|

രാജ്യത്തെ ഫൈനസ്റ്റ് ആക്ടറിൽ ഒരാളായിട്ടും ഷോട്ടിന് മുമ്പ് ലാലേട്ടൻ അതിനെകുറിച്ച് ചോദിക്കും: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍. 2019ല്‍ പുറത്തിറങ്ങിയ ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാന്‍ ഒരുങ്ങുന്നത്. തന്റെ ഇഷ്ടനടനെ കാണാനാഗ്രഹിക്കുന്ന രീതിയില്‍ പൃഥ്വിരാജ് ആദ്യചിത്രത്തില്‍ തന്നെ അവതരിപ്പിച്ചത് പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. ആ വര്‍ഷത്തെ ഏറ്റവും വലിയ വിജയമായി ലൂസിഫര്‍ മാറി. ആദ്യഭാഗത്തെക്കാള്‍ വലിയ രീതിയിലാണ് പൃഥ്വിരാജ് എമ്പുരാന്‍ അണിയിച്ചൊരുക്കുന്നത്.

ചിത്രത്തിന്റെ ഓരോ അപ്‌ഡേറ്റും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരുന്നു. അടുത്ത വർഷം മാർച്ചിൽ ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തും. ലൂസിഫറിന്റെ ലൊക്കേഷൻ അനുഭവങ്ങൾ പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

മോഹൻലാൽ ഒരു ലെജൻഡാണെന്നും ഇന്ത്യയിലെ മികച്ച നടന്മാരിൽ ഒരാളായിട്ടും ഓരോ ഷോട്ടിനും മോഹൻലാൽ തന്നോട് സംശയം ചോദിക്കുമായിരുന്നുവെന്നും പൃഥ്വിരാജ് പറയുന്നു. എത്ര ടേക്ക് വേണമെങ്കിലും എടുക്കാൻ മോഹൻലാൽ ഓക്കെയാണെന്നും പൃഥ്വി പറഞ്ഞു.

‘വലിയ നടന്മാരെല്ലാം പൂർണമായും അവരെ തന്നെ ഫിലിം മേക്കറിൽ സമർപ്പിക്കുന്നവരാണ്. മോഹൻലാൽ സാർ ഒരു ലെജൻഡാണ്. നമ്മുടെ രാജ്യത്തുള്ളതിൽ ഫൈനസ്റ്റ് ആക്ടറിൽ ഒരാളാണ് അദ്ദേഹം. ഒരു തിരക്കഥ വായിച്ചാൽ എന്താണ് വേണ്ടതെന്ന് മനസിലാക്കുന്ന നടനാണ് ലാൽ സാർ.

പക്ഷെ അദ്ദേഹം എപ്പോഴും എന്റെ അടുത്തേക്ക് വന്ന് കഥാപാത്രത്തെ കുറിച്ച് ചോദിക്കും. സാർ ഞാൻ എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ലാൽ സാർ ചോദിക്കും. നമ്മൾ വെറുതെ ഇരിക്കുന്ന സമയങ്ങളിലും തമാശ പറയുമ്പോഴുമെല്ലാം അദ്ദേഹം എന്നെ മോനേയെന്നാണ് വിളിക്കാറുള്ളത്. പക്ഷെ ക്യാമറക്ക് മുമ്പിലേക്ക് പോവുന്ന നിമിഷം മുതൽ അദ്ദേഹം എന്നെ സാർ എന്നാണ് വിളിക്കുക.

അത് വളരെ നാച്ചുറലായി അദ്ദേഹത്തിന്റെ ഉള്ളിൽ നിന്ന് വരുന്നതാണ്. കാരണം സംവിധായകരെ അത്രയും വലിയ സ്ഥാനത്തിലാണ് അദ്ദേഹം കാണുന്നത്. ഞാൻ ലാലേട്ടനെ വെച്ച് ഒരു ഷോട്ട് പതിനേഴോ പതിനെട്ടോ തവണ റീ ടേക്ക് ചെയ്തിട്ടുണ്ട്. പക്ഷെ ഒരിക്കൽ പോലും എന്തിനാണ് റീ ടേക്ക് എടുക്കുന്നതെന്ന് അദ്ദേഹം ചോദിച്ചിട്ടില്ല. ഞാൻ ഇനിയും ഷോട്ട് എടുക്കണമെന്ന് പറഞ്ഞാൽ അദ്ദേഹം ഓക്കേ സാർ എന്നാണ് പറയുക. നമ്മൾ എല്ലാവരും അദ്ദേഹത്തിൽ നിന്ന് പഠിക്കേണ്ട ഒരു പാഠമാണത്,’പൃഥ്വിരാജ് പറയുന്നു.

Content Highlight: Prithviraj About Mohanlal And Empuran Movie