ലീഡ് റോൾ വേണ്ടെന്ന് പറഞ്ഞ സിനിമയെക്കുറിച്ച് സംസാരിക്കുകയാണ് പൃഥ്വിരാജ്. കുരുതി സിനിമയിൽ റോഷൻ മാത്യു ചെയ്ത ക്യാരക്ടറാണ് തന്നോട് ചെയ്യാൻ പറഞ്ഞെതെന്നും എന്നാൽ താനത് ചെയ്യില്ലെന്ന് പറഞ്ഞെന്നും പൃഥ്വിരാജ് പറഞ്ഞു. തനിക്ക് വില്ലൻ കഥാപാത്രമാണ് ചെയ്യേണ്ടതെന്നും ലീഡ് ചെയ്യേണ്ടെന്നും സംവിധായകനെ പറഞ്ഞു മനസിലാക്കാൻ സമയമെടുത്തെന്നും പൃഥ്വിരാജ് പറഞ്ഞു. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.
‘കുരുതി സിനിമയിലെ റോഷൻ ചെയ്ത ഇബ്രാഹിം എന്ന കഥാപാത്രം ആയിരുന്നു എന്നോട് ആദ്യം ചെയ്യാൻ പറഞ്ഞിരുന്നത്. സംവിധായകർ എന്നെ സമീപിച്ചത് ആ കഥാപാത്രം ചെയ്യാൻ വേണ്ടിയിട്ടായിരുന്നു. പക്ഷേ ഞാനാണ് അത് ചെയ്യില്ല എന്ന തീരുമാനം എടുത്തത്.
എന്നെപ്പോലെയുള്ള ഒരാളല്ല അത് ചെയ്യേണ്ടതെന്നും അധികം സ്റ്റാർഡം അല്ലാത്ത ഒരു നടനാണ് അത് ചെയ്യേണ്ടത് എന്നും പറഞ്ഞു. എനിക്ക് സംവിധായകൻ മനുവിനോട് ഞാൻ വില്ലൻ കഥാപാത്രമാണ് ചെയ്യുന്നതെന്നും മെയിൻ ക്യാരക്ടർ ചെയ്യാൻ താത്പര്യമില്ലെന്നും പറഞ്ഞു മനസ്സിലാക്കാൻ ഒരുപാട് സമയം എടുത്തു.
അതുപോലെതന്നെ അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലും ഞാൻ ഒരു ചെറിയ കാമിയോ റോൾ മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരു സിനിമയ്ക്ക് എന്താണോ എന്നിൽ നിന്നും വേണ്ടത് അതിനാണ് ഞാൻ ഇംപോർട്ടൻസ് കൊടുക്കുന്നത്. അല്ലാതെ എന്റെ കഥാപാത്രത്തിന്റെ സ്ക്രീൻ സ്‌പേസിനല്ല,’ പൃഥ്വിരാജ് പറഞ്ഞു.
സിനിമാ ലോകം ഏറെ പ്രതീക്ഷയോടെയും ആകാംഷയോടെയും കാത്തിരിക്കുന്ന സലാറാണ് പൃഥ്വിരാജിന്റെ പുതിയ ചിത്രം. പ്രഭാസ്, പൃഥ്വിരാജ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം പ്രശാന്ത് നീലാണ് സംവിധാനം ചെയ്യുന്നത്.
സലാറില്‍ റിബല്‍ സ്റ്റാര്‍ പ്രഭാസ് – മലയാളികളുടെ പ്രിയ താരം പൃഥ്വിരാജ് സുകുമാരന്‍ എന്നീ കൂട്ടുകെട്ടിന് പുറമെ ശ്രുതി ഹാസന്‍, ജഗപതി ബാബു, ടിന്നു ആനന്ദ്, ഈശ്വരി റാവു, ശ്രീയ റെഡ്ഡി, രാമചന്ദ്ര രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. വന്‍ താര നിര തന്നെയാണ് ചിത്രത്തിലുള്ളത്. ചിത്രം ഡിസംബർ 22ന് തിയേറ്ററുകളിലെത്തും.
Content Highlight: Prithviraj about kuruthi movie’s character