ലിജോ ബ്രില്യന്റായി ചെയ്ത സിനിമ, പക്ഷെ പ്രേക്ഷകർക്ക് കണക്ട് ആയില്ല: പൃഥ്വിരാജ്
Entertainment
ലിജോ ബ്രില്യന്റായി ചെയ്ത സിനിമ, പക്ഷെ പ്രേക്ഷകർക്ക് കണക്ട് ആയില്ല: പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 6th November 2024, 9:56 am

നന്ദനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് കടന്ന് വന്ന് ഇന്ന് ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ ഒരു സ്ഥാനം അലങ്കരിക്കുന്ന നടനാണ് പൃഥ്വിരാജ് സുകുമാരൻ. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി തുടങ്ങിയ വിവിധ ഭാഷകളിൽ അഭിനയിച്ച പൃഥ്വി നിരവധി സംവിധായകരോടൊപ്പം വർക്ക് ചെയ്തിട്ടുണ്ട്.

ഒരു സിനിമ ബോക്സ് ഓഫീസിൽ പരാജയപ്പെടുകയാണെങ്കിൽ അത് പ്രേക്ഷകർക്ക് കണക്ട് ആവാത്തത് കൊണ്ടാണ് എന്നാണ് പൃഥ്വിരാജ് പറയുന്നത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. മുൻപ് അഭിനയിച്ച ഏതെങ്കിലും ചിത്രത്തെ കുറിച്ച് വീണ്ടും ആലോചിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

താൻ അഭിനയിച്ച ചിത്രങ്ങളിൽ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത സിറ്റി ഓഫ് ഗോഡ് തന്റെ ഫേവറീറ്റ് ആണെന്നും അത് ബോക്സ്‌ ഓഫീസിൽ വർക്ക്‌ ആയില്ലെന്നും പൃഥ്വിരാജ് പറയുന്നു. ആ സമയത്തെ പ്രേക്ഷകർക്ക് സിനിമ കണക്ട് ആയില്ലെന്നും താരം കൂട്ടിച്ചേർത്തു.

‘ഒരു സിനിമ വർക്ക് ആയില്ലെങ്കിൽ അതിന്റെ അർത്ഥം ആ സിനിമ പ്രേക്ഷകരുമായി കണക്ട് ആയില്ല എന്നാണ്. നമ്മൾ സിനിമകൾ ഉണ്ടാക്കേണ്ടത് പ്രേക്ഷകരുമായി കണക്ട് ചെയ്യാൻ വേണ്ടി തന്നെയാണ്. എന്റെ സിനിമാ ജീവിതത്തിൽ ഞാൻ അഭിനയിച്ചതിൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു സിനിമയുണ്ട് സിറ്റി ഓഫ് ഗോഡ്. അതിന്റെ സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

എനിക്ക് ഒരുപാട് ഇഷ്ടമാണ് ആ സിനിമ. അതിലെ എന്റെ കഥാപാത്രവും എന്റെ ഫേവറീറ്റാണ്. ലിജോ ബ്രില്യന്റ് ആയി ചെയ്ത സിനിമയാണത്. പക്ഷെ അത് തിയേറ്ററുകളിൽ വർക്കായില്ല.
അതൊരു നല്ല സിനിമയായിരുന്നു എന്ന് എനിക്ക് പറയാൻ കഴിയും. അതൊരു മികച്ച ചിത്രമാണ്. പക്ഷെ അത് തിയേറ്ററിൽ വർക്ക് ആയില്ല, അതുകൊണ്ട് തന്നെ ആ സമയത്ത് പ്രേക്ഷകരുമായി ആ ചിത്രം കണക്ട് ആയില്ല,’ പൃഥ്വിരാജ് പറയുന്നു.

അതേസമയം മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായ എമ്പുരാന്റെ പണിപ്പുരയിലാണ് പൃഥ്വി. ലൂസിഫറിന്റെ രണ്ടാംഭാഗമായ ഈ മോഹൻലാൽ ചിത്രം അടുത്ത വർഷമാവും തിയേറ്ററിൽ എത്തുക.

Content Highlight: Prithviraj About Lijo Jose Pellissery’s City Of God