ന ആള്‍ക്കാര്‍ക്ക്, ഞങ്ങള്‍ ഇത് മെക്കാനിക്കലി എന്തോ ചെയ്യുകയാണ് പറയുകയാണ് എന്ന് തോന്നരുത്.

അതുകൊണ്ട് നമ്മള്‍ നമ്മുടെ സെന്‍സസില്‍ തന്നെയായിരിക്കണം.

അതുകൊണ്ട് പ്രൊമോഷന്‍സ് എന്നെ സംബന്ധിച്ച് ശരിക്കും ക്ഷീണം പരിപാടിയാണ്. പക്ഷെ, കഴിഞ്ഞ ഒരാഴ്ചയായി നോണ്‍ സ്‌റ്റോപ്പായി ഞങ്ങള്‍ ഇത് തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്.

ക്രേസ് ട്രാവലിങ്ങ് കൂടിയാണ്. ഒരു സിറ്റിയില്‍ നിന്ന് മറ്റേ സിറ്റിയിലേക്ക്. ദുബായ്, കൊച്ചി അത് ഇത്. ഞാന്‍ ക്ഷീണിതനാണ്.

ഒന്ന് റിലാക്‌സ് ചെയ്യാന്‍ വേണ്ടി അടുത്ത സിനിമയുടെ ഷൂട്ടിങ്ങ് തുടങ്ങാന്‍ കാത്തിരിക്കുകയാണ് ഞാന്‍,” പൃഥ്വിരാജ് പറഞ്ഞു.

കടുവക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ പൃഥ്വിരാജ് എത്തുന്നത്.

മലയാളത്തിന് പുറമേ തമിഴ്, കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ പുറത്തിറങ്ങാനിരിക്കുന്ന കടുവ നിര്‍മിച്ചിരിക്കുന്നത് മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ്.

ജിനു എബ്രഹാമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ജേക്സ് ബിജോയ് ആണ് സംഗീത സംവിധാനം.

സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സീമ, പ്രിയങ്ക എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.

Content Highlight: Prithviraj about movie promotions, says it is too tiring for him