മാസ് മസാല പടങ്ങള്‍ അന്യ ഭാഷയില്‍ ആസ്വദിക്കേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്; പൃഥ്വിരാജ്
Entertainment news
മാസ് മസാല പടങ്ങള്‍ അന്യ ഭാഷയില്‍ ആസ്വദിക്കേണ്ട അവസ്ഥയാണ് മലയാളികള്‍ക്ക്; പൃഥ്വിരാജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th June 2022, 4:47 pm

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായി ജൂണ്‍ 30നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി ഹൈദരാബാദില്‍ നടത്തിയ പ്രസ് മീറ്റിലാണ് മലയാള സിനിമ നിലവില്‍ നേരിടുന്ന മാസ് ചിത്രങ്ങളുടെ കുറവിനെ പറ്റി പൃഥ്വിരാജ് പറഞ്ഞത്. മലയാളികള്‍ക്ക് മാസ് മസാല പടങ്ങള്‍ ആസ്വദിക്കണമെങ്കില്‍ അന്യ ഭാഷയെ ആശ്രയിക്കണമെന്നാണ് പൃഥ്വിരാജ് പറഞ്ഞത്.

‘മികച്ച ചിത്രങ്ങളാണ് മലയാളത്തില്‍ ഉണ്ടാകുന്നത്. കാലിക പ്രസക്തിയുള്ള, കലാമൂല്യമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ ഉണ്ടാകുന്നുണ്ട്. എന്നാല്‍ മാസ് ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് ഉണ്ടാകുന്നില്ല. മാസ് മസാല ആക്ഷന്‍ ചിത്രങ്ങള്‍ ആസ്വദിക്കണമെങ്കില്‍ തമിഴ് സിനിമയോ, തെലുങ്കോ, കന്നഡയോ കാണണ്ടേ സാഹചര്യമാണ് മലയാളികള്‍ക്കുള്ളത്.’; പൃഥി പറയുന്നു.

വിവേക് ഒബ്രോയിയും സംയുക്ത മേനോനും പ്രൊമോഷനില്‍ പങ്കെടുത്തിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഷാജി കൈലാസ് സംവിധാനത്തിലേക്ക് തിരികെയെത്തുന്ന ചിത്രമാണ് കടുവ. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നിവയുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

Content Highlight : Prithviraj about lack of mass masala movies in Malayalam filim industry