ലാലേട്ടനില്‍ നിന്നും മമ്മൂക്കയില്‍ നിന്നും പഠിക്കാനുള്ളത് ഈ കാര്യമാണ്; അവര്‍ക്ക് ഒന്നും തെളിയിക്കാനോ ആരെയും ബോധ്യപ്പെടുത്താനോ ഇല്ല: പൃഥ്വിരാജ്
Entertainment news
ലാലേട്ടനില്‍ നിന്നും മമ്മൂക്കയില്‍ നിന്നും പഠിക്കാനുള്ളത് ഈ കാര്യമാണ്; അവര്‍ക്ക് ഒന്നും തെളിയിക്കാനോ ആരെയും ബോധ്യപ്പെടുത്താനോ ഇല്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 24th April 2022, 9:28 am

പൃഥ്വിരാജ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ജന ഗണ മന റിലീസിന് തയ്യാറെടുത്തിരിക്കുകയാണ്. ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്യുന്ന സിനിമയില്‍ സുരാജ് വെഞ്ഞാറമൂട്, മമ്ത മോഹന്‍ദാസ്, ശാരി, വിന്‍സി അലോഷ്യസ്, ധ്രുവ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മലയാളം ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍, മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള തന്റെ അഭിപ്രായങ്ങള്‍ തുറന്ന് പറയുകയാണ് ഇപ്പോള്‍ പൃഥ്വിരാജ്.

ലാലേട്ടനൊപ്പവും മമ്മൂക്കക്കൊപ്പവും വര്‍ക്ക് ചെയ്തപ്പോള്‍ അവരില്‍ നിന്നും എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പൃഥ്വി.

”രണ്ട് പേരില്‍ നിന്നും, ഇന്‍ എ ബ്രോഡര്‍ സെന്‍സ് പഠിക്കാനുള്ളത് ഒരേ കാര്യം തന്നെയാണ്. ഹാര്‍ഡ് വര്‍ക്ക് വില്‍ നെവര്‍ സ്റ്റോപ്പ്, ഹാര്‍ഡ് വര്‍ക്ക് ഒരിക്കലും അവസാനിക്കില്ല, എന്ന കാര്യം.

കുറച്ച് കാലം വര്‍ക്ക് ചെയ്തിട്ട് ബാക്കി ജീവിതം ഒരു വെക്കേഷന്‍ ജോലി ചെയ്യാതെ സുഖമായിട്ട് ജീവിക്കുക, എന്ന് പറയുന്ന അവസ്ഥ സിനിമയിലില്ല. സിനിമയില്‍ നിങ്ങള്‍ അപ്‌ഡേറ്റ് ആയിക്കൊണ്ടിരിക്കണം. വര്‍ക്ക് ചെയ്തുകൊണ്ടിരിക്കണം.

സിനിമയില്‍ നിലനില്‍ക്കണമെങ്കില്‍, ചെയ്യുന്ന ഹാര്‍ഡ് വര്‍ക്ക് ആദ്യത്തെ സിനിമയിലും അഞ്ഞൂറാമത്തെ സിനിമയിലും ഒന്ന് തന്നെയാണ്. അഞ്ഞൂറ് സിനിമ ചെയ്തതുകൊണ്ട് ഇനി കുറച്ച് ജോലി ചെയ്താല്‍ മതി എന്ന് വിചാരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് അഞ്ഞൂറ്റിയൊന്നാമത്തെ സിനിമ ചെയ്യാന്‍ പറ്റില്ല.

അതാണ് ഇവരുടെ രണ്ട് പേരുടെ അടുത്ത് നിന്നും പഠിക്കേണ്ട ഏറ്റവും വലിയ കാര്യം. അവര്‍ ലെജന്റ്‌സ് ആണ്. അവര്‍ക്ക് ഇപ്പോള്‍ ഒന്നും തെളിയിക്കാനില്ല. നല്ല നടന്മാരാണെന്നോ വലിയ താരങ്ങളാണല്ലോ എന്ന് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല. പക്ഷെ ഇപ്പോഴും ഒരു സിനിമക്ക് വേണ്ടി അവര്‍ എടുക്കുന്ന എഫര്‍ട്ട്, അവരുടെ പ്രയത്‌നം എന്ന് പറയുന്നത് തീര്‍ത്തും ഇന്‍സ്പയറിങ്ങ് ആണ്,” പൃഥ്വിരാജ് പറഞ്ഞു.

മോഹന്‍ലാലിനെ വെച്ച് ലൂസിഫര്‍, ബ്രോ ഡാഡി എന്നിങ്ങനെ രണ്ട് സിനിമകള്‍ പൃഥ്വിരാജ് സംവിധാനം ചെയ്തിട്ടുണ്ട്.

ഏപ്രില്‍ 28ന് തിയേറ്റര്‍ റിലീസിനൊരുങ്ങുന്ന ജന ഗണ മനയുടെ സംഗീത സംവിധാനം ജേക്‌സ് ബിജോയ് ആണ്.

പൃഥ്വിരാജ് പ്രൊഡക്ഷന്സും മാജിക് ഫ്രെയിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ഷാരിസ് മുഹമ്മദ് ആണ് സിനിമയുടെ രചന. ക്യാമറ സുദീപ് ഇളമണ്‍

Content Highlight: Prithviraj about Mohanlal and Mammootty