മോഹന്‍ലാല്‍-പൃഥ്വിരാജ് കോമ്പോയില്‍ രണ്ട് ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ മമ്മൂട്ടിയെ വെച്ച് എന്നാണ് ഒരു ചിത്രം പൃഥ്വിരാജ് സംവിധാനം ചെയ്യുകയെന്ന ഒരു ചോദ്യം ആരാധകര്‍ ഉയര്‍ത്തിയിരുന്നു.
ലൂസിഫറും ബ്രോ ഡാഡിയും അതിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനും അണിയറയില്‍ ഒരുങ്ങുമ്പോള്‍ മമ്മൂട്ടി ചിത്രത്തിനായുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഇപ്പോള്‍ അതിനൊരു മറുപടിയുമായി എത്തുകയാണ് പൃഥ്വിരാജ്.
മമ്മൂക്കയെ വെച്ച് എന്ന് ഒരു സിനിമ എടുക്കും എന്ന് ചോദിച്ചാല്‍ അങ്ങനെ കൃത്യം ഒരു ഡേറ്റൊന്നും തനിക്ക് പറയാന്‍ കഴിയില്ലെന്നും എങ്കിലും മമ്മൂക്കയ്ക്ക് വേണ്ടിയുള്ള ഒരു കഥ തന്റെ മനസിലുണ്ടെന്നുമാണ് പൃഥ്വിരാജ് പറഞ്ഞത്.
ഞങ്ങളുടെ മനസില്‍ ഒരു കഥയുണ്ട്. അത് ഒന്ന് ഫ്‌ളഷ് ഔട്ട് ചെയ്ത ശേഷം മമ്മൂക്കയുടെ അടുത്ത് പോയി കഥ പറയണം. പിന്നെ എന്റെ സമയം ഒരു പ്രശ്‌നമാണ്. ആക്ടിങ്ങിന്റെ ഇടയില്‍ നിന്നൊരു സമയം കണ്ടെത്തിയിട്ട് വേണം ഫിലിം മേക്കിങ് ചെയ്യാന്‍.
അപ്പോള്‍ എന്ന് സംഭവിക്കുമെന്ന് എനിക്ക് അറിയില്ല. മമ്മൂക്കയെ വെച്ച് ഒരു സിനിമ എന്ന ഒരു ആഗ്രഹം മനസിലുണ്ട്. ഒപ്പം ഒരു ഐഡിയയും ഉണ്ട്. നടക്കുമായിരിക്കും, പൃഥ്വിരാജ് പറഞ്ഞു.
കുരുതി പോലൊരു സിനിമ നിര്‍മിക്കാനുള്ള ധൈര്യം എന്തായിരുന്നെന്ന ചോദ്യത്തിന് തനിക്ക് ആ കഥ ഇഷ്ടപ്പെട്ടെന്നും അത് നല്ലൊരു സിനിമ ആവുമെന്നും തനിക്ക് തോന്നിയെന്നും അതുകൊണ്ടാണ് ആ സിനിമ പ്രൊഡ്യൂസ് ചെയ്യാന്‍ തീരുമാനിച്ചതെന്നുമായിരുന്നു പൃഥ്വിരാജിന്റെ മറുപടി.
നിങ്ങള്‍ ഒരു സിനിമ കാണുമ്പോള്‍, അതിനകത്തെ ഓരോ സ്‌പെസിഫിക് കാര്യങ്ങളും ഒരു ജനറല്‍ സ്റ്റേറ്റ്‌മെന്റാണ് എന്ന് തെറ്റിദ്ധരിക്കുന്നതുകൊണ്ടാണ്. നിങ്ങള്‍ ഒരു പ്രത്യേക ക്യാരക്ടറിനെ കാണിച്ചു, അയാള്‍ ഇങ്ങനെയാണ്. ഓഹോ അപ്പോള്‍ നിങ്ങള്‍ പറയുന്നത് അത്തരത്തിലുള്ള എല്ലാ ആള്‍ക്കാരും അങ്ങനെയാണെന്നാണോ, അല്ല. അത്തരത്തിലുള്ള ഒരാളെ കുറിച്ചുള്ള സിനിമയാണ് അത്.
ഒരാളെ അത്തരത്തില്‍ കാണിച്ചതുകൊണ്ട് എല്ലാവരും അങ്ങനെ ആണെന്ന് സിനിമ പറയുന്നില്ല. സിനിമ മാത്രമല്ല എല്ലാ അര്‍ത്ഥത്തിലും കലയെന്നത് രാഷ്ട്രീയവത്ക്കരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇത്. അല്ലാതെ ഇത് അടുത്തിടെ തുടങ്ങിയതല്ല. ഒരു പൊളിറ്റിക്കല്‍ സ്റ്റേറ്റ്‌മെന്റ് നടത്താന്‍ വേണ്ടി ഞങ്ങളാരും കോടികള്‍ മുടക്കില്ല. ഞങ്ങള്‍ക്കെന്താ വട്ടാണോ, പൃഥ്വിരാജ് ചോദിച്ചു.
മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ സിനിമയായിരുന്നു ബ്രോ ഡാഡി. ശ്രീജിത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. മോഹന്‍ലാലിനൊപ്പം, പൃഥ്വിരാജ്, മീന, കനിഹ, കല്യാണി പ്രിയദര്‍ശന്‍, സൗബിന്‍ ഷാഹിര്‍, മല്ലിക സുകുമാരന്‍, ഉണ്ണി മുകുന്ദന്‍ എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ജനുവരി 26ന് ഹോട്ട്സ്റ്റാറിലായിരുന്നു ചിത്രം റിലീസ് ചെയ്തത്.
Content Highlight: Prithviraj about Mammootty Movie