| Wednesday, 11th January 2023, 3:42 pm

അക്കാര്യത്തില്‍ ഇന്ദ്രജിത്താണ് മുമ്പില്‍, പിന്നെ അങ്ങനെ കണ്ടിട്ടുള്ളത് മമ്മൂക്കയിലാണ്: പൃഥ്വിരാജ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തന്റെ സഹോദരന്‍ ഇന്ദ്രജിത്തും മമ്മൂട്ടിയും കുടുംബത്തോട് ചേര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹിക്കുന്നവരാണ് എന്ന് പറയുകയാണ് നടന്‍ പൃഥ്വിരാജ്. ആളുകള്‍ ചുറ്റുമുള്ളത് ഒരുപാട് ആസ്വദിക്കുന്ന വ്യക്തിയാണ് മമ്മൂട്ടിയെന്നും അദ്ദേഹത്തിന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ വലിയ സന്തോഷമാകുമെന്നും പൃഥ്വിരാജ് പറഞ്ഞു.

ക്ലബ്ബ് എഫ്.എം. ദുബായ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് പൃഥ്വിരാജിന്റെ പരാമര്‍ശങ്ങള്‍. നടി അപര്‍ണ ബാലമുരളിയും അദ്ദേഹത്തിനൊപ്പം അഭിമുഖത്തിനെത്തിയിരുന്നു.

സിനിമാ ഇന്‍ഡസ്ട്രിയില്‍ ഫാമിലി മാനായി നില്‍ക്കുന്നത് ആരാണെന്നായിരുന്നു അവതാരകയുടെ ചോദ്യം. ‘എന്റെ ചേട്ടന്‍ ഒരു ഫാമിലി മാനാണ്. പിന്നെ മമ്മൂക്കയും അങ്ങനെയാണെന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ഒന്നിച്ചിരിക്കുന്നത് അദ്ദേഹത്തിന് ഇഷ്ടമാണ്. ആളുകള്‍ ചുറ്റുമുള്ളത് ഒരുപാട് ആസ്വദിക്കുന്ന വ്യക്തിയാണ് മമ്മൂക്ക. മമ്മൂക്കയുടെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ പോയാല്‍ അദ്ദേഹത്തിന് ഭയങ്കര സന്തോഷമാണ്,’ പൃഥ്വിരാജ് പറഞ്ഞു.

ഡ്രെസിങ് സ്‌റ്റൈലില്‍ ഭയങ്കരമായി ശ്രദ്ധിക്കുന്ന താരമാരാണെന്ന ചോദ്യത്തിന് ദുല്‍ഖര്‍ ഭയങ്കര ഫാഷന്‍ കോണ്‍ഷ്യസ് ആണെന്നാണ് പൃഥ്വിരാജ് മറുപടി നല്‍കിയത്. സാനിയ പല സ്റ്റൈല്‍ ട്രൈ ചെയ്യുന്ന ആളാണെന്നായിരുന്നു ഈ ചോദ്യത്തോടുള്ള അപര്‍ണയുടെ മറുപടി.

മെസി വേള്‍ഡ് കപ്പ് പിടിച്ചു കിടന്നുറങ്ങുന്നത് കണ്ടില്ലേ, ജീവിതത്തില്‍ അങ്ങനെ ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുന്നത്, കെട്ടിപ്പിടിച്ച് കിടന്നുറങ്ങുന്നത് എന്തിനെയായിരിക്കും എന്ന ചോദ്യത്തിന് അങ്ങനെ പിടിച്ച് കിടന്നുറങ്ങാറുള്ളത് തന്റെ മോളെയാണ് എന്നാണ് പൃഥ്വിരാജ് പ്രതികരിച്ചത്.

കാപ്പയാണ് ഒടുവില്‍ റിലീസ് ചെയ്ത പൃഥ്വിരാജിന്റെ ചിത്രം. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് ജി. ഇന്ദുഗോപനാണ്. അപര്‍ണ ബാലമുരളി നായികയായ ചിത്രത്തില്‍ അന്ന ബെന്‍, ആസിഫ് അലി, ദിലീഷ് പോത്തന്‍, ജഗദീഷ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlight: prithviraj about mammootty and indrajith

We use cookies to give you the best possible experience. Learn more